ചേര്‍ത്തല: നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന വടക്കേ അങ്ങാടിക്കവലയുടെ വികസനം വീണ്ടും വഴിമുട്ടി. കവല വികസനം നടപ്പാക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് വികസനത്തിന് തടസമായിരിക്കുന്നത്. 2013ലാണ് കവലയുടെ വികസനത്തിനായി സര്‍ക്കാര്‍ മൂന്നു കോടി 35 ലക്ഷം രൂപ അനുവദിച്ചത്. പദ്ധതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പുനരധിവാസം സംബന്ധിച്ച ഹൈക്കോടതി വിധി സമ്പാദിച്ചത്. 2015 മാര്‍ച്ച് മാസത്തിനുള്ളില്‍ വ്യാപാരികളെ പുനരധിവസിപ്പിച്ച് വികസനം നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തുക നഷ്ടമാകും.
വികസനത്തിനായി ചേര്‍ന്ന ആദ്യ യോഗം മുതല്‍ തന്നെ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം തര്‍ക്ക വിഷയമായിരുന്നു. 102ഓളം വ്യാപാരികള്‍ക്കാണ് സ്ഥാപനങ്ങള്‍ നഷ്ടമാകുന്നത്. ഇതില്‍ ഇരുപതോളം പേര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗീകവുമായാണ് നഷ്ടം സംഭവിക്കുക. തര്‍ക്കത്തില്‍ വ്യാപാരി സംഘടനകള്‍ പല തട്ടിലായതോടെ ഇവരെ ഒത്തൊരുമിപ്പിച്ചു കൊണ്ടുപോകാനോ പുനരധിവാസം സംബന്ധിച്ച് തീരുമാനത്തിലെത്തുവാനോ എംഎല്‍എയ്ക്ക് കഴിഞ്ഞില്ല. പല തവണ യോഗങ്ങളും ചര്‍ച്ചകളും നടത്തിയതല്ലാതെ യാതൊരു നടപടികളും ഉണ്ടായില്ല. എ.കെ. ആന്റണി മന്ത്രിയായിരുന്ന കാലത്ത് കവലകളുടെ വികസനത്തിന് ഒരുകോടി അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുക്കാന്‍ കഴിയാതെ ഫണ്ട് നഷ്ടപ്പെട്ടിരുന്നു.
നഗരത്തിലെ അഞ്ച് റോഡുകള്‍ ചേരുന്നതാണ് ഈ കവല.ഇവിടെ റോഡിന് നിലവില്‍ എട്ടു മീറ്റര്‍ വീതിയാണുള്ളത്. പദ്ധതി നടപ്പായാല്‍ ഇവിടെ 20 മീറ്റര്‍ വിസ്തൃതിയുണ്ടാകും. 16 സെന്റ് സ്ഥലമാണ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുക്കുന്നതിന് 1.60 കോടി രൂപയുടെയും ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഒരുകോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ റവന്യു അധികൃതര്‍ക്ക് കൈമാറി പൊതുമരാമത്ത് വകുപ്പ് പദ്ധതി നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സ്ഥലമളക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ സര്‍വകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വസ്തു ഉടമകളുടെ യോഗം കൂടി. സര്‍വകക്ഷിയോഗത്തിലെ തീരുമാന പ്രകാരം കവലവികസനം എത്രയും വേഗം നടപ്പാക്കുവാന്‍ വസ്തു ഉടമകളില്‍ നിന്നും ഭൂമി വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങുവാനായിരുന്നു പദ്ധതി. ഭൂമി നല്കുവാന് വസ്തു ഉടമകളും തയ്യാറായി രംഗത്തു വന്നിരുന്നു. ഇതോടെ വികസനത്തിലേക്കുള്ള ആദ്യ കടമ്പ കടക്കുവാനാകുമെന്നായിരുന്നു ജനപ്രതിനിധികളുടെ പ്രതീക്ഷ. പക്ഷേ ഹൈക്കോടതി വിധി വികസനപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുവാനുള്ള തുക കൂടി സര്‍ക്കാര്‍ വഹിച്ചാലേ ഇനി ഈ പദ്ധതി തുടരാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: