ആലപ്പുഴ: റോഡുകള്‍ വഴിവാണിഭക്കാര്‍ കൈയടക്കി. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. കാല്‍നടയാത്രികര്‍ക്ക് തിരക്കേറിയ റോഡിന് മദ്ധ്യത്തിലൂടെ സഞ്ചരിക്കേണ്ട ദുരവസ്ഥ. ബസ് സ്റ്റേപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി അധികൃതരുടെ ട്രാഫിക് പരിഷ്കാരങ്ങള്‍ അപഹാസ്യമാകുന്നു.നഗരത്തിലെ ഏറ്റവും തിരക്കേറിയ ജില്ലാക്കോടതി റോഡ് വഴിവാണിഭക്കാര്‍ക്ക് അധികൃതര്‍ തീറെഴുതി കൊടുത്തിരിക്കുകയാണ്. ഫുട്പാത്തുകള്‍ നേരത്തെ തന്നെ വഴിയോര കച്ചവടക്കാര്‍ കൈയടക്കിയിരുന്നു. അധികൃതര്‍ നോക്കുകുത്തിയായ സാഹചര്യത്തില്‍ ആപ്പെകളിലും മറ്റും റോഡ് കൈയേറിയായി കച്ചവടം. പൊതുവെ വീതി കുറഞ്ഞ റോഡില്‍ കൈയേറ്റം കൂടിയായപ്പോള്‍ ബസ് അടക്കമുള്ള വലിയ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കൂടി സാധിക്കാത്ത ദുരവസ്ഥയാണുള്ളത്.
വണ്ടികളില്‍ വലിയ കുട കൂടി നിവര്‍ത്തി വയ്ക്കുന്നതിനാല്‍ അത്രയും സ്ഥലവും കൂടി കച്ചവടക്കാര്‍ കൈയടക്കുന്നു. സാധനം വങ്ങാനെത്തുന്നവരുടെ തിരക്കു കൂടിയാകുമ്പോള്‍ കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സഞ്ചരിക്കണമെങ്കില്‍ കച്ചവടക്കാര്‍ കനിയണം. എസ്ഡിവി സ്കൂളുകള്‍ക്ക് മുമ്പിലുള്ള റോഡ് പൂര്‍ണമായും കച്ചവടക്കാര്‍ കൈയടക്കിക്കഴിഞ്ഞു. സ്കൂള്‍ കുട്ടികളടക്കം റോഡിന് മദ്ധ്യത്തിലൂടെ, വാഹനങ്ങള്‍ക്കിടയിലൂടെ അതിസാഹസികമായാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും.
ജില്ലാക്കോടതിക്ക് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പ് പോലും കച്ചവടക്കാര്‍ കൈയടക്കിക്കഴിഞ്ഞു. റോഡ് കൈയേറിയുള്ള കച്ചവടം ഒഴിവാക്കിയാല്‍ തന്നെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ബസ് സ്റ്റോപ്പുകള്‍ ഓരോമാസവും അങ്ങോട്ടുമിങ്ങോട്ടും മാറ്റി അപഹാസ്യരാകുകയാണ് അധികൃതര്‍. കച്ചവടക്കാര്‍ക്ക് തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ മനുഷ്യന് സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശത്തെ ധ്വസിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: