ഇടുക്കി: ഇടുക്കി ജില്ലയില്‍ പതിനായിരക്കണക്കിന് അയ്യപ്പന്മാരെത്തുന്ന വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ജില്ലാ ഭരണകൂടവും വണ്ടിപ്പെരിയാര്‍ പഞ്ചായത്തും ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ വികസനപ്രവര്‍ത്തനത്തിനായി വകകൊള്ളിച്ചിരുന്നു.
ഈ പ്രോജക്ടില്‍ വാഹന പാര്‍ക്കിംങ് ഗ്രൗണ്ട്, അയ്യപ്പന്മാര്ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള കക്കൂസുകള്‍, ശുദ്ധജലവിതരണം എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പ്രോജക്ടിന് ഡിപിസി അംഗീകാരം നല്കി. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ലേല നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ പഞ്ചായത്ത് കമ്മറ്റി കൂടാത്തതിനാല്‍ ലേലം ഉറപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അടുത്ത ആഴ്ച പഞ്ചായത്ത് കമ്മറ്റി കൂടുമെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
മണ്ഡല കാലം തുടങ്ങി ഒരു ദിവസം പിന്നിട്ടിട്ടും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. വണ്ടിപ്പെരിയാര്മേഖലയില് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍പോലും ആരംഭിച്ചിട്ടില്ല.
ഇന്നലെ നൂറുകണക്കിന് അയ്യപ്പന്മാരാണ് സത്രത്തിലെത്തി വിശ്രമിച്ചതിന് ശേഷം മല കയറിയത്. അടിസ്ഥാന സൗകര്യമൊരുക്കാതെ പഞ്ചായത്ത് അധികൃതര്‍ ഉരുണ്ടുകളിക്കുന്നത് അഴിമതി നടത്താനാണെന്ന അക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: