ചെറുതുരുത്തി: പിതൃമോക്ഷം തേടി അലയുന്ന അശരീരികള്‍ക്ക് ശാന്തി ലഭിക്കുന്നതിനായി ദക്ഷിണഗംഗയില്‍ എത്തുന്നവര്‍ക്ക് നിള കണ്ണീരായി ഒഴുകുന്നത് തേങ്ങലായി മാറുന്നു. രാഷ്ട്രീയ-മണല്‍ മാഫിയ കപട പരിസ്ഥിതിവാദികളുടെ കൂട്ടുകെട്ടുകള്‍ നിളയെ നീര്ച്ചാലാക്കി മാറ്റിയപ്പോള്‍ ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായ പിതൃതര്‍പ്പണം നടത്തി സ്നാനം ചെയ്യാന്‍ പോലും ഒരുതുള്ളി വെള്ളമില്ലാതെ നിള വറ്റി വരളുകയാണ്.
ഏതാണ്ട് 1768 ചതുരശ്ര കിലോമീറ്റര്‍ തമിഴ്നാട്ടിലും 4400 ചതുരശ്ര കിലോമീറ്റര്‍ കേരളത്തിലുമായി പരന്നുകിടക്കുന്ന ഭാരതപ്പുഴയുടെ ഭൂരിഭാഗം സ്ഥലങ്ങളും ഇന്ന് മണല്‍ത്തിട്ടകള്‍ മാത്രമാണ്. ക്ഷേത്രങ്ങളിലെ ആറാട്ടുകളും ഉത്സവങ്ങളും ഭാരതപ്പുഴയുടെ തീരങ്ങളിലാണ്. ഹൈന്ദവ സംസ്കാരത്തിന്റെ ഉത്തമമായിട്ടുള്ള പിതൃബലിക്കടവുകള് നിരവധിയുള്ള ഭാരതപ്പുഴക്ക് പക്ഷെ ചടങ്ങ് നടത്താന്‍ പോലും സാധിക്കുന്നില്ല.
അനധികൃതമായ മണലെടുപ്പും മാലിന്യവും ഒഴുക്കി നിളയെ നശിപ്പിച്ചപ്പോള്‍ തകര്‍ന്നുപോകുന്നത് സംസ്കാരത്തിന്റെ വലിയൊരു ഭാഗമാണ്. ഭാരതപ്പുഴയുടെ നിലനില്‍പ്പിന് തടയണ നിര്‍മ്മിക്കണമെന്ന് തടയണകളുടെ തമ്പുരാന് ടി.എന്‍.ഭട്ടതിരിപ്പാട് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആവശ്യമുന്നയിച്ചിരുന്നു. അതിനായി അദ്ദേഹത്തിന്റെ പക്കല്‍ വലിയൊരു പദ്ധതി തന്നെ ഉണ്ടായിരുന്നെങ്കിലും നടപ്പിലാക്കാന്‍ ഭരണ നേതൃത്വങ്ങള്‍ തയ്യാറായില്ല. ആറു വര്‍ഷം മുമ്പ് അഞ്ചുകോടി രൂപക്ക് തുടങ്ങിവെച്ച തടയണ നിര്‍മാണം ഒരുകൂടി രൂപ മാത്രം ചെലവഴിച്ച് നിര്‍ത്തിവെക്കുകയായിരുന്നു.
നിളയുടെ കുറുകെ ലക്കിടി, പറളി, മങ്കര എന്നീ ഭാഗങ്ങളില്‍ തടയണ നിര്‍മ്മിച്ചത് ഏറെ വിജയപ്രദമായിരുന്നു. എന്നാല്‍ മറ്റു സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന് പിന്നില്‍ മണല്‍ മാഫിയയുടെ ശക്തമായ സമ്മര്ദ്ദമാണെന്നെതിന് മറ്റ് തെളിവുകളുടെ ആവശ്യമില്ല. ഓരോ വര്‍ഷം ചെല്ലുംതോറും നിള മരണത്തിലേക്ക് നീങ്ങുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനോ മറ്റു ബന്ധപ്പെട്ടവര്‍ക്കോ സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: