മുംബൈ: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ബാരലിന് 45 ഡോളറായാണ് ഇന്ന് കുറഞ്ഞത്. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഉത്പാദനം കൂടിയതും ഡിമാന്റ് കുറഞ്ഞതുമാണ് അസംസ്കൃത എണ്ണയുടെ വിലയിടിവിന് മുഖ്യകാരണം.
ഫെബ്രുവരിയിലേക്കുള്ള ബ്രെന്റ് ക്രൂഡ് വില അഞ്ചു ശതമാനം ഇടിഞ്ഞ് $45.23/ബാരല്‍ എന്ന നിലയിലാണിപ്പോള്‍. യുഎസ് ക്രൂഡ് വില്‍പ്പന ബാരലിന് 44.44 ഡോളര്‍ എന്ന നിലയ്ക്കാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ക്കറ്റ് പിടിച്ചു നിര്‍ത്താന്‍ എണ്ണ ഉത്പാദനം കുറയ്ക്കേണ്ടതില്ലെന്ന ഒപെക് തീരുമാനവും, യുഎസ് ഷെയ്ല്‍ ഉത്പാദനം വര്‍ധിച്ചതുമാണ് എണ്ണ വില ഇടിയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്കി വന്നിരുന്ന ക്രൂഡിന്റെ വില കുറയ്ക്കാനും, ഏഷ്യന്‍ മേഖലയില്‍ എണ്ണ വിലയില്‍ ഡിസ്കൗണ്ട് നല്‍കാനും പ്രമുഖ എണ്ണ ഉത്പാദകരായ സൗദി അറേബ്യ തീരുമാനിച്ചതും വിലത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ 50 ശതമാനത്തോളം വിലയിടിവാണ് ക്രൂഡോയില്‍ രേഖപ്പെടുത്തിയത്.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 42 ഡോളര്‍ എന്ന നിലവരെയെങ്കിലും എത്തുമെന്നാണ് ഈ രംഗത്തുള്ളവരുടെ അനുമാനം. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയോളം ഈ നിലയില്‍ത്തന്നെ വില നിലവാരം തുടരും. ജൂണ്‍ മുതലുള്ള വില പരിശോധിച്ചാല്‍ എണ്ണ വിലയില്‍ പാതിയിലേറെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ 110 ഡോളറായിരുന്നു ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില.
ക്രൂഡ് ഓയിലിന്റെ വില ഇടിയുന്നത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചേക്കാനാണു സാധ്യത. പെട്രോളിന്റെയും ഡിസലിന്റെയും വിലയില്‍ ആനുപാതികമായ കുറവുണ്ടാകണമെന്ന് ഇതിനോടകം ആവശ്യമുയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: