അമ്പലപ്പുഴ: കര്‍ഷകരെ പ്രതിസന്ധിയിലാക്കി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ യൂറിയ വിതരണം അട്ടിമറിക്കുന്നു. കാലിത്തീറ്റ കമ്പനി ഉടമകള്‍ക്കും പ്ലൈവുഡ് കമ്പനികള്‍ക്ക് പശയ്ക്കായുമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട യൂറിയ ഉദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നത്
വിതച്ച് 15-ാം ദിവസം മുതല്‍ കൃഷിക്ക് ഉപയോഗിക്കേണ്ട യൂറിയയാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ലഭിക്കാത്തത്. ഒരേക്കറിന് ശരാശരി 60 കിലോ യൂറിയ വീതമാണ് കര്‍ഷകര്‍ക്ക് ലഭ്യമാകേണ്ടത്. കൃഷി ഭൂമിയില്‍ ഒഴിച്ചുകൂടാനാവാത്ത രാസവളമാണിത്.
അടുത്തകാലത്തായി പെരുമ്പാവൂര്‍ ഭാഗത്തെ പ്ലൈവുഡ് കമ്പനികള്‍ക്ക് പശ നിര്‍മ്മിക്കുന്നതിനായും തമിഴ്നാട്ടിലെ കാലിത്തീറ്റ കമ്പനികള്‍ക്ക് കാലിത്തീറ്റയില്‍ ചേര്‍ക്കുന്നതിനായും ചില ഉദ്യോഗസ്ഥര്‍ ഇത് മറിച്ചു വില്‍ക്കുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ ആലപ്പുഴ മാര്‍ക്കറ്റ് ഫെഡിലെ ഗോഡൗണില്‍ യൂറിയ എത്താറില്ലെന്ന വാദമാണ് ഉദ്യോഗസ്ഥരുടേത്. നീര്‍ക്കുന്നം സൊസൈറ്റിയുടെ കീഴിലുള്ള നിരവധി കര്‍ഷകരാണ് യൂറിയ ലഭിക്കാത്തതിനെ തുടര്‍ന്ന് കടക്കെണിയിലാകുന്നത്.
വിളവെടുപ്പ് കാലയളവിനുള്ളില്‍ മൂന്നു പ്രാവശ്യമെങ്കിലും നല്‍കേണ്ട യൂറിയ ഒരുപ്രാവശ്യം പോലും കൃഷിക്ക് ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: