മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 37 ലക്ഷം രൂപയുടെ കുങ്കുമപ്പൂവും 385 ഗ്രാം സ്വര്‍ണ്ണവും പിടികൂടി. കാസര്‍കോട് സ്വദേശികളായ അഹമ്മദ് കബീര്‍ (33), മുഹമ്മദുണ്ണി (44) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് 16 കിലോഗ്രാം കുങ്കുമപ്പൂവും വിദേശ സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ചത്.
വിലകൂടിയ ഗ്രേഡ് വണ്‍ ഇറാനിയന്‍ കുങ്കുമപ്പൂവാണ് പിടിച്ചെടുത്തത്. 25 ഗ്രാം വീതമുള്ള ചെറുപാക്കറ്റുകളാക്കി ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ്.
ഉത്തരേന്ത്യന്‍ വിപണിയില്‍ കിലോഗ്രാമിന് രണ്ട് ലക്ഷം രൂപവരെ വിലമതിക്കും. ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് കസ്റ്റംസ് അധികൃതര്‍ വില നിശ്ചയിച്ചിരിക്കുന്നത്.
കാസര്‍കോടു സ്വദേശിയായ അഷറഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ ദേര്‍ നൈസ് സൂക്ക് ടെക്സ്റ്റയില്‍സില്‍ നിന്നുമാണ് കുങ്കുമപ്പൂവും സ്വര്‍ണ്ണവും ഇവരുടെ പക്കല്‍ കൊടുത്തയച്ചത്.
40 ദിവസം മുമ്പാണ് മുഹമ്മദുണ്ണി ദുബായിലേക്ക് പോയത്. തിരികെനാട്ടിലെത്താന് വിമാന ടിക്കറ്റ് സൗജന്യമായി അഷറഫ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് പ്രതികള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വിമാനത്താവളത്തിലെ സ്കാനിംഗ് പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പാത്രത്തിന്റെ സ്റ്റീല്‍ കൈപ്പിടിയെന്ന വ്യാജേനയും മുടിചുരുട്ടാന് ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ദണ്ഡുകളെന്ന വ്യാജേനയും, ബാഗിന്റെ കൈപ്പിടികള്ക്കുള്ളില് ദണ്ഡുകളായും സ്വര്‍ണ്ണം ഒളിപ്പിച്ച നിലയിലായിരുന്നു.
എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് ഓഫീസര്‍ ലോഖേഷ് ദാമര്‍, ഓഫീസര്‍മാരായ ആനന്ദ് വിക്രം സിംഗ്, രാജീവ് രഞ്ചന്‍, അജയ് റായ്, പി.പ്രദീപ്കുമാര്‍, ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, സി.സി.രഞ്ജിത്ത്, എന്‍.എം.അരുണ്‍ പ്രസാദ്, യു.ബാലന് എന്നിവരുടെ നേതൃത്വത്തിലാണ് കുങ്കുമപ്പൂവും സ്വര്‍ണ്ണവും പിടിച്ചെടുത്തത്. തുടര്‍നടപടികള്‍ കാസര്‍കോട്, കാഞ്ഞങ്ങാട് കസ്റ്റംസ് പ്രിവന്റീവ് ഓഫീസുകളുടെ ആഭിമുഖ്യത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: