വടക്കാഞ്ചേരി: സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ വടക്കാഞ്ചേരിയും മുണ്ടത്തിക്കോടും ചേര്‍ന്ന് പുതിയ നഗരസഭ രൂപം കൊള്ളുമ്പോള്‍ പ്രതീക്ഷയെക്കാളേറെ ഉയരുന്നത് ആശങ്കകള്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നഗരസഭാ രൂപീകരണത്തിന് അനുമതി നല്‍കിയത്. നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്താകുമെന്നാണ് പ്രധാന ആശങ്ക. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ചാണ് മിക്ക പദ്ധതികളും തുടങ്ങിയിരിക്കുന്നത്. ഇവയെല്ലാം പാതിവഴി പോലുമെത്താതെ നിശ്ചലാവസ്ഥയിലുമാണ്.
ബസ്റ്റാന്റ്, ഓട്ടുപാറ മാര്‍ക്കറ്റ്, മാലിന്യസംസ്കരണ പദ്ധതി തുടങ്ങിയവയുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുത്തി നഗരസഭ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും അവണൂര്‍ പഞ്ചായത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അവണൂര്‍ വെട്ടിമുറിക്കാതെ പൂര്‍ണമായും നഗരസഭയില്‍ ഉല്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
മെഡിക്കല്‍ കോളേജ്, വ്യവസായ എസ്റ്റേറ്റ് എന്നിവ രണ്ടിടങ്ങളിലായി വരുമാനത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കും. സാധാരണക്കാര്‍ ഏറെയുള്ള പഞ്ചായത്തുകള്‍ നഗരസഭയാകുമ്പോള്‍ അധിക നികുതി നിര്‍ദ്ദേശം തിരിച്ചടിയാകും. അവണൂര്‍ പഞ്ചായത്തിലെ വെളപ്പായ വില്ലേജ് പുതിയ നഗരസഭയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസിലെ തമ്മിലടി മൂലം നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: