കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കശ്മീര്‍ കണ്ട ഏറ്റവും വലിയ പ്രളയ ദുരിതത്തിന് ഒരുപരിധിവരെ അറുതിവന്നെന്ന് സമാശ്വസിക്കാം. പ്രളയം ജമ്മുകശ്മീരിനുണ്ടാക്കിയ നഷ്ടം ഏകദേശം ആറായിരം കോടി രൂപയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സപ്തംബര്‍ രണ്ടിന് കനത്തമഴയെത്തുടര്‍ന്ന് ആരംഭിച്ച പ്രളയം പ്രതീക്ഷിക്കാത്ത തിരിച്ചടിയായി കാശ്മീരിന്. സംഭവമറിഞ്ഞയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലത്തെത്തുകയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയുമുണ്ടായി.
കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി രൂപയുടെ പാക്കേജാണ് കശ്മീരിനായി നീക്കിവച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വക പുനരധിവാസത്തിനായി ഇരുനൂറ് കോടി വേറെയും. വായുസേനയുടെ 89 വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് രാപകല്‍ ഇല്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ ദേശീയ ദുരന്തനിവാരണസേന നടത്തുന്ന രക്ഷാപ്രവര്‍ത്തനം എല്ലാ വിധത്തിലുമുള്ള അഭിനന്ദനം ഏറ്റുവാങ്ങുന്ന രീതിയിലാണ് സമര്‍ത്ഥമായി നീങ്ങിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇത്രയും കനത്തപ്രളയം ഉണ്ടായിട്ടും മരണം 200ല്‍ നിര്‍ത്താന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ കരുത്താണ് വ്യക്തമാക്കുന്നത്. മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍ വരെ പ്രളയത്തില്‍ മുങ്ങി. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും അവശ്യവസ്തുക്കള്‍ കിട്ടാതെ അലയുന്നുവെന്നാണ് പറയുന്നത്.
വീടും കൃഷിയും പണിശാലകളും സര്‍ക്കാരിന്റെ വിവിധ ഓഫീസുകളും വെള്ളത്തിനടിയിലായി. പല ഫയലുകളും നഷ്ടപ്പെട്ടു. പലതും ഇനി തിരിച്ചു കിട്ടാനാവാത്ത വിധം നശിച്ചു കഴിഞ്ഞു. ശ്രീനഗറിന്റെ നല്ലൊരുശതമാനം സ്ഥലങ്ങളും ഇപ്പോഴും പ്രളയക്കെടുതിയിലാണ്. നാടുംവീടും വിടേണ്ടിവന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് അവരവരുടെ സ്ഥലങ്ങളിലേക്ക് ഇനിയും തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ക്ക് അവരുടെ ജീവനോപാധിയെല്ലാം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ സംഘടനകളും അമഹമികയാ രക്ഷാ പ്രവര്ത്തനത്തിനെത്തിയെന്നത് കശ്മീര്‍ ജനതയെ സംബന്ധിച്ചിടത്തോളം തികച്ചും ആശ്വാസദായകമായ കാര്യമായി. സര്‍ക്കാര്‍ വിചാരിച്ചാല്‍മാത്രം രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നടത്തുവാന്‍ സാധിക്കില്ല. പലയിടങ്ങളിലും വെറും കൂടാരങ്ങളിലാണ് അവര്‍ താമസിക്കുന്നത്. തങ്ങളുടെ പ്രദേശമോ വീടോ എവിടെയാണെന്നുപോലും ആര്‍ക്കും അറിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി പറയുന്നത്. ഒന്നരലക്ഷത്തോളം ആളുകളെ സൈന്യവും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായാണ് സര്‍ക്കാര്‍ പറയുന്നത്. ആരോപണ-പ്രത്യാരോപണങ്ങള്‍ക്കുള്ള സമയമല്ല ഇതെന്നാണ് കേന്ദ്രം ഓര്‍മ്മപ്പെടുത്തുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നരലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വീടുകള്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് വിവിധ സന്നദ്ധസംഘടനകളുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എങ്കില്‍ മാത്രമെ വീടുവിട്ടുപോയവര്‍ക്ക് യഥാസമയം എത്തിച്ചേരാന്‍ കഴിയൂ. പ്രളയബാധിതര്‍ക്ക് ആറുമാസത്തെ സൗജന്യറേഷനും നല്‍കും.
രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് ചിലയിടങ്ങളില്‍ സൈന്യത്തിനുനേരെ ജനങ്ങള്‍ കല്ലേറുനടത്തിയത് നേരിയ പ്രശ്നങ്ങള്ക്കിടയാക്കിയെങ്കിലും സേന ആത്മസംയമനം പാലിച്ചതിനാല്‍ പ്രശ്നം വളഷായില്ല. രക്ഷക്കുവേണ്ടി ജനങ്ങള്‍ നടത്തിയൊരു വികാരമായി മാത്രമെ അവര്‍ അതിനെ കണ്ടുള്ളുവെന്നതാണ് സംഘര്‍ഷം കുറയാന്‍ കാരണം.
വിനോദസഞ്ചാരത്തിനായെത്തിയ മലയാളികളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെയും ജമ്മുസര്ക്കാരിന്റെയും സഹായത്തോടെ പൂര്‍ണ്ണമായും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഒരു മലയാളിപോലും അവിടെ കുടുങ്ങിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും കശ്മീരിലേക്ക് വിനോദസഞ്ചാരത്തിന് അടുത്തമാസംവരെ ബുക്ക് ചെയ്തിരുന്നവര്‍ അവ റദ്ദാക്കി. ഇത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതിയെ ബാധിക്കുമെന്നാണ് കണക്കു കൂട്ടല്‍. കശ്മീരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമാണ് വിനോദസഞ്ചാര മേഖല. എന്നാല്‍ ഈ മേഖല സജീവമാകണമെങ്കില്‍ മാസങ്ങള്ത്തന്നെ വേണ്ടിവന്നേക്കാം. ഉള്ളവ നശിക്കുകയും വരുമാനം കുറയുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ അത് വല്ലാത്ത അവസ്ഥയിലെത്തിക്കും. താമസിയാതെ മഞ്ഞുകാലമെത്തുന്നതും അധികാരികളെ ആശങ്കയിലാഴ്ത്തുന്നു. മഞ്ഞുകാലത്ത് പ്രളയബാധിതര്‍ ദുരിതമനുഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നാണ് അവര്‍ പറയുന്നത്.
പ്രളയത്തെ തുടര്‍ന്നുള്ള നഷ്ടവും വിനോദത്തില്നിന്നുള്ള വരുമാനവും കൂടി ഇല്ലാതാകുമ്പോള്‍ സംഭവത്തെ ഏതുരീതിയില്‍ നേരിടണമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ണ്ണമായി നടക്കണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കഴിയേണ്ടിവരും. അതുകഴിഞ്ഞാല്‍ മാത്രമെ നഷ്ടം പൂര്‍ണ്ണമായും തിട്ടപ്പെടുത്താന്‍ കഴിയൂ.
പ്രശ്നത്തെ ഗൗരവത്തിലെടുക്കുകയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ക്കകം കശ്മീരിലെത്തിയതും ജനങ്ങള്‍ക്ക് ഏറെ ആശ്വാസംപകര്‍ന്ന കാര്യമാണ്. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചത് ആശ്വാസമായി. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിമാരുടെ സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രത്യേകമായി നിയോഗിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഒരുകാര്യവും മുടങ്ങാന്‍ പാടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
പ്രളയക്കെടുതിയില്‍ ആശയവിനിമയബന്ധം പൂര്‍ണ്ണമായും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇത്രയും കനത്തമഴയും കെടുതികളും അധികൃതര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ എത്രയുംവേഗം പ്രവര്‍ത്തന പഥത്തിലെത്തിക്കാന്‍ അതാതുവകുപ്പുകള് കൈമെയ് മറന്ന് പ്രവര്‍ത്തിച്ചുവെന്നത് ഏറെ ആശ്വാസം പകരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവത്തിലെടുത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായി സാധാരണനിലയിലെത്തണമെങ്കില്ത്തന്നെ മാസങ്ങളെടുക്കും. ഈ പ്രളയക്കെടുതി തെരഞ്ഞെടുപ്പിനെ ഏതുവിധത്തില്‍ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയാണിത്. സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആറായിരം കോടിയെങ്കിലും വേണ്ടിവരുമെന്ന കണക്കുകള്‍ റവന്യൂ, ദുരിതാശ്വാസ, പുനരധിവാസ വകുപ്പുകള്‍ പറയുന്നത് സര്‍ക്കാരുകള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. മഴക്ക് സ്ഥിരമായ ശമനം ഉണ്ടായെങ്കില്മാത്രമെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നോട്ടുപോകൂ. പത്തുദിവസത്തെ മഴക്കുശേഷം ഒരിടവേള കിട്ടിയെങ്കിലും വീണ്ടും മഴവരുമെന്ന മുന്നറിയിപ്പ് സര്‍ക്കാരിനെയും അധികാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കരുതെന്നും അതിന് ചെലവാക്കാനുദ്ദേശിക്കുന്ന പണം ജമ്മുകശ്മീരിലെ പ്രളയ ബാധിതര്‍ക്കായി നല്‍കണമെന്നുമുള്ള മോദിയുടെ ആഹ്വാനം ശ്രദ്ധേയമായി. വിവിധ കാര്യങ്ങള്‍ക്കായി ലക്ഷക്കണക്കിനുരൂപ ധൂര്ത്തടിക്കുന്നവര്ക്കുള്ള മാതൃകയാണിത്. കശ്മീരില്‍ ലക്ഷക്കണക്കിനാളുകല്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയും മഴകൊള്ളാതിരിക്കാന്‍ മാര്‍ഗ്ഗമില്ലാതെയും അലയുമ്പോള്‍ പിറന്നാള്‍ ആഘോഷം നാമാമാത്രമാക്കി ചുരുക്കാനുള്ള മോദിയുടെ തീരുമാനം അണികള്‍ ഉള്‍ക്കൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല.
കശ്മീരിലും സേവാഭാരതിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കുവാന്‍ ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീരിലേക്ക് എത്തിയത്. പ്രശസ്തിപരാങ്മുഖരായ ഇവര്‍ കര്‍ത്തവ്യത്തില്‍ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചത്. സര്‍ക്കാരുകളുടെ ഒരുതരത്തിലുമുള്ള സഹായത്തിന് അവര്‍ കാത്തുനിന്നില്ല. ദുരിതമനുഭവിക്കുന്നവര്‍ക്ക് താത്ക്കാലിക താമസ സൗകര്യം, വസ്ത്രങ്ങള്‍, കമ്പിളി, ഭക്ഷണം, ചികിത്സാസംവിധാനം, മരുന്ന് എന്നിവയും അവര്‍ എത്തിച്ചു.
പ്രകൃതി ദുരന്തം നമുക്ക് തരുന്നത് ഓരോ പാഠമാണ്. എന്നാല്‍ പലപ്പോഴും നാം അതില്‍നിന്ന് ഒന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാറില്ല. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ക്കാണ് പലപ്പോഴും മുതിരുക. ഇത് പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല മറിച്ച് രൂക്ഷമാക്കാനാണ് ഇടവരുത്തുക. പേമാരിയും ഉരുള്‍പൊട്ടലും സധാരണമാണ്. എന്നാല്‍ ചിലപ്പോള്‍ അത് പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ കനത്തമഴയുടെ സാധ്യത പലപ്പോഴും പ്രവചിക്കുമെങ്കിലും അതിനെ ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് അനുഭവം കാണിക്കുന്നത്.
കെട്ടിടങ്ങള്‍ക്ക് തകര്ച്ചയുണ്ടാകുമെങ്കിലും വാര്‍ത്താവിനിമയ ബന്ധങ്ങളെയാണ് അത് ആദ്യം ബാധിക്കുക. അത് പുനഃസ്ഥാപിക്കണമെങ്കില്‍ മാസങ്ങള്ത്തന്നെ വേണ്ടിവരും. ഏറ്റവും ഒടുവില്‍ കശ്മീരിലെ സ്ഥിതിതന്നെ നമ്മുടെ മുന്നിലുണ്ട്. ഇതിന്റെ പുനര്‍നിര്‍മ്മാണം നടന്നെങ്കില്‍ മാത്രമെ രക്ഷാപ്രവര്‍ത്തനം ശരിയായരീതിയില്‍ ഏകോപിപ്പിക്കുവാന്‍ കഴിയൂ. ഭാരതത്തിനെക്കാള്‍ ചെറിയ രാജ്യങ്ങള്‍പോലും ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നാണ് പറയുന്നത്. നാം ആ പാത പിന്തുടര്ന്നേ മതിയാകൂ. കാലാവസ്ഥ നമ്മുടെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തരീതിയിലാണ് ബാധിക്കുന്നതെന്ന് നമുക്കറിയാം. പ്രളയവും വെള്ളപ്പൊക്കവും വരള്‍ച്ചയും മറ്റു പലകാരണങ്ങളും ഇതിന് കാരണമാകാറുണ്ട്. ഒരു പതിറ്റാണ്ടു മുമ്പ് ഗുജറാത്തിലുണ്ടായ ഭൂകമ്പം മറക്കാന്‍ കഴിയില്ലല്ലോ?
പേമാരിയും ഉരുള്‍പ്പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ അറിയുവാന്‍ ആധുനിക യന്ത്രസംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. അവ കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ കഴിയണം. ഇക്കാര്യത്തില്‍ കാണിക്കുന്ന അവഗണന പിന്നീടുണ്ടാക്കിവെയ്ക്കുന്ന ദുരിതത്തെ പഴിക്കുന്നതുകൊണ്ട് തീരില്ല. ഒരു പ്രകൃതി ദുരന്തത്തെ മറികടന്ന് സാധാരണ നിലയിലെത്തണമെങ്കില്‍ വര്‍ഷങ്ങള്‍ത്തന്നെ വേണ്ടിവരും. അതിന് ഒരു ജനതയുടെ മുഴുവന്‍ പിന്തുണയും സര്‍ക്കാരിനുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: