എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മണിമലയാറ്റില്‍ കൊരട്ടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചെക്കുഡാം നവീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇറിഗേഷന്‍ വകുപ്പിന് കത്ത് നല്കി. ശബരിമല തീര്‍ത്ഥാടന വേളയില്‍ ഏരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി വലിയതോട്ടില്‍ വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ചെക്കുഡാം നിര്‍മ്മാണം.
1992ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച ചെക്കുഡാം കഴിഞ്ഞ മഴവെള്ളപ്പൊക്കത്തില്‍ ഡാമിന്റെ 13 മീറ്ററോളം ഭാഗം ദൂരത്തില്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ചെക്കുഡാം പ്രശ്നം ചര്‍ച്ചചെയ്തപ്പോള്‍ ചെക്കുഡാമിന്റെ നവീകരണം ഇറിഗേഷന്‍ വകുപ്പിനെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ കഴിഞ്ഞുപോയെന്നും കൊരട്ടി ചെക്കുഡാം നവീകരണ പദ്ധതികള്‍ ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും ഇറിഗേഷന്‍ എഇ നിഷ പറഞ്ഞു.
കൊരട്ടി ചെക്കുഡാം നവീകരിക്കുന്നത് സംബന്ധിച്ച് അവലോകന യോഗം ആവശ്യപ്പെട്ടതനുസരിച്ച് ഇറിഗേഷന്‍ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ദേവസ്വം എഎക്സ്ഇ എ.അജിത്കുമാര്‍ പറഞ്ഞു. തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെക്കുഡാമിന്റെ ശോചനീയാവസ്ഥ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.
ചെക്കുഡാം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് കത്തുകളോ വകുപ്പുതല നിര്‍ദ്ദേശങ്ങളോ വന്നിട്ടില്ലെന്നും കാഞ്ഞിരപ്പള്ളി ഇറിഗേഷന്‍ എഇ പറഞ്ഞു. എന്നാല്‍ കൊരട്ടി ചെക്കുഡാം നവീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും ഇറിഗേഷന്‍ വകുപ്പും തമ്മില്‍ തര്‍ക്കത്തിന് വഴിയൊരുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: