മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള ദേശീയാംഗീകാരം ലഭിച്ച ജനപ്രതിനിധിയാണ് ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ത്ഥി എസ്. ഗിരിജകുമാരി. ഗിരിജകുമാരി 2000-2005 കാലത്ത് നെടുമങ്ങാട് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ഇന്ത്യയില്‍ ആദ്യമായി ദുരിതാശ്വാസനിധി രൂപീകരിച്ച് രാജ്യത്തിനാകെ മാതൃകയായത്. കുടുംബശ്രീവഴി നടപ്പാക്കിയ ആശ്രയ പദ്ധതിയുടെ കരടുരൂപരേഖ തയ്യാറാക്കിയതും ഗിരിജകുമാരിയായിരുന്നു. 2005 ജനറല്‍ സീറ്റില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി വെള്ളനാട് ശ്രീകണ്ഠനെ പരാജയപ്പെടുത്തി വീണ്ടും ചരിത്രം കുറിച്ചു. പശ്ചിമഘട്ട വികസന പദ്ധതികള്‍ക്ക് അനുവദിച്ചിരുന്ന തുക വകമാറ്റി ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗിരിജകുമാരി 2002-ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിതുക നബാര്‍ഡ് വഴി നല്‍കാനും പഞ്ചായത്തുകളെക്കൂടി പങ്കാളികളാക്കാനും ഉത്തരവു വന്നു. ഇന്ന് പഞ്ചായത്തുകള്‍ക്ക് നബാര്‍ഡ് തുക അനുവദിക്കുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഗിരിജാകുമാരിയുടെ ദീര്‍ഘവീക്ഷണം തന്നെയാണ്. പത്തുവര്‍ഷത്തിലധികം ഇടതുമുന്നണിയുടെ ഭാഗമായിരുന്നിട്ട് ബിജെപി തട്ടകത്തിലെത്തിയ ഗിരിജയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് സ്ഥാനാര്‍ത്ഥിത്വം.
തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഗിരിജ കുമാരി ജന്മഭൂമിയോട് ഇങ്ങനെ പറഞ്ഞു. “സിപിഎമ്മിന്റെ കപടമുഖം പൊതുസമൂഹത്തിന് ബോധ്യപ്പെടുത്താനും വികസന മുന്നേറ്റത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ബിജെപിയെ ജനം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കാനും ഈ അവസരം വിനിയോഗിക്കും.”
ഭൂരിപക്ഷം വരുന്ന സ്ത്രീ വോട്ടര്മാരെകുറിച്ച് ഈ സ്ഥാനാര്‍ത്ഥിയുടെ കാഴ്ചപ്പാട് ഇങ്ങനെ-“സ്ത്രീകളുടെ മാനം സംരക്ഷിക്കുകയാണ് പ്രധാനലക്ഷ്യം. ബംഗാളിലും യുപിയിലും ധാരാളം സ്ത്രീപീഡനങ്ങളും മാനഭംഗങ്ങളും നടക്കുന്നു. എന്നാല്‍ ഗുജറാത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീപീഡനകേസുകള് വിരളമാണെന്ന് സര്‍വ്വേകള്‍ തെളിയിച്ചു. അതിനാല്‍ നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാരിന് സ്ത്രീപീഡനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നുറപ്പുണ്ട്.
മറ്റൊരു പ്രശ്നം വിലക്കയറ്റമാണ്. കുടുംബത്തിന്റെ സാമ്പത്തിക ബജറ്റ് നിയന്ത്രിക്കുന്നത് കൂടുതലും സ്ത്രീകളാണല്ലോ. അതിനാല്‍ വില നിയന്ത്രിക്കേണ്ടതും പ്രധാന ആവശ്യമാണ്. കൂടാതെ കള്ളപ്പണം പിടിച്ചെടുത്തും വിലക്കയറ്റം തടഞ്ഞും കുടുംബ ബജറ്റിന്്് അനുകൂലമായ നിലപാടെടുക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയും. എംപി ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്തിയ പരിഗണന നല്‍കുക സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവര്ത്തനങ്ങള്ക്കായിരിക്കും.”
തയ്യാറാക്കിയത് ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: