ഒറ്റപ്പാലം: വില്ലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കുന്നതിന് ഇ-പേമെന്റ് സംവിധാനം ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ ഒന്ന് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നികുതിദായകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക ഓണ്‍ ലൈനായി സ്വീകരിക്കുന്ന സംവിധാനമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഭൂരഹിതരില്ലാത്ത കേരളം. സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും മൂന്ന് സെന്റ് വീതം ഭൂമി ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം ഭൂദാനപ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന പദ്ധതിയുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കുന്നുണ്ട്. 2,43,000 ഭൂരഹിതരാണ് സംസ്ഥാനത്തുളളത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 11,493 പേര്‍ക്ക് പട്ടയം നല്കി. മറ്റ് ജില്ലകളില്‍ പട്ടയവിതരണം പുരോഗമിക്കുന്നു.
അമ്പലപ്പാറ വില്ലേജ് ഓഫീസിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അമ്പറപ്പാറ വേങ്ങശ്ശേരി സ്വദേശി പി. വാസുദേവന്‍ 10 സെന്റ് ഭൂമി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് ദാനം ചെയ്യുമെന്ന് അറിയിച്ചു. മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എം. ഹംസ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അമ്പലപ്പാറ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് ഓഫീസാക്കുന്നതിന് അടിസ്ഥാന സൗകര്യമേര്‍പ്പെടുത്താന്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഗൗരി, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് യു. രാജഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.ശ്രീകുമാര്‍, ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് കാസിം, രാഷ്ട്രീയ പ്രതിനിധികളായ പി. ദിവാകരന്, കെ. രാധാകൃഷ്ണന്, എം. ഗോപാലന്, മുസ്തഫ തിരിമ്പിക്കല്, എം. ഗോപിനാഥ്, മൊയ്തീന് ഹാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന് സ്വാഗതവും എ.ഡി.എം. കെ. ഗണേശന് നന്ദിയും പറഞ്ഞു. തഹസില്‍ദാര്‍ പി.പി.ജയരാജന്, അമ്പലപ്പാറ ഒന്ന് വില്ലേജ് ഓഫീസര്‍ ഡി. മുരളി എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: