വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ലണ്ടനില്‍ ഒരു പ്രഭാഷണത്തിനിടെ, സുപ്രീം കോടതിയും ഇലക്ഷന് കമ്മിഷനും അവരുടെ അധികാര പരിധിവിട്ട് സഞ്ചരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പരമാധികാരം നിര്‍ണ്ണയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. അല്ലാതെ, തെരഞ്ഞെടുപ്പു നേരിടാത്ത ഏതാനും ആളുകളല്ല എന്ന വിശ്വാസമാണ് അദ്ദേഹം വച്ചുപുലര്‍ത്തുന്നത്. ഈ വാദം തെറ്റിദ്ധാരണാജനകവും തെറ്റായ സന്ദേശം നല്കുന്നതുമാണ്.
ഇന്ത്യന്‍ ഭരണഘടന പ്രകാരം അധികാരങ്ങള്‍ വ്യക്തമായി വേര്‍തിരിച്ചിട്ടുണ്ട്. നിയമം വ്യാഖ്യാനിക്കാനുള്ള ഉത്തരവാദിത്വം നീതിന്യായ കോടതികളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിയമനിര്‍മ്മാണസഭ രൂപം നല്കുന്ന ഏതു നിയമത്തിന്റെയും സാധുത നിയമപരമായി അവലോകനം ചെയ്യാനുള്ള അവകാശം കോടതികള്‍ക്കുണ്ട്. ഭരണനിര്‍വ്വാഹകര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിയമപരമായ അവലോകനത്തിന് വിധേയമാക്കാന്‍ കോടതികള്ക്കാവും.
കോടതികളുടെ അധികാരപരിധി തീരുമാനിക്കാനുള്ള അവകാശം കോടതികള്‍ക്കു തന്നെയാണ്. സാധാരണഗതിയില്‍ ഭരണനിര്വ്വാഹകരുടെ തീരുമാനം അപ്പാടെ കോടതികള്‍ അംഗീകരിക്കണമെന്നില്ല. നയരൂപീകരണം ഭരണനിര്വ്വാഹകരുടെ ജോലിയാണ്; നിയമനിര്‍മ്മാണം നിയമനിര്‍മ്മാണസഭകളുടെയും. കോടതികള്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാലംഘനമോ ഏകപക്ഷീയമായ തീരുമാനങ്ങളോ കൈക്കാള്ളുമ്പോള് അതില്‍ ഇടപെടാനും നിയന്ത്രിക്കാനും കോടതികള്‍ക്ക് അധികാരമുണ്ട്. നിയമം അനുശാസിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ കോടതിക്ക് ഭരണനിര്വ്വാഹകരോട് നിര്‍ദ്ദേശിക്കാം. ഒരു പ്രത്യേക തീരുമാനം കൈക്കൊള്ളുമ്പോള്‍ അതിന് ആധാരമായി ന്യായീകരിക്കത്തക്ക കാരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും കോടതികള്ക്കാവും. ഏതു തീരുമാനമെടുത്താലും അതിനുള്ള കാരണങ്ങള്‍ വിശദമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. അങ്ങനെ കാരണങ്ങള്‍ വിശദീകരിക്കുമ്പോള്‍ അവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. നിയമം വ്യാഖ്യാനിക്കുമ്പോഴും തീരുമാനങ്ങള്‍ കോടതികള്‍ അവലോകനം ചെയ്യുമ്പോഴും ഭരണഘടനാതത്ത്വങ്ങളുടെയും യുക്തിയുടെയും അതിരുകള്‍ നിര്‍ണ്ണയിക്കാനും കോടതികള്‍ക്ക് അവകാശമുണ്ട്. അവയെ നമുക്കു വേണമെങ്കില്‍ ജഡ്ജിമാരുണ്ടാക്കുന്ന നിയമമെന്നു വിളിക്കാം. ഭരണകര്‍ത്താക്കള്‍ പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പലപ്പോഴും സുപ്രീം കോടതി നല്കാറുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോടതിവിധികളിലൂടെ അധികാരത്തിന്റെ വേര്‍തിരിവ് ഇല്ലാതായിട്ടുണ്ട്. എന്നാല്‍, ഇത് ചില അപവാദങ്ങള്‍ മാത്രമാണ്. സാധാരണ നടപടിക്രമങ്ങളുമായി പൊരുത്തപ്പെടാത്ത ചില സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍, ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ സാധാരണ രീതിയായി കാണാനാവില്ല.
ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഇന്നത്തെ നിലയിലായത് കുറേ വര്‍ഷത്തെ പരിണതഫലമായാണ്. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള പ്രധാന ഉത്തരവാദിത്വം ഈ സ്ഥാപനത്തില്‍ നിക്ഷിപ്താണ്. ആ കടമ ആ സ്ഥാപനം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ജനാധിപത്യം നല്ല രീതിയില്‍ നിലനില്ക്കുന്നതിന്റെ പ്രധാന കാരണം സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പു സംവിധാനവും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയുമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പാരമ്പര്യം ശക്തിപ്പെടുത്തുന്നതില്‍ നിഷ്പക്ഷ മാധ്യമങ്ങള്‍ക്കും ഊര്‍ജ്ജസ്വലമായ പാര്‍ലമെന്ററി ജനാധിപത്യത്തിനും സുപ്രധാനമായ പങ്കുണ്ട്. തുടക്കത്തില്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ നിയമവിധേയമല്ലായിരുന്നു. എന്നാല്‍, ഭരണഘടനയുടെ 324-ാം അനുഛേദം അനുസരിച്ച് ഇലക്ഷന് കമ്മിഷന്റെ അധികാരപരിധിയില്പ്പെട്ടതും നിയമവിധേയവുമാണ് അത്. 2002-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ക്ക് കോടതിയുടെ അനുമതിയും കൈവന്നു. അതതു കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതാണെങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ മൂലമാണ് നമ്മുടെ നാട്ടില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നമ്മുടെ ഈ സ്ഥാപനങ്ങളെ സര്‍ക്കാരിലെ ഒരു മന്ത്രിതന്നെ ഒരു അന്യരാജ്യത്ത് വിമര്‍ശനവിധേയമാക്കിയത് അസാധാരണമായ സംഭവമാണ്. ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച സ്ഥാപനങ്ങളാണ് ഇവ.
അരവിന്ദ് കേജ്രിവാളാണ് അലോസരപ്പെടുത്തുന്ന അഭിപ്രായപ്രകടനം നടത്തിയ മറ്റൊരാള്‍. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് നരേന്ദ്രമോദിയാണെന്നും മോദിതരംഗം സൃഷ്ടിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിനായി മാധ്യമങ്ങള്‍ പണം വാങ്ങുന്നതായി അനുമാനിക്കുന്നെന്നും താന്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഇതിന് ഉത്തരവാദികളായ പത്രപ്രവര്‍ത്തകരെ തുറുങ്കിലടയ്ക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വീരവാദം. എന്നാല്‍ തന്റെ ഈ അഭിപ്രായപ്രകടനം വിവാദമായെന്നു കണ്ടപ്പോള്‍ അത് നിഷേധിച്ച് അദ്ദേഹം രംഗത്തു വന്നു.
ആധികാരികമായ തെളിവുകളില്ലാതെ ആര്‍ക്കെതിരെയും എന്ത് ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. ജനനായകന് എന്നവകാശപ്പെടുന്ന അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ വല്ലാത്ത ആശയദാരിദ്ര്യം അനുഭവിക്കുന്നു. ഇത്തരം വ്യക്തികള്‍ ജനാധിപത്യസ്ഥാപനങ്ങളുടെ നിലനില്‍പ്പിന് അത്യന്തം അപകടകരമാണ്. ലഘുവായി പറഞ്ഞാല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സിദ്ധാന്തം ഇതാണ്: “മാധ്യമങ്ങള്‍ സത്യസന്ധമല്ലാത്തതിനാല് അവയെ ഒരു പാഠം പഠിപ്പിക്കണം. തെരഞ്ഞെടുപ്പില്‍ മോദിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകും എന്ന റിപ്പോര്‍ട്ടുകളാണ് ഈ സത്യസന്ധതയില്ലായ്മയ്ക്കുള്ള തെളിവ്. ക്യാമറയില്‍ രേഖപ്പെടുത്തിയ ഈ പ്രസ്താവന പിന്നീട് നിഷേധിക്കാന്‍ അദ്ദേഹത്തിന് ഒരു ഉളുപ്പുമുണ്ടായില്ല.
നീതിന്യായവ്യവസ്ഥ, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, ഇലക്ഷന് കമ്മിഷന് എന്നീ ജനാധിപത്യ സ്ഥാപനങ്ങളോട് സല്മാന് ഖുര്‍ഷിദും അരവിന്ദ് കേജ്രിവാളും രോഷം കൊള്ളുന്നതെന്തിനാണ്? അവരുടെ ഇത്തരം വിമര്‍ശനം പക്വമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷണമല്ല. വിജയങ്ങളും പരാജയങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗങ്ങളാണ്. വ്യക്തികളല്ല, മറിച്ച് ഇന്ത്യയും ഇന്ത്യന്‍ ജനാധിപത്യവുമാണ് അനശ്വരമായത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ ഇന്ത്യയിലെ ജനാധിപത്യസ്ഥാപനങ്ങളെല്ലാം സന്ധി ചെയ്യുന്നവരാണെന്ന വിശ്വാസത്തില്‍ സല്മാന് ഖുര്‍ഷിദിനെയും അരവിന്ദ് കേജ്രിവാളിനെയും പോലുള്ള ആളുകള്‍ എത്തിച്ചേരുന്നത് നിര്‍ഭാഗ്യകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: