ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍ നിന്നും ആംആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പിന്മാറിയത് വിവാദമാകുന്നു. മകളുടെ പരീക്ഷ നടക്കുകയാണെന്ന പേരിലാണ് പിന്മാറ്റം. ദല്‍ഹിയില്‍ മത്സരിക്കുന്നതിന് സീറ്റ് നല്‍കാത്തതിന്റെ പേരിലാണ് ഷീസിയയുടെ പ്രതിഷേധമെന്നാണ് എഎപി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സോണിയാഗാന്ധിക്കെതിരെ മത്സരിക്കുന്നതില്‍ നിന്നും എഎപി പിന്മാറുന്നത് കോണ്‍ഗ്രസുമായുള്ള ആംആദ്മി പാര്‍ട്ടിയുടെ ബന്ധം കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്.
റായ്ബറേലിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും രണ്ടുമാസം മുമ്പുതന്നെ പാര്‍ട്ടി നേതൃത്വത്തോട് ഇക്കാര്യം വിശദീകരിച്ചതാണെന്നും ഷാസിയ പറയുന്നു. തനിക്ക് റായ്ബറേലിയില്‍ ആരേയും അറിയില്ലെന്നാണ് എഎപി നേതാവ് പറയുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്ന എഎപി നേതാവ് കുമാര്‍ ബിശ്വാസും മത്സരത്തിനു താല്‍പ്പര്യമില്ലെന്ന തരത്തിലുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇതോടെയാണ് എഎപി-കോണ്‍ഗ്രസ് ധാരണയെന്ന സംശയം ബലപ്പെടുന്നത്.
കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ യാതൊരു വിശ്വാസവുമില്ലെന്ന് ഷാസിയയുടെ പിന്മാറ്റത്തോടെ വക്തമായതായി ബിജെപി പ്രതികരിച്ചു. അതിനിടെ അരവിന്ദ് കെജ്രിവാളിന്റെ എഎപി നേതൃത്വത്തോടുള്ള അതൃപ്തിയില്‍ പാര്‍ട്ടി വിടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എഎപി നേതാക്കളില്‍ ചിലരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവൃത്തിയും കെജ്രിവാളിന്റെ അടുത്ത അനുയായികള്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്നതുമാണ് അതൃപ്തിയുടെ കാരണം.
എഎപി സര്‍ക്കാരിലെ മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു ലഫ്. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതി തേടിയതും പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വനിതകള്‍ താമസിക്കുന്ന സ്ഥലത്തു നടത്തിയ വിവാദ റെയ്ഡുമായി ബന്ധപ്പെട്ടുള്ള കേസിലാണ് സോമനാഥ് ഭാരതിക്കെതിരെ നിയമനടപടി വരുന്നത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടന്‍ ഭാരതിയെ അറസ്റ്റ് ചെയ്തേക്കും. തങ്ങളെ അപമാനിച്ചെന്ന് കാണിച്ച് ആഫ്രിക്കന്‍ വനിതകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: