തൃശൂര്‍: ഓപ്പറേഷന് വിദ്യാലയയുടെ ഭാഗമായി ഷാഡോ പോലീസ് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ രണ്ട് ദിവസമായി നടത്തിയ തിരച്ചിലില്‍ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടന്ന 38ഓളം വിദ്യാര്‍ത്ഥികളെ പിടികൂടി. മാതാപിതാക്കളെയും സ്കൂള്‍ അധികൃതരേയും ഫോണില്‍ വിവരം ധരിപ്പിച്ച് നടപടിയെടുത്തു.
ഷോപ്പിംഗ് കോംപ്ലക്സുകളിലുള്ള ന്യൂജനറേഷന് ഷോപ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ സമയം ചിലവഴിക്കുന്നതിന് കടയുടമകള്‍ സൗകര്യം ചെയ്തുകൊടുക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കടയുടമകള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏതാനം ദിവസം മുമ്പ് തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ ഷാഡോ പോലീസ് നടത്തിയ തിരച്ചിലില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്ത് ഇരിക്കുന്നതായി കണ്ടെത്തിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചതില്‍ ഇടിക്കട്ടയും കഞ്ചാവും മൊബൈല്‍ ഫോണുകളില്‍ കഞ്ചാവിന്റെ കൂട്ടായമയെ സൂചിപ്പിക്കുന്ന പടങ്ങളും കണ്ടെത്തി. ഇക്കാര്യം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓപ്പറേഷന് വിദ്യാലയ രൂപീകരിച്ചത്. നഗരത്തില്‍ ക്ലാസ് കട്ട് ചെയ്ത് നടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടാല്‍ 9447374194 എന്ന നമ്പറില്‍ വിവരംനല്‍കിയാല്‍ നടപടി സ്വീകരിക്കും. നിരവധി കുട്ടികള്‍ ക്ലാസ് കട്ട് ചെയ്യുന്നതായി കണ്ടെത്തി മാതാപിതാക്കളെയും മറ്റും അറിയിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്.
പിടികൂടിയ പല വിദ്യാര്‍ത്ഥികളും മുടി നീട്ടിവളര്‍ത്തുകയും ലോവേസ്റ്റ് പാന്റ്സ് ധരിക്കുകയും ചെയ്യുന്നവരാണ്. ഫ്രീക്കായി നടക്കുവാന്‍ താല്പര്യമുള്ളവരാണെന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ ഷോപ്പിങ്ങ് മാളുകള്കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന പ്ലസ്ടു, എംബിഎ വിദ്യാര്‍ത്ഥികളായ രണ്ടുപേരെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി ക്ലാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് വിവരം അറിയിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ ഒരു സ്ഥാപനവും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: