ഗുരുവായൂര്‍: ചെറിയ ഇടവേളക്ക് ശേഷം ഗുരുവായൂരിലെ കണ്ടാണശ്ശേരി മേഖലയില്‍ സിപിഎം ക്രിമിനലുകളുടെ ഗുണ്ടാവിളയാട്ടത്തില്‍ മൂന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടിവാള്‍, പൈപ്പ് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് സിപിഎം സംഘം പ്രവര്‍ത്തകരെ അക്രമിച്ചത്.
ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ക്രിമിനല്‍ സംഘം കണ്ടാണശ്ശേരിയില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് പരസ്യമായി അഴിഞ്ഞാടിയത്.
സിപിഎം ക്രിമിനലുകളുടെ അക്രമത്തില്‍ ആട്ടയൂര്‍ ഏങ്ങടി വീട്ടില്‍ വിനോജിന് ഗുരുതര പരിക്കേറ്റു. വിനോജിനെ കൂടാതെ ഈഴുവന്‍ വളപ്പില്‍ വീട്ടില്‍ ബാബുരാജ് (45), ആട്ടയൂര്‍ വട്ടംപറമ്പില്‍ വീട്ടില്‍ പ്രബീന്‍ (30) എന്നിവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മില്‍ നിന്നും കൂട്ടത്തോടെ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ വിറളിപൂണ്ട ക്രിമിനലുകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ കണ്ടാലറിയാവുന്ന ആറുപേരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. വീടുകയറി അക്രമിച്ചതിനും വധ ശ്രമത്തിനുമാണ് കേസ്. എന്നാല്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം രൂക്ഷമായിട്ടുണ്ട്. രാത്രി കസ്റ്റഡിയിലെടുത്ത പ്രതികള്‍ ലോക്കപ്പില്‍ മൊബൈല്‍ ഫോണ്‍ പരസ്യമായി ഉപയോഗിച്ച് സൈര്യവിഹാരം നടത്തുമ്പോഴും സ്റ്റേഷനിലെ പോലീസ് നോക്കുകുത്തിയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: