പുനലൂര്‍: തെന്മല ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള പരപ്പാര്ഡാമിലെ ബോട്ടിങ് സെന്ററില്‍ തിരക്കേറി. ക്രിസ്തുമസും പുതുവത്സരവും ആകുമ്പോഴേക്കും തിരക്ക് ഇനിയുമേറും. എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് ബോട്ടുസവാരിക്ക് 50 രൂപ ചാര്‍ജ് ഈടാക്കിയിരുന്ന സ്ഥാനത്ത് 210 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്.
മൂന്നുവര്ഷംമുമ്പെ ഇവിടെ പാലരുവി, ഉമയാര്‍, ശെന്തരുണി എന്നിങ്ങനെ മൂന്നുബോട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ യന്ത്രതകരാറുകള്മൂലം മൂന്നുബോട്ടുകളും തകര്‍ന്നതിനാല്‍ ഏറെ നാളായി ബോട്ടിങ് ഇവിടെ ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ കൊച്ചിയില്‍ നിര്‍മ്മിച്ച രണ്ട് യാത്രാബോട്ടുകള്‍ എത്തിക്കുകയും ഡിസംബര്‍ അഞ്ചിന് ബോട്ടുയാത്ര ഉദ്ഘാടനം നടത്തുകയും ചെയ്തു.
ആദ്യം തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്ത രണ്ടു നാളുകളിലായി വന്‍തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജനുവരി ആദ്യവാരം ഈ തിരക്ക് ഇനിയുമേറുമെന്നും ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. അടുത്തുതന്നെ ഒരു ബോട്ടുകൂടി ഇവിടെ എത്തുന്നതോടെ പഴയരീതിയില്‍ മൂന്നുബോട്ടുകളാകും ഇവിടെ സര്‍വീസ് നടത്തുക. ഒരു മണിക്കൂറാണ് ബോട്ടിങ് സമയം. രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ സര്‍വീസ് നടക്കും.
മുമ്പ് ബോട്ടിങ് സെന്ററിലാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇക്കുറി എര്‍ത്ത് ഡാമിന് സമീപത്തുനിന്നും ഇവിടേക്കുള്ള ടിക്കറ്റ് ലഭിക്കും.
തേക്കടിയിലും മറ്റുമുള്ള ബോട്ടിങ് ചാര്‍ജ്ജിലും കുറവാണ് ഇവിടെയെന്നും ഇക്കോടൂറിസം അധികൃതര്‍ പറയുമ്പോഴും കുടുംബസമേതമെത്തുന്നവരെ ചാര്‍ജ് വര്‍ദ്ധനവ് ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്തുതന്നെയായാലും പരപ്പാര്ഡാം റിസര്വേയറിലൂടെയുള്ള യാത്ര ഏതൊരു വിനോദസഞ്ചാരികള്‍ക്കും പുതിയ കാഴ്ചകളുടെ വാതായനം തുറക്കുന്ന കാഴ്ചകളാണ് ഇവിടെനിന്നും കിട്ടുക. പശ്ചിമഘട്ട മലനിരകളുടെ നവ്യമനോഹരകാഴ്ചയും വനഭംഗിയും ഭാഗ്യമുണ്ടെങ്കില്‍ ബോട്ടുയാത്രക്കിടെ ആന, മാന്‍, കാട്ടുപോത്ത്, കേഴ എന്നിവയേയും കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: