അമ്പലപ്പുഴ: റെയില്‍വേ ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് തകര്‍ന്നുകിടന്ന പഞ്ചായത്ത് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടത് നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം രാവിലെ തകഴിയിലായിരുന്നു സംഭവം. തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതെതുടര്‍ന്ന് വാഹനങ്ങള്‍ തകഴി, അമ്പാട്ടുപടി, പത്തില്‍ എന്നീ റോഡുകളിലൂടെ തിരിച്ചു വിടുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസുകള്‍ ആലപ്പുഴയില്‍ നിന്ന് തകഴി വരെയും തകഴിയില്‍ നിന്നും തിരുവല്ലയിലേക്കും ഗതാഗതം നിയന്ത്രിച്ചു. മറ്റ് വാഹനങ്ങളാണ് ഈ റോഡുകളിലൂടെ തിരിച്ചു വിട്ടത്. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഈ രണ്ട് റോഡുകളുടെയും അറ്റകുറ്റപ്പണി നാളുകളായി അധികൃതര്‍ നടത്തിയിരുന്നില്ല. കുണ്ടും കുഴിയുമായി കാല് നടയാത്രപോലും ചെയ്യാന്‍ പറ്റാത്ത റോഡിലൂടെ വാഹനങ്ങള്‍ തിരിച്ചു വിട്ടത് നാട്ടുകാരെ പ്രകോപിതരാക്കി. രണ്ട് റോഡുകളും രാവിലെ മുളകള്‍ കൊണ്ട് കെട്ടിയടച്ചു.
പഞ്ചായത്തംഗം ശ്രീകുമാരിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് സ്ത്രീകള്‍ റോഡ് തടയാന്‍ നേതൃത്വം നല്കി. ഗതാഗതം മുടങ്ങിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. ഒടുവില്‍ അമ്പലപ്പുഴ പോലീസ് എത്തി പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: