പുന്നപ്ര: സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന ജനനേതാവിന്റെ മുന്നിലേക്ക് ഭയാശങ്കകളോടെ എത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ സാന്നിദ്ധ്യം മറക്കാനാകാത്ത അനുഭവമായി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു ആ നേതാവ്. എത്തിയതാകട്ടെ പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും. സ്കൂളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാഗസിന് വേണ്ടി സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ വിഎസുമായി അഭിമുഖം നടത്താനാണ് കുട്ടികള്‍ എത്തിയത്. സ്കൂള്‍ ലീഡര്‍ അനഘ പ്രസന്നന്, ബി. ശ്രീലക്ഷ്മി, പ്രിയങ്ക, ആര്. അഖില്‍, വിനയ് പി.ദാസ്, ആനന്ദ്, നോബിള്‍ മാത്യു, പി. ലിഫ, എ. കബീര്‍, ആര്. നിള എന്നിവരാണ് പത്രാധിപസമിതിക്ക് വേണ്ടി അഭിമുഖം നടത്തിയത്.
പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പറവൂരിലെ വീട്ടില്‍ വിഎസ് എത്തിയത് ഉച്ചയ്ക്കാണ്. വിഎസിനെ കാണാന്‍ വേറെയും സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. സ്കൂള്‍ യൂണിഫോമില്‍ എത്തിയ കുട്ടികളെ കണ്ടപ്പോള്‍ ആദ്യം തന്നെ അവരെ അടുത്തേക്ക് വിളിച്ചു. 85 വര്‍ഷം മുമ്പ് പറവൂര്‍ സ്കൂളില്‍ പഠിക്കാനെത്തിയത് വിഎസ് കുട്ടികള്‍ക്ക് മുന്നില്‍ ഓര്‍മ്മിച്ചെടുത്തു.
‘ആറു വയസുകാരനായ തന്നെ രണ്ടാംക്ലാസിലും അനുജന് ഗംഗാധരനെ ഒന്നാംക്ലാസിലും അച്ഛന് സ്കൂളില്‍ ചേര്‍ക്കുകയായിരുന്നു. ഇന്ന് സ്കൂളിന് മുന്നിലുള്ള റോഡ് അന്ന് തോടായിരുന്നു’. അനുജനും, കൂട്ടുകാര്‍ക്കുമൊപ്പം അന്ന് സ്കൂളിലേക്ക് നടന്നുവന്ന ഓര്‍മ്മകളും വിഎസ് പങ്കുവച്ചു. അക്കാലത്ത് പറവൂര്‍ സ്കൂളില്‍ മൂന്നാംക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ നാലാംക്ലാസ് പഠനത്തിനായി കളര്‍കോട് യുപി സ്കൂളില്‍ ചേര്‍ന്നു. പിന്നീട് ഏഴ് വരെയുള്ള പഠനം പൂര്‍ത്തീകരിച്ചത് പുന്നപ്ര ഗവ. യുപി സ്കൂളിലായിരുന്നു. വിഎസ് പഴയകാലം ഓര്‍മ്മിച്ചു. കളര്‍കോട് സ്കൂളില്‍ പഠിക്കാനെത്തിയപ്പോഴുള്ള തടസപ്പെടുത്തലുകളും അതിനെ നേരിട്ടവിധവും വിഎസ് വിശദീകരിച്ചു. സമരമുഖത്തെ അനുഭവങ്ങളും ഓര്‍മ്മകളും അദ്ദേഹം പറഞ്ഞുതുടങ്ങിയത് അഭിമുഖക്കാര്‍ക്ക് വലിയ അനുഭവമായി. അദ്ധ്യാപകരായ വി. രാധാകൃഷ്ണന്, എ. വി. ബൈജു ബാസ്റ്റിന്, മുന്‍ പിടിഎ പ്രസിഡന്റ് സത്യകീര്‍ത്തി എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: