തൃപ്രയാര്‍ (തൃശൂര്‍): ആദ്യകാല ജനസംഘം പ്രവര്‍ത്തകനും ബിജെപി മുന്‍ ദേശീയ സമിതിയംഗവുമായ വലപ്പാട് ചുലൂര് നടുപറമ്പില്‍ എന്‍.ഐ. ധര്മ്മപാലന് (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വിട്ടു വളപ്പില്‍. ഭാര്യ: ലളിത. മക്കള്‍: രാജേഷ്, ധനേഷ്, സരിത, സുമിത, സുവത. മരുമക്കള്‍: സ്വീറ്റി, ഷൈനി, ജയറാം, സുനില്‍ ബാബു, സുജിത്ത്. സഹോദരങ്ങള്‍: ശങ്കരന്, കൗസല്യ, കരുണാകരന്. പരേതരായ ഗംഗാധരന്, മാധവന്, അംബുജാക്ഷി.
തൃശൂര്‍ നഗരത്തിലെ പ്രസിദ്ധമായ യമുന ഹോട്ടലിന്റെ ഉടമയായിരുന്നു. ജില്ലയില്‍ ആര്‍എസ്എസ്, ജനസംഘം, ബിജെപി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം ബിജെപി ജില്ലാട്രഷറര്‍, സംസ്ഥാന സമിതിയംഗം, ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്മഭൂമിയുടെ പ്രാരംഭകാലത്തെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കാളിയായിരുന്നു അദ്ദേഹം.
ഓള് കേരള ഹോട്ടല്‍ അസോസിയേഷന് പ്രഥമ സംസ്ഥാന സെക്രട്ടറി, സഞ്ജീവനി പ്രകൃതി ചികിത്സാലയം സ്ഥാപകാംഗം, സെക്രട്ടറി, ശ്രീദുര്‍ഗ്ഗ സേവാസമാജം ആദ്യകാല പ്രവര്ത്തകന്, പേരാമംഗലം ശ്രീദൂര്ഗ്ഗ വിലാസം സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം, ഊരകം സഞ്ജീവനി ബാലിക സമിതിയംഗം തുടങ്ങി നിരവധി പ്രസ്ഥാനങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അനുശോചിച്ചു. ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹും ജന്മഭൂമി മനേജിംഗ് ഡയറക്ടറുമായ എം. രാധകൃഷ്ണന്, മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സംഘടന സെക്രട്ടറി പി. പുരുഷോത്തമന്, പ്രാന്ത ഗ്രാമ വികാസ് പ്രമുഖ് പി. ശശീന്ദര്‍, പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് സന്തോഷ്, ആര്‍എസ്എസ് ഇരിഞ്ഞാലക്കുട ജില്ലാ സംഘചാലക് കെ.എസ്. പത്മനാഭന്, ജില്ലാ പ്രചാരക് ശ്രീനേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, അഡ്വ.ബി. ഗോപാലകൃഷ്ണന്, ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ.സി. കൃഷ്ണന്, പി.വി. സുബ്രമണ്യന്‍, ജന്മഭൂമി ഡെപ്യുട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ജന്മഭൂമിക്ക് വേണ്ടി ജില്ലാ കോഡിനേറ്റര്‍ പി. സുധാകരന്, ജില്ലാ ലേഖകന്‍ കൃഷ്ണകുമാര്‍ ആമലത്ത്, എഫ്. ഒ. അനില്‍ മഠത്തില്‍, തൃപ്രയാര്‍ ലേഖകന്‍ എ.കെ. കുമാരന് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വേണ്ടി മേഖല പ്രസിഡന്റ് ടി. ചന്ദ്രശേഖരന് പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: