ഇടുക്കി : ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ വാഹനങ്ങള്‍ പാര്ക്കുചെയ്യുന്നവരില്നിന്നും സ്വകാര്യവ്യക്തി പണപ്പിരിവ് നടത്തുന്നതായി പരാതി. ഓട്ടോറിക്ഷകള്‍ക്ക് അഞ്ചുരൂപയും മറ്റുവാഹനങ്ങള്‍ക്ക്
പത്തുരൂപയുമാണ് ഈടാക്കുന്നത്.
ജില്ലാപഞ്ചായത്തിന്റെ നിര്‍ദേശപ്രകാരമാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് പറയുന്നത്. എന്നാല്‍ രസീതുബുക്കിന് കൗണ്ടര്ഫോയിലോ ക്രമനമ്പരോ ഇല്ല. മാത്രമല്ല ജില്ലാപഞ്ചായത്തിന്റെ അനുമതിയോടെയാണെന്നുള്ള യാതൊരു സൂചനയും രസീതിലില്ല. വാഹനത്തിന്റെ നമ്പറോ ഉടമയുടെ പേരോ രസീതില്‍ എഴുതാറില്ല. ഇന്നലെ ആശുപത്രിമുറ്റത്ത് പാര്‍ക്കുചെയ്ത കാര്‍ ഉടമയില്‍നിന്ന് പണം ആവശ്യപ്പെട്ട് രസീത് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പത്തുരൂപ എന്നുമാത്രം എഴുതിയ രസീത് നല്കി പണം ആവശ്യപ്പെട്ടത് വാഹന ഉടമ ചോദ്യംചെയ്തു. പണംകൊടുത്ത് മടങ്ങിയ ഇയാള്‍ പിന്നിട് ഇടുക്കി സ്റ്റേഷനിലെത്തി പരാതി നല്കി. ഇടുക്കി എസ്ഐ സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് വെള്ളാപ്പാറയിലുള്ള ഒരു സ്വകാര്യവ്യക്തിയാണ് പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നതെന്ന് മനസിലായത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: