പുനലൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടുന്ന സംസ്ഥാനസര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കേടം സുദര്ശനന്. ഹിന്ദുഐക്യവേദി പുനലൂര്‍ താലൂക്ക് യൂണിയന് പുനലൂരില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പുനലൂരില്‍ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടില്ല, അവലോകനയോഗം വിളിച്ചിട്ടില്ല, പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ തീര്‍ത്ഥാടന വഴികളില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്നറിയാന്‍ ഹൈന്ദവസമൂഹത്തിന് അവകാശമുണ്ട്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം അധികപണം ആവശ്യപ്പെടുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് യാതൊരു സൗകര്യവും നല്‍കിയിട്ടില്ല.
നമ്മുടെ നാട് മതേതരത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ മറ്റ് മതസ്ഥര്‍ അവരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എല്ലാ ഇളവുകളും ചെയ്യുമ്പോള്‍ ഹൈന്ദവ തീര്‍ത്ഥാടകര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്.
തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കെ അധികൃതര്‍ യാതൊരു മുന്നൊരുക്കങ്ങളും ചെയ്തിട്ടില്ല.
ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അപ്പവും അരവണയും നല്കിയാല് അവര്‍ തൃപ്തരാകുമെന്നാണ് അധികൃതരുടെ വിശ്വാസം അത് തെറ്റാണ്.
തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള തീര്‍ത്ഥാടനവഴികള്‍ കാലാകാലം മണ്ണിട്ട് നികത്തുന്ന അവസ്ഥയാണ് ഇക്കുറിയും ചെയ്തിട്ടുള്ളത്. വര്‍ഷാവര്‍ഷം മിനുക്കുപണികള്‍ നടത്തി അയ്യപ്പഭക്തരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
മറ്റ് മതസ്ഥരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ വരുമാനം അവരുടെ ഉന്നമനത്തിനായി വിനിയോഗിക്കുമ്പോള്‍ ഹൈന്ദവരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ കാണിക്കയില്‍ കൈവയ്ക്കുന്നത് ലജ്ജാകരമാണെന്നും ശബരിമലയിലെ ഒരു തീര്‍ത്ഥാടനകാലത്തെ മുഴുവന്‍ ചിലവും കഴിഞ്ഞ തുക വിനിയോഗിച്ചാല്‍ ആധുനികരീതിയിലുള്ള മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും അവഗണന തുടരുന്നപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി താലൂക്ക് രക്ഷാധികാരി ഡോ.ജെ.സീതാരാമന്റെ അധ്യക്ഷതയില്‍ കൂടിയ സായാഹ്നധര്‍ണയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ഷൈന്‍, തുളസീധരന്‍പിള്ള, പുത്തൂര്‍തുളസി, പ്രസാദ്, ബിനുസുദേവ്, കരവാളൂര്‍, അജി, ഉഷ എന്നിവര്‍ സംസാരിച്ചു.
താലൂക്ക് ജനറല്‍സെക്രട്ടറി പി.ഹരികുമാര്‍ സ്വാഗതവും, ശ്രീകുമാര്‍ നെല്ലിപ്പള്ളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: