ബ്രിസ്ബെയിന്‍: ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരുന്ന ആളാണ് താനെന്നും ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാനായത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെ എന്നും എതിര്‍ത്തിട്ടുള്ള ആളാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്ന്നാല് ഇന്ന് ലോകം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. 1869 ഒക്ടോബര്‍ രണ്ടിന് ഉദയം കൊണ്ടത് ഒരു വ്യക്തിയല്ല മറിച്ച് ഒരു യുഗമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിസ്ബെയിനില്‍ എത്തിയ നരേന്ദ്ര മോദിയ്ക്ക് മേയറുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ചടങ്ങ് നടന്ന പാര്‍ക്ക് ലാന്‍ഡില്‍ വന്‍ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്ത് നിന്നിരുന്നത്.
ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്ളീനറി സെഷനിലും അദ്ദേഹം സംസാരിച്ചു. ഇന്ത്യാക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിവരവെ, കള്ളപ്പണ നിക്ഷേപമുള്ള രാജ്യങ്ങളടക്കമുള്ളവയോട് ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമാനു
സൃതമായി കൈമാറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. കള്ളപ്പണ നിക്ഷേപം ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ആഗോള തലത്തില്‍ ഒന്നിച്ചു നില്‍ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മൂലധനത്തിന്റെ ഒഴുക്കും സാങ്കേതികവിദ്യയും നികുതി ഒഴിവാക്കുന്നതിന് ഇടയാക്കുന്നുണ്ട്. കൂട്ടായതും ശക്തവുമായ സഹകരണത്തിലൂടെ, കള്ളപ്പണ നിക്ഷേപം ഉയര്‍ത്തുന്ന വെല്ലുവിളികളെ മാത്രമല്ല, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത് എന്നീ വെല്ലുവിളികളെ നേരിടുന്നതിനും സഹായിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
നികുതി വെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ വിവരങ്ങള്‍ രാജ്യങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നല്‍കുന്നതിനുള്ള രീതി കൊണ്ടുവരുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നതായും മോദി പറഞ്ഞു. നികുതി നയങ്ങളിലും മറ്റ് ഭരണകാര്യങ്ങളിലും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്ത്യ പിന്തുണ അറിയിച്ചു. ബേസ് ഇറോഷന് ആന്‍ഡ് പ്രോഫിറ്റ് ഷെയറിംഗ് (ബി.ഇ,പി.എസ്) സംവിധാനം നടപ്പിലാക്കുന്നതിന് മുമ്പ് വികസിത വികസ്വര സമ്പദ് വ്യവസ്ഥകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മന്‍ ചാന്‍സലറായ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മെര്‍ക്കല്‍ നരേന്ദ്രമോദിയെ ജര്‍മന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചു. പ്രധാനമന്ത്രി ജര്‍മനിയില്‍ സന്ദര്ശന്തതിനെത്തുമ്പോള് അത് രണ്ടു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും മെര്‍ക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: