പുതുക്കാട്: നടാംപാടം കള്ളിച്ചിത്ര കോളനിക്കാര്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ വാഗ്ദാനപ്പെരുമഴ. പട്ടയമുള്‍പ്പെടെ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ കോളനിയിലെത്തി ഉറപ്പ് നല്കി. സര്‍ക്കാര്‍ നടപടിയില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും മുന്‍കാല അനുഭവങ്ങള്‍ കോളനിവാസികള്‍ക്ക് ആശങ്ക സമ്മാനിക്കുകയാണ്. നീണ്ട 22 വര്‍ഷത്തെ അവഗണനയിലാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നത്.
1992ലാണ് ചിമ്മിനി ഉള്‍ക്കാട്ടിലെ കള്ളിച്ചിത്രയില് താമസിച്ചിരുന്ന 17 കുടുംബങ്ങളെ ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടാംപാടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. നിരവധി വാഗ്ദാനങ്ങളുടെ പുറത്തായിരുന്നു സര്‍ക്കാര്‍ നടപടി. കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി, വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, ക്ഷേത്രം, ശ്മശാനം, കളിസ്ഥലം എന്നിവക്ക് മൂന്നേക്കര്‍ ഭൂമി എന്നിവക്ക് പുറമെ വീടും നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. വാഗ്ദാനവുമായി കലക്ടറും സംഘവും വീണ്ടുമെത്തുമ്പോള്‍ ഈ അനുഭവമാണ് കോളനിവാസികളെ തുറിച്ച് നോക്കുന്നത്.
അവഗണനയില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചതോടെയാണ് ഇപ്പോള്‍ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടമായി പട്ടയം അനുവദിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം. സര്‍ക്കാര്‍ ജോലി വാഗ്ദാനം സമയബന്ധിതമായി നടപ്പിലാക്കും. ശ്മശാനത്തിന് വനംവകുപ്പിന്റെ 50 സെന്റ് സ്ഥലം വിട്ട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഡിഎഫ്ഒയ്ക്കും കോളനിക്ക് മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്കി. കൃഷിക്കും ജലസേചനത്തിനും ചെക്ക് ജാം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരുമാസത്തിനകം പ്രവര്‍ത്തനയോഗ്യമാക്കും. ഇതിനുള്ള തുക പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡണ്ട് ഇ.എ.ഓമന അറിയിച്ചു. ഭവനരഹിതര്‍ക്ക് വീട് നല്കാന് സ്പോണ്സര് ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്നും കലക്ടര്‍ ഇറിയിച്ചു. റേഷന്‍ കാര്‍ഡ്, ക്ഷേമനിധി, കുടിവെള്ളം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും കലക്ടര്‍ ഉറപ്പ് നല്കി.
നാടിന്റെ പൊതുനന്മക്ക് ഭൂമി നല്‍കിയവരെ അവഹേളിക്കുന്ന നിലപാടാണ് ഇടത് വലത് സര്‍ക്കാരുകള്‍ ഇതുവരെ ചെയ്തത്. പകരം നല്കിയ ഭൂമിക്ക് രണ്ട് പതിറ്റാണ്ടായിട്ടും പട്ടയം പോലും നല്‍കിയില്ലെന്നത് അവഗണനയുടെ ആഴം വ്യക്തമാക്കുന്നു. വാഗ്ദാനങ്ങള്‍ക്കിടയിലും പരിഗണിക്കാത്ത പരാതികള്‍ ഇനിയുമുണ്ട്. സര്‍ക്കാര്‍ സംവിധാനം വിചാരിച്ചാല്‍ ഒരുമാസം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ മാത്രമാണ് കോളനിയിലുള്ളത്. ഇനിയെങ്കിലും ഈ യാഥാര്‍ത്ഥ്യം അധികൃതര്‍ മനസിലാക്കുമോ എന്നാണ് അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: