പാലക്കാടന്‍ ചൂട് 40 ഡിഗ്രിയിലെത്തിനില്ക്കുകയാണ് അതിനോടൊപ്പം തെരഞ്ഞെടുപ്പു ചൂടും കനത്തു. ചൂടേറിയ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മൂന്നുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇനി ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രം.
പണ്ട് കവലകളിലും ചായകടകളിലും ബാര്‍ബര്‍ഷോപ്പുകളിലും മറ്റും പുരുഷന്മാര്മാത്രയിരുന്നു തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചിരുന്നത്. എന്നാലിന്ന് തെരഞ്ഞെടുപ്പിനെക്കുറിച്ചും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സ്ത്രീകളും ഏറ്റെടുത്തിരിക്കുന്നു. ഏല്ലാവരും ഉറച്ച മനസ്സോടെയാണ് തെരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. ഒരു പക്ഷേ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെക്കുറിച്ചും തങ്ങളുടെ എംപി എങ്ങനെ ആയിരിക്കണമെന്നും വികസനങ്ങളെക്കുറിച്ചും അവര്‍ക്കിന്ന് വ്യക്തമായ ധാരണയുണ്ട്.
മോഹനവാഗ്ദാനങ്ങള്‍ നല്കി വോട്ടര്‍മാരെ കൈയ്യിലെടുക്കാനുള്ള പഴയതന്ത്രങ്ങള്‍ ഇനിഫലിച്ചില്ലെന്നും വരാം. ഇതില്‍ ന്യൂമീഡിയയുടെ പങ്കും ശ്രദ്ധേയമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ നെറ്റിവര്ക്കിംഗ് സൈറ്റുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണആയുധങ്ങള്. ഇത്തരം സംവിധനങ്ങളിലേക്ക് സ്ത്രീകള്‍ കുടുതലായി കടന്നു ചെന്നതോടെ തങ്ങളുടെ തിരുമാനം പക്വതയോടെയായിരിക്കും അവര്‍ വിനിയോഗിക്കുക. അടുക്കളയിലെ സ്ത്രീകളുടെ വിരലുകള്‍ നിഷേധ വോട്ടിന്റെ ബട്ടനില്‍ എത്ര മാത്രം അമരുമെന്നും കണ്ടറിയണം. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെക്കുറിച്ചും എംപിയില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിലര്‍ തങ്ങളുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നു…
പ്രായം 75 പിന്നിട്ട, നൂറണി തോട്ടിങ്കല്‍ വീട്ടില്‍ രുക്മിണി അമ്മ വോട്ടുചെയ്യാനുള്ള ത്രില്ലിലാണ്. ഒരിക്കല്‍പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല. വയസായവര്ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും കൃത്യമായി നടപ്പാക്കുന്ന ആളാവണം ഭരണത്തില്‍ വരേണ്ടതെന്നും അഴിമതിക്കാരെ മാറ്റിനിര്‍ത്തണമെന്നുമാണ് അമ്മൂമ്മയുടെ അഭിപ്രായം. പാവങ്ങള്‍ക്ക് താങ്ങായി നില്ക്കുന്ന ആള്‍ക്കെ താന്‍ വോട്ടുചെയ്യുകയുള്ളു എന്നും അമ്മൂമ്മ തുറന്നു പറയുന്നു.
പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണ്‍ എസ്. വിഘ്നേശ്വരിക്ക് തെരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. മണ്ഡലത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി വികസനങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള ആളായിരിക്കണം എംപി. അല്ലാതെ, വാഗ്ദാനങ്ങള്‍ മാത്രം നല്കുന്ന ആളാവരുത്. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണം. ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്ന പ്രസ്ഥാനങ്ങളിലെ വ്യക്തിക്കായിരിക്കും ആദ്യപരിഗണന. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയും സ്ഥാനവും ന്ല്കാന് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ശ്രമിക്കണം.ഭരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗമായിരിക്കണം നിഷേധവോട്ട്. സ്വയം തൊഴില്‍ ചെയ്യാനുള്ള പുതിയ ആശയങ്ങളും മൂലധനവും നല്കാന് ഭരണത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ തയ്യാറാകണം. വിലവര്‍ദ്ധനവ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കന്നിവോട്ടര്‍ എന്ന നിലയ്ക്ക് ഗവ.വിക്ടോറിയ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി ഫിസിക്സ് വിദ്യാര്‍ത്ഥിനികളായ എം.അശ്വതിക്കും, പി.ആതിരക്കും പറയാന്‍ ഏറെയുണ്ട്. വിലവര്‍ദ്ധനവും അഴിമതിയും ഇല്ലാതാക്കണം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയുണ്ടാകണം. പാര്‍ട്ടിയല്ല അതിലുപരി ആ പാര്‍ട്ടി ഉന്നയിക്കുന്ന ആശയങ്ങള്‍ക്കും, സാധാരണക്കാരായ ജനങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന ഒരുഭരണകൂടമാണ് ആവശ്യം. അഴിമതിയും അധികാരദുര്‍വിനിയോഗവും ഇല്ലാത്ത രാഷ്ട്രീയമാണ് നമുക്കിന്നാവശ്യം. ഗ്രാമങ്ങളുടെ സുസ്ഥിരവികസനത്തിന്മുന് തൂക്കം നല്കുന്ന ആളായിരിക്കണം ഞങ്ങളുടെ കാഴ്ച്ചപ്പാടിലുള്ള എംപി. പരിസ്ഥിതിയ മറന്നുള്ള വികസനമായിരിക്കരുത്. സ്ത്രീകളുടെ സുരക്ഷക്ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കണം. മലിനീകരണ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കണം. കര്‍ഷകരുടെ ഭൂമി ഭൂമാഫിയകള്‍ കയ്യടക്കുന്നത് തടയാന്‍ എംപിഎന്ന നിലയക്ക് നടപടി സ്വീകരിക്കണം. വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കണം. കന്നിവോട്ടര്‍ എന്ന നിലയ്ക്ക് നവ ഭാരതമാണ് നമുക്കാവശ്യം.
വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുന്ന ആളാവരുത് എംപിയെന്നും വിദ്യാഭ്യാസമേഖലയില്‍ കാര്യമായ പരിഗണന നല്കി പ്രവര്‍ത്തിക്കുന്ന എംപി ആയിരിക്കണം അധികാരത്തില്‍ വരേണ്ടതെന്ന് പാലക്കാട് ബിഗ്ബസാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹിസ്റ്ററി അധ്യാപികയായ കെ.വി. ലീന. അതേസമയം നല്ലൊരു പാര്ലമെന്റേറിയനാവണം അദ്ദേഹം. സമഗ്രവികസനം, സുരക്ഷ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കണം. സംവരണമില്ലാതെ തന്നെ സ്ത്രീകള്‍ക്ക് മുഖ്യധാരയിലെത്താന്‍ അവസരം ഉണ്ടാകണം. പാര്‍ട്ടിക്കും വ്യക്തിപ്രഭാവത്തിനുമല്ല സ്ഥാനാര്‍ത്ഥി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും ലക്ഷ്യങ്ങളും നോക്കിയാണ് വോട്ടുചെയ്യുക.
സ്ഥാനാര്‍ത്ഥിയുടെ വികസനമല്ല മറിച്ച് ജനങ്ങളുടെയും നാടിന്റെയും വികസനത്തിനുവേണ്ടി പ്രവര്ത്തിക്കുന്നവരെയാകണം നമുക്ക് തെരഞ്ഞെടുക്കേണ്ടതെന്ന് വീട്ടമ്മയായ കെ.എം. വിനയ പറയുന്നു. സ്വന്തം വ്യക്തിത്വത്തെ എടുത്തുകാട്ടുവാന്‍ വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കുകയും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഒരാളെയല്ല നമുക്ക് വേണ്ടത്. വെറും പ്രാസംഗികനായി മാറാതെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് അവര്‍ക്കു വേണ്ടി സഹായസഹകരണങ്ങള്‍ ചെയ്യുന്നവരായിരിക്കണം അധികാരത്തില്‍ വരേണ്ടത്. സ്വന്തം ഉന്നമനത്തിനു പകരം നാടിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം. സാധാരണക്കാരായ വീട്ടമ്മമാരുടെ ബജറ്റ് തകിടം മറിക്കുന്ന അടിക്കടിയുണ്ടാവുന്ന വിലവര്‍ദ്ധനവ് പിന്‍വലിക്കണം. അഴിമതി, തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ് എന്നിവ ഇല്ലാതാക്കണം.സ്ത്രീസംവരണം ഉറപ്പുവരുത്തണം ഇങ്ങനെ പോകുന്നു തങ്ങളുടെ ജനപ്രതിനിധിയെ കുറിച്ചുള്ള ഒരോ വോട്ടര്‍മാരുടെയും സങ്കല്‍പ്പങ്ങള്‍..
തയ്യാറാക്കിയത് സിജ പി. എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: