അഗളി: സൈലന്റ്വാലി വനമേഖലയില്‍ വന്യമൃഗവേട്ട സജീവമായിട്ടും അധികൃതര്‍ നോക്കുകുത്തികളാകുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടും നടപടിയുണ്ടയില്ല. അട്ടപ്പാടി മലനിരകളുടെ ഭാഗമായ തത്തേങ്ങലം, മൈലാമ്പാടം, ചേറുകുളം, മെഴുകുംപാറ, കരിമന്‍കുന്ന് എന്നിവിടങ്ങളിലാണ് മൃഗവേട്ട നടക്കുന്നത്.
വനനിയമങ്ങള്‍ കര്‍ശനമാണെങ്കിലും പാലിക്കപ്പെടുന്നില്ല. ഇതുമൂലം മൃഗങ്ങളോടൊപ്പം നിരവധി സസ്യജാലങ്ങളും വംസനാശഭിഷണിയിലാണ്. കഴിഞ്ഞദിവസം സൈലന്റ്വാലി മേഖല ഉള്‍പ്പെടെയുള്ള തത്തേങ്ങലത്തുനിന്നും രണ്ട് മാനുകളെ നായാട്ട് സംഘം വെടിവച്ചു കൊന്നിരുന്നു. പ്രതികളില്‍ ചിലരെ പിടികൂടിയതു മാത്രമാണ് വനംവകുപ്പ് ചെയ്ത പ്രധാന പ്രവൃത്തി.
തത്തേങ്ങലത്ത് മാന്‍ വേട്ട നടത്തിയതുമായി ബന്ധപ്പെട്ട് ആറു പേരാണ്കഴിഞ്ഞദിവസം പടിയിലായിരുന്നു. ഇതില്‍ ഒരു പ്രതി മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പനംതോട്ടത്തില്‍ ജോബി, വെളളപ്പാടം സ്വദേശികളായ അബ്ദുല്‍ റഹീം, കുട്ടന്,ചേറുകുളം നീലംങ്ങോട് കൃഷ്ണന്, നാരായണന്, കൃഷ്ണദാസ് എന്നിവര്‍ റിമാന്റില്‍ കഴിഞ്ഞുവരികയാണ്. എന്നാല്‍ ഈ കേസിലെ പ്രധാന പ്രതികളെന്ന് കരുതുന്ന രാജു, സജി എന്നിവര്‍ ഒളിവിലാണ്.
വൈകുന്നേരമാകുന്നതോടെ സജീവമാകുന്ന നായാട്ടുസംഘങ്ങള്‍ തോക്ക്, കഠാര എന്നിവ ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവയെ മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ സംഘങ്ങള്‍ക്ക് വനംവകുപ്പിലെ ഉന്നതരുടെ സഹായമുണ്ടെന്നും സംശയമുണ്ട്. മാനിന്റെ തോല്, തല എന്നിവയ്ക്ക് വന്‍ ഡിമാന്റാണ്.
വേനല്ക്കാലമാകുന്നതോടെ മുമ്പെല്ലാം വ്യാപക തോതിലാണ് കാട്ടുചോലകളില്‍നിന്നും വെള്ളം കുടിക്കാനായി വന്യമൃഗങ്ങള്‍ എത്തിയിരുന്നത്. നിലവില്‍ ഇതു നാമമാത്രമായി. മാനുകള്‍, കാട്ടുപോത്ത് എന്നിവ വന്‍തോതിലാണ് വംശനാശഭീഷണി നേരിടുന്നത്. മണ്ണാര്‍ക്കാട് മേഖലയില്‍ കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങളും വ്യാപകമാണ്. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്ന നിയമം മുതലെടുത്താണിത്. നാട്ടുകല്‍, അലനല്ലൂര്‍ എന്നിവിടങ്ങളില്‍ മയില്വേട്ടയും സജീവമാണ്. വനംവകുപ്പ് അധികൃതര്‍ ഇനിയും അനങ്ങാപ്പാറനയം തുടര്‍ന്നാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ മണ്ണാര്‍ക്കാട് മേഖലയിലെ വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: