അഞ്ചല്‍: ശരണം വിളികളുമായി ഇതരസംസ്ഥാന അയ്യപ്പഭക്തന്മാര് ഉള്‍പ്പെടെ ആയിരങ്ങള്‍ ബാലശാസ്താവിനെ കാണാന്‍ കുളത്തുപ്പുഴയിലെത്താന് ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാനനക്ഷേത്രത്തില്പ്പെടുന്ന കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് ശബരിമലയോളം തന്നെ പഴക്കവും പ്രാധാന്യവുമുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡോ ഭരണകൂടങ്ങളോ ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത.
കുടിക്കാന്‍ ശുദ്ധജലമില്ലാതെ പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമില്ലാതെ വലയുകയാണിവിടെ ഭക്തര്‍. കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമന് പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന കാനനക്ഷേത്രങ്ങളാണ് ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ, ശബരിമല, എരുമേലി ക്ഷേത്രങ്ങള്‍. വിവിധങ്ങളായ ഭാവങ്ങളില്‍ കാനനരക്ഷയും ഭക്തരക്ഷയും നടത്തുന്ന മലയാളത്തിന്റെ കുലദൈവമായ അയ്യപ്പനെ കാണുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് ഇവിടങ്ങളില്‍ എത്തിച്ചേരുന്നത്.
എന്നാല്‍ ശബരിമല മണ്ഡലകാലത്തെ ചൂഷണത്തിനായി കാണുന്ന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ മഹാക്ഷേത്രത്തെ അവഗണിക്കുകയാണ്. ക്ഷേത്രവികസനത്തിനായി പ്രവര്‍ത്തിക്കാന്‍ നല്ല ഒരു ഉപദേശകസമിതിപോലും കുളത്തുപ്പുഴ ധര്മ്മശാസ്താക്ഷേത്രത്തിനില്ല. കാലങ്ങളായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ക്ഷേത്രത്തില്‍ നടക്കുന്നില്ല. മുമ്പ് വെള്ളപൊക്കത്തില്‍ ചരിഞ്ഞുപോയ ക്ഷേത്രം തകര്‍ച്ചയുടെ വക്കിലാണ്. വളരെ അപൂര്‍വമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രത്തിലെ ആചാരസംരക്ഷണത്തിനും ദേവസ്വം ബോര്‍ഡിന് താല്പര്യമില്ല. മണ്ഡലകാലമായാല്‍ വിവിധങ്ങളായ ലേലത്തിന് കാണിക്കുന്ന താല്പര്യം ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ കാണിക്കുന്നില്ലെന്നുള്ളത് കാലങ്ങളായ പരാതിയാണ്.
മുമ്പ് ക്ഷേത്രപുനരുദ്ധാരണത്തിനും ഗോപുരനിര്മ്മാണത്തിനുമായി പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് തമിഴ്നാട്ടില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ സംഭാവനയായി നിര്‍മ്മിച്ച് നല്കാമെന്നേറ്റിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പിടിപ്പുകേടും ഉപദേശകസമിതി കാര്യക്ഷമമല്ലാത്തതും മൂലം ഇത് നടന്നില്ല.
രാത്രികാലങ്ങളില്‍ ആയിരകണക്കിന് അയ്യപ്പഭക്തരാണ് ഇവിടെ തമ്പടിക്കുന്നത്. കിഴക്കുവശത്തുള്ള ചെറിയ നടപ്പന്തലാണ് ഇവര്‍ക്ക് ഏക ആശ്രയം. അയ്യപ്പന്മാര്ക്ക് വിരിവയ്ക്കുന്നതിന് ആവശ്യമായ ധര്‍മ്മശാലകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിനുനേരെ ബോര്‍ഡ് കണ്ണടച്ചു നില്‍ക്കുകയാണ്. ബലക്ഷയം വന്ന മതിലുകള്‍ പുനര്‍നിര്‍മ്മിക്കണമെന്നും ക്ഷേത്രത്തിന് അഭംഗിയായി നിര്‍മ്മിച്ച പാര്‍ക്കിംഗ് ഫീസ് പിരിവുകേന്ദ്രം മാറ്റിസ്ഥാപിക്കുകയും വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
തകര്‍ച്ചയുടെ വക്കിലായ പാലവും ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസും വലിയ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ഗതാഗതകുരുക്ക് വര്‍ധിപ്പിക്കും. ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യം വേണ്ടുന്ന ശുദ്ധജലവിതരണത്തില്‍ വലിയ അപാകതയാണ് സംഭവിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ചിട്ടുള്ള ടാപ്പുകള്‍ തകര്‍ന്ന് ഉപയോഗശൂന്യമായ നിലയിലാണ്. സ്വന്തമായി പാകം ചെയ്യുന്ന ഭക്തസംഘങ്ങള്‍ക്ക് ശുദ്ധജലത്തിന് വേണ്ടുന്ന സംവിധാനമില്ല. ബാലശാസ്താവിന്റെ തിരുമക്കളായി കരുതി ആരാധിക്കുകയും മീനൂട്ട് നടത്തുകയും ചെയ്യുന്ന മത്സ്യങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇവയെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ക്ഷേത്രത്തിന് മുന്നിലുള്ള കുളത്തുപ്പുഴയാര്‍ മാത്രമാണ് ഭക്തജനങ്ങള്‍ക്ക് കുളിക്കുന്നതിനുള്ള മാര്‍ഗം. എന്നാല്‍ ആറിന്റെ വശങ്ങള് ഇടിഞ്ഞും അഗാധഗര്‍ത്തം ഉണ്ടായും ഭക്തജനങ്ങള്‍ക്ക് ഭീഷണിയായി മാറി. ക്ഷേത്രത്തിന് മുന്നിലുള്ള കടവുകള്‍ ഭക്തജനങ്ങള്ക്കുകൂടിഉപയോഗിക്കത്തക്കവിധം സ്നാനഘട്ടങ്ങള്‍ നിര്‍മ്മിക്കണമെന്നുള്ള ആവശ്യത്തിന് പഴക്കമേറെയാണ്.
തിരുമക്കള്‍ക്ക് വരള്‍ച്ച കാലത്ത് ഭീഷണി നേരിടുന്നതായും ചത്തുപൊങ്ങുന്നതായും മനസിലാക്കി ഇവിടെ ആറിനു കുറുകെ ബണ്ട് നിര്‍മ്മിച്ച് നീരൊഴുക്ക് തടഞ്ഞ് ജലനിരപ്പ് സംരക്ഷിക്കണമെന്നുള്ള നിര്‍ദ്ദേശവും ഉപേക്ഷിച്ചുകഴിഞ്ഞു. വീണ്ടുമൊരു മണ്ഡലകാലം കൂടി എത്തുമ്പോള്‍ കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ ആവശ്യങ്ങളും ശരണമന്ത്രങ്ങള്‍ക്കൊപ്പം വീണ്ടും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: