കാലടി: ബ്രാഹ്മിണിപാട്ട് കേള്‍ക്കാനും സങ്കടങ്ങളകറ്റാനും ബ്രാഹ്മിണിയമ്മയുടെ മുന്നില്‍ ഭക്തജനങ്ങളുടെ നീണ്ടനിര. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീ ദേവിയുടെ നട തുറപ്പ് മഹോത്സവം നടക്കുന്ന പന്ത്രണ്ട് ദിനങ്ങളും ദേവിയുടെ തോഴിയായി(പുഷ്പിണി) സങ്കല്പ്പിക്കപ്പെടുന്ന ബ്രഹ്മിണിയമ്മയുടെ സാന്നിദ്ധ്യം കൂടിയേതീരൂ.
നടതുറന്നശേഷം ദേവിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിക്കുന്നതും തിരിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യുന്നതും ബ്രാഹ്മിണിയമ്മയാണ്. ദേവിയുടെ തോഴിയായ ബ്രാഹ്മിണിയമ്മ ദേവിയോട് എന്ത് പറഞ്ഞാലും സാധിക്കുമെന്ന വിശ്വാസമാണ് ഭക്തജനങ്ങള്‍ക്ക്. അത്കൊണ്ട് തന്നെ ബ്രാഹ്മിണി പാട്ട് കേട്ട് സങ്കടങ്ങള്‍ അകറ്റുന്നതിനും അഭിഷ്ടവര സിദ്ധിക്കായി പ്രാര്‍ത്ഥിക്കുന്നതിനുമായാണ് ബ്രാഹ്മിണിയമ്മയുടെ അടുത്ത് ഭക്തജനങ്ങളെത്തുന്നത്. മംഗല്യസൗഭാഗ്യത്തിനും ദീര്‍ഘമംഗല്യത്തിനും സകലദുരിത നിവാരണത്തിനുമായെത്തുന്ന ഭക്തജനങ്ങള്‍ക്കായി അവരവരുടെ ആഗ്രഹത്തിനനുസരിച്ച് വ്യത്യസ്ഥമായ സ്തുതി ഗീതങ്ങളാണ് ദേവിക്ക് മുമ്പില്‍ പാടുന്നത്.
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് നടതുറപ്പിന് ബ്രാഹ്മിണിയമ്മയുടെ സാന്നിദ്ധ്യം. ധനുമാസത്തിലെ തിരുവാതിരക്ക് നടതുറക്കുമ്പോള്‍ മുതല്‍ പന്ത്രണ്ട് ദിവസത്തേ ഉത്സവം സമാപിക്കുന്നത് വരെ ബ്രാഹ്മിണിയമ്മ ദേവിക്കൊപ്പം സ്തുതിഗീതങ്ങളുമായി കഴിച്ച് കൂട്ടും.
കഴിഞ്ഞ 35വര്‍ഷമായി ബ്രാഹ്മിണിയമ്മയായെത്തുന്നത് എടനാട് അല്ലിമംഗലത്ത് പുഷ്പകത്ത് തങ്കമണി ടീച്ചറാണ്. എടനാട് സെന്റ് അഗസ്റ്റിന് എല്‍പി സ്ക്കള് അധ്യാപികയായി വിരമിച്ച ഇവര്‍ ജന്മാന്തര പുണ്യമായിട്ടാണ് ഈ നിയോഗത്തെ കാണുന്നത്. ദേവിയുടെ തോഴിയായി നടതുറപ്പ് മഹോത്സവകത്തിനെത്തുവാനുള്ള അവകാശം അല്ലിമംഗലത്ത് പുഷ്പകത്ത് തറവാട്ട്കാര്‍ക്ക് മാത്രമാണുള്ളത്. ഇവിടെ വിവാഹം ചെയ്ത് കൊണ്ടുവരുന്ന സ്ത്രികളാണ് ബ്രാഹ്മിണിയമ്മയാകുന്നത്. മൂത്തയാളുടെ കാലശേഷമേ അടുത്തയാള്‍ക്ക് അവസരം ലഭിക്കുകയുള്ളു.
പന്ത്രണ്ട് ദിവസം ദേവിക്കൊപ്പം ഉറക്കമൊഴിച്ച് സ്തുതിഗീതങ്ങളുമായി കഴിഞ്ഞ് കൂടുമ്പോഴും ക്ഷീണമോ അവശതയോ അനുഭവപ്പെടാറില്ലെന്ന് ബ്രാഹ്മിണിയമ്മ പറയുന്നു. ഈ പന്ത്രണ്ട് ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും പണ്യമായതാണെന്നാണ് ടീച്ചര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: