ശബരിമല: റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ ദേവസ്വം ബോര്‍ഡ് നിയമനം വൈകിക്കുന്നതായി ആക്ഷേപം. 2011 ല്‍ 750 ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയില്‍ ഒരു ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് എഴുതിയത്. റാങ്ക് ലിസ്റ്റ് 2011 സപ്തംബറില്‍ നിലവില്‍ വന്നു.
ഇതുപ്രകാരം വാച്ചര്‍, കഴകം, തളി, ലാവണങ്ങളിലെ ഒഴിവുകള്‍ നികത്താതെ കാലതാമസം വരുത്തുകയായിരുന്നു. റാങ്ക് ലിസ്റ്റിലുള്ള ചിലര്‍ നിയമനം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് കമ്മീഷന് ദേവസ്വം ബോര്‍ഡിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ആഗസ്റ്റില്‍ ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തളി തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്നും 107 പേര്‍ക്ക് നിയമനം നല്‍കിയെന്നും ഇനിയും ഈ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ നിയമപരമായി ബാദ്ധ്യതയില്ലെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് നല്കി.
എന്നാല്‍ ഇതിനുശേഷം 2013 സപ്തംബറില്‍ ആദ്യം നല്കിയ റിപ്പോര്‍ട്ട് തെറ്റായിരുന്നുവെന്നും കഴകം തസ്തികയിലേക്ക് 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം നല്‍കിയതെന്നും 79 റാങ്കുവരെയുള്ളവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെന്നും എന്നാല്‍ 16 പേര് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചതെന്നും, തളി തസ്തികയിലേക്ക് വിജ്ഞാപനം ചെയ്തത് 87 ഒഴിവും ഇതില്‍ 129 വരെയുള്ള റാങ്കുകാര്‍ക്ക് നിയമന ഉത്തരവ് നല്‍കിയതില്‍ 65 പേര് ജോലിയില്‍ പ്രവേശിച്ചുള്ളുവെന്നും റിപ്പോര്‍ട്ട് ചെയ്തു.
നിയമന ഉത്തരവ് അയച്ചിട്ട് ജോലിയില്‍ പ്രവേശിക്കാതെ വന്ന ഒഴിവിലേക്കുകൂടി റാങ്ക് ലിസ്റ്റില്‍നിന്നു തന്നെ നിയമനങ്ങള്‍ നടത്തുവാന്‍ നിയമപരമായ ബാദ്ധ്യത ഉണ്ടെന്നുള്ള കമ്മീഷന്റെ അഭിപ്രായത്തില്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട. എന്നിരുന്നാലും സ്വജനപക്ഷപാതത്തിനിടവരുത്താതെ ആവശ്യമായ ഒഴിവുകളിലേക്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തണമെന്നും ബോര്‍ഡ് ഇക്കാര്യം പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ബോര്‍ഡ് പുനര്‍വ്യന്യാസം നടത്തുന്നു എന്നപേരില്‍ റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി പുതിയ പരീക്ഷയ്ക്കും നിയമനത്തിനുമാണ് കളമൊരുക്കുന്നത്. ഇതിനു പിന്നില്‍ ഇഷ്ടക്കാരെ നിയമിക്കാനാണെന്നാക്ഷേപവും ശക്തമാണ്.
2015 മാര്‍ച്ചില്‍ ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന ഓഫീസര്‍മാര്‍ ഉള്‍പ്പടെ മുന്നോറോളം ഒഴിവുകളാണ് ഉണ്ടാകുന്നത്. ഇതുംകൂടി ചേര്‍ത്ത് നിലവിലുള്ള റാങ്കുലിസ്റ്റില്‍നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്നാണ് ആവശ്യം. നിലവിലുള്ള ഒഴിവുകള്‍ പരിഗണിച്ചാല്‍ റാങ്കുലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കാം. എന്നാല്‍ ഇതുനടത്താതെ ലിസ്റ്റിലുള്ളവരെ ഒഴിവാക്കാനായി റാങ്ക് ലിസ്റ്റിന്റെ കാലാവധി തള്ളി നീക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്.
കോടതി ആവശ്യപ്പെട്ട രേഖകള്‍ ഒന്നോ, രണ്ടോ ദിവസങ്ങള്‍കൊണ്ട് നല്‍കാമെന്നിരിക്കെ ഇത്തരത്തില്‍ സമയം തള്ളിനീക്കി ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: