കാക്കനാട്: ഒരു വര്‍ഷം മുന്‍പ് കാക്കനാട്ടെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടിക്കുറ്റവാളികളില്‍ ഒരാളെകൂടി പോലീസ് പിടികൂടി..തക്കല പോലീസ് ഒരു കേസുമായി ബന്ധപ്പെട്ടു പിടികൂടിയ ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാക്കനാട്ടെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടിക്കുറ്റവാളിയാണെന്ന് തെളിഞ്ഞത്. തമിഴ് നാട് സ്വദേശിയായ ഇയാളെ തക്കല പോലീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് തൃക്കാക്കര പോലീസെത്തി കൊണ്ട് പോരികയായിരുന്നു.
എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.
കഴിഞ്ഞഒക്ടോബറില്‍ ഒബ്സര്‍വേഷന്‍ ഹോമിലെ കെയര്‍ടേക്കറുടെ മുഖത്ത് മുളകുപൊടി വിതറിയാണ് ആറംഗ സംഘം രക്ഷപ്പെട്ടത്. ഇതില്‍പ്പെട്ട രണ്ട് മലയാളികളെ ആയിടെ ത്തന്നെ പിടികൂടിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് രണ്ടംഗ സംഘം പിടിയിലായത്. ഒരാള്‍ ആലുവ കൊലക്കേസിലും , മറ്റൊരാള്‍ മോഷണക്കേസിലും പ്രതികളാണ്..
ഒബ്സര്‍വേഷന്‍ ഹോമിലുണ്ടായിരുന്ന ഏക ജീവനക്കാരനെ ആക്രമിച്ച് പുറത്തുചാടിയ സംഘം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി കടന്നുവന്ന ഓട്ടോക്ക് കൈ കാണിച്ച് എറണാകുളം ബസ്റ്റോപ്പിലെത്തി. അവിടെ നിന്നും ബസ്സില്‍ കോട്ടയത്തേക്കും തുടര്‍ന്ന് ട്രെയിനില്‍ തമിഴ്നാട്ടിലേക്കും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നതിനെ തുടര്‍ന്ന് മലയാളികളായ ഇരുവരും തിരികെ കൊച്ചിയിലെത്തുകയായിരുന്നു.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍ കറങ്ങിനടന്ന ഇവര്‍ ഒടുവില്‍ ഇടപ്പള്ളി ഭാഗത്തുവെച്ച് കഴിഞ്ഞ വര്‍ഷം പോലീസിന്റെ വലയില്‍ വീഴുകയായിരുന്നു.
ഇനി രണ്ട് തമിഴ്നാട്ടുകാരും ഒരു അസം സ്വദേശിയെയുമാണ് പോലീസ് കണ്ടെത്തേണ്ടത്. പിടിയിലായവര്‍ തമിഴ്നാട്ടില്‍ നിന്നും തിരിച്ചെത്തിയതിനാല്‍ പിടിയിലാകാനുള്ളവരും അവിടെ തന്നെ ഉണ്ടാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. തമിഴ്നാട് പോലീസിന് ഇതുസംബന്ധിച്ച് വിവരം കൈമാറിയതായും ,മറ്റു മൂന്നു പേരും താമസിയാതെ തന്നെ വലയിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: