ചേര്‍ത്തല: ട്രോമാകെയര്‍ യൂണിറ്റിനെ ചൊല്ലി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം, പരസ്പരം പഴിചാരി എല്‍ഡിഎഫും യുഡിഎഫും. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ട്രോമാകെയര്‍ യൂണിറ്റിനായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ ശ്രമമാണ് നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കൈയാങ്കളിയില്‍ അവസാനിച്ചത്. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പുതിയകെട്ടിടത്തിലേക്ക് മാറ്റുന്നതറിഞ്ഞെത്തിയ ഇടതുപക്ഷ അംഗങ്ങള്‍ ട്രോമാകെയര്‍ യൂണിറ്റ് കെട്ടിടത്തിനുമുന്നില്‍ കുത്തിയിരുന്നു. നഗരസഭചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തി കാഷ്വാലിറ്റിയിലെ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മാറ്റുവാന്‍ നേതൃത്വം നല്‍കിയതോടെ വാക്കേറ്റം രൂക്ഷമായി. തുടര്‍ന്ന് എത്തിയ പോലീസ് നഗരസഭ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുള്‍പ്പെടെയുള്ള സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ എംഎല്‍എ മടങ്ങിയ ശേഷമായിരുന്നു സമരക്കാരെ അറസ്റ്റ് ചെയ്തത്. കാഷ്വാലിറ്റിയിലെ മുഴുവന്‍ ഉപകരണങ്ങളും ട്രോമാകെയറിലേക്ക് മാറ്റിയ ശേഷമാണ് പോലീസ് സമരക്കാരെ വിട്ടയച്ചത്. തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് ട്രോമാകെയര്‍ യൂണിറ്റിന്റെ കെട്ടിടത്തിലേക്ക് കാഷ്വാലിറ്റി മാറ്റുവാനുള്ള തീരുമാനമുണ്ടായതെന്ന് കാണിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. എംഎല്‍എ ഒപ്പിട്ട് അംഗീകരിച്ച മിനിട്സിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ മിനിട്സ് വ്യാജമാണെന്നാണ് ഇടതുപക്ഷഅംഗങ്ങളുടെ വാദം.
താലൂക്കാശുപത്രിയിലെ ട്രോമാകെയര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂറോ സര്‍ജനെ കിട്ടാത്തതും ട്രോമാകെയറിനു വേണ്ട ഉപകരണങ്ങള്‍ എത്താത്തതുമാണ് പ്രവര്‍ത്തനം വൈകുന്നതെന്നാണ് എംഎല്‍എയും നഗരസഭ അധികൃതരും നല്‍കിയിരുന്ന വിശദീകരണം.
എ.കെ. ആന്റണിയുടെ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് ട്രോമാകെയര്‍ യൂണിറ്റിന്റെ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ട ഉപകരണങ്ങള്‍ എത്രയും വേഗം അനുവദിക്കുമെന്ന് അന്ന് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. മന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ ആശുപത്രിയില്‍ നിന്ന് ആരോഗ്യ ഡയറക്ടറേറ്റിലേക്ക് ഉപകരണങ്ങളുടെ പട്ടിക തയാറാക്കി നല്‍കിയെങ്കിലും നാളിതു വരെ നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ട്രോമാകെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ദിനംപ്രതി അപകടങ്ങളില്‍ പെടുന്ന നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ കഴിയും. സമീപത്തെ സ്വകാര്യആശുപത്രിയെ സഹായിക്കാന്‍ രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികള്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: