പത്തനംതിട്ട: ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കിവരുന്ന ബോധവത്ക്കരണ പദ്ധതി ഇന്നു മുതല്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളിലും. ഇതിന്റെ ഭാഗമായി ശബരിമല തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന ജില്ലയിലെ മുപ്പതോളം പമ്പുകളില്‍ പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം ആരംഭിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് പത്തനംതിട്ട കെയ്സണ്‍സ് ഫ്യുവല്‍സില്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും.
അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്.ഹരിദാസ് ഇടത്തിട്ട മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ.എ.സുരേഷ്കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചീഫ് ഡിവിഷണല്‍ റീട്ടെയില്‍ സെയില്‍സ് മാനേജര്‍ വി.എം.ഹരികുമാര്‍, ബിപിസിഎല്‍ പ്രതിനിധി കെ.എന്‍.ജയകുമാര്‍, എച്ച്പിസിഎല്‍ പ്രതിനിധി കെ.എഫ്.ഹെന്റി, അടൂര്‍ ആര്.ഡി.ഒ എം.എ.റഹിം, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എസ്.കുമാരി പ്രമീള, പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രതിനിധി സി.കെ.രവിശങ്കര്‍, ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ സെയില്‍സ് മാനേജര്‍ പി.സി.രാജ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ചുരുങ്ങിയ സമയത്തിനുള്ളിലാണ് പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം നടത്തുക. പ്ലാസ്റ്റിക്കിനെതിരായ ബോധവത്ക്കരണ സന്ദേശം അടങ്ങുന്ന സ്റ്റിക്കര്‍ തീര്‍ഥാടകരുടെ വാഹനത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ പതിക്കും. പ്ലാസ്റ്റിക് കവര്‍ കൈവശമുള്ള തീര്‍ഥാടകര്‍ക്ക് ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പകരം തുണിസഞ്ചി നല്‍കും. പെട്രോള്‍ പമ്പുകളിലെ ഉച്ചഭാഷിണികളിലൂടെ പ്ലാസ്റ്റിക്കിനെതിരായ സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: