ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്തിലെ പത്തംകുളം ഒമ്പതാംവാര്ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥിയില്ല. യുഡിഎഫ് വിമതനായി മത്സരിക്കുന്ന ഒ. സെയ്തലവിയെ പിന്തുണയ്ക്കാനാണ് എല്‍.ഡി.എഫ്. തീരുമാനം. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും ബിജെപിയും സ്വതന്ത്രസ്ഥാനാര്‍ഥിയും തമ്മിലുള്ള മത്സരമാണ് നടക്കുക. ബി.ജെ.പി. സ്ഥാനാര്‍ഥിയായി പത്തംകുളം നെല്ലിക്കുന്നത്ത് എന്‍.കെ. വിജയകുമാറാണ് മത്സരിക്കുന്നത്.
മുസ്ലിംലീഗ് നേതൃത്വത്തോടുള്ള അഭിപ്രായവിത്യാസത്തെത്തുടര്ന്ന് പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചയാളാണ് സെയ്തലവി. ഒ. സെയ്തലവിയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു. എന്‍.ആര്. രഞ്ജിത്തിനെയായിരുന്നു സി.പി.എം. സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത്. ഇതാണ് പിന്‍വലിച്ചത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുസ്ലിംലീഗ് അംഗം എം.എ. റിയാസാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞതവണ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഒ. സെയ്തലവി 252 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് സി.പി.എം. രണ്ടാം സ്ഥാനത്തായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ തനിക്ക് സി.പി.എം. വോട്ട് നല്‍കാമെന്ന് അറിയിക്കയായിരുന്നെന്ന് ഒ.സെയ്തലവി പറഞ്ഞു. നിലവില്‍ യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ നാല് സ്റ്റാന്റിങ് കമ്മിറ്റികളില്‍ മൂന്നെണ്ണത്തിന്റെ അധ്യക്ഷസ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും സി.പി.എമ്മിനാണ്. പഞ്ചായത്ത് പ്രസിഡന്റ് എം. ദേവയാനി സി.പി.എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നെന്ന പരാതി പരിഹരിക്കാത്തതില്‍ മുസ്ലിംലീഗും കോണ്‍ഗ്രസ്സും ഇവിടെ രണ്ട് തട്ടിലുമാണ്. 28ന് ഉപതിരഞ്ഞെടുപ്പും 29ന് വോട്ടെണ്ണലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: