റാഞ്ചി: രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഝാര്‍ഖണ്ഡില്‍ കൊമ്പ് കോര്‍ക്കുന്നു. ബാബുലാല്‍ മറാണ്ഡിയും ഷിബു സോറനുമാണ് ദുംകാ ലോക്സഭാ മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുന്നത്.
1991ല്‍ ബിജെപി ടിക്കറ്റില്‍ ദുംകാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും അതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചു. 1996ല്‍ ഏതാനും വോട്ടിന് ഷിബു സോറനോടും പരാജയപ്പെട്ടു. ബിജെപിയുടെ ഝാര്‍ഖണ്ഡ് യൂണിറ്റിന്റെ അദ്ധ്യക്ഷനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് പ്രവിശ്യയിലെ 14 ലോക്സഭാ സീറ്റുകളില്‍ 12 ഉം നേടി ബിജെപി തിളക്കമാര്‍ന്ന വിജയം കുറിച്ചു.1996, 1998, 1999 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഷിബുസോറനെ പരാജയപ്പെടുത്തി മുന്‍ തോല്‍വിയുടെ പ്രതികാരം വീട്ടുവാനും മറാണ്ഡിക്ക് കഴിഞ്ഞു.
2000ല്‍ ബീഹാറില്‍ നിന്നും ഝാര്‍ഖണ്ഡിനെ വേര്‍തിരിച്ച് പ്രത്യേക സംസ്ഥാനമാക്കി. അങ്ങനെ ഝാര്‍ഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രിയായി ബാബുലാല്‍ മറാണ്ഡി അവരോധിക്കപ്പെട്ടു. 2006ല്‍ ബിജെപി വിട്ട മറാണ്ഡി ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(ജെവിഎം) എന്ന രഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തു. 2009 ല്‍ ജെവിഎം ടിക്കറ്റില്‍ കൊടീര്മ ലോക്സഭാ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോയി. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ രാഷ്ട്രീയ പ്രവര്ത്തകന്, രാഷ്ട്രീയ തന്ത്രങ്ങളെല്ലാം അഭ്യസിച്ച യോദ്ധാവ് എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് മറാണ്ഡി.
ഝാര്‍ഖണ്ഡിലെ 2009 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഷിബു സോറന് സംസ്ഥാനത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 1970 ലാണ് സോറന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ആദിവാസി വിഭാഗത്തിനിടയില്‍ വ്യക്തമായ സ്വാധീനമുള്ള സോറന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 1977 ല്‍ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 1980 ലെ തെരഞ്ഞെടുപ്പില്‍ ലോകസഭയില്‍ കയറിപ്പറ്റി. തുടര്‍ന്ന് 1989,1991,1996,2002 തുടങ്ങിയ തെരഞ്ഞെടുപ്പുകളില്‍ പകരക്കാരനില്ലാത്ത പോരാളിയായി മാറി സോറന്. മന്മോഹന് സിംഗിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും ചിരുദിഹ് കേസില്‍ അറസ്റ്റ് വാറന്റ് വന്നതോടെ രാജിവയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. സംസ്ഥാന രാഷ്ട്രീയത്തിന്റെ ചരിത്രം ഷിബുസോറനെ മാറ്റി നിര്‍ത്തിയാല്‍ പൂര്‍ണമാവില്ല.
രണ്ട് പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റുമുട്ടുന്നു എന്നതിനപ്പുറം പ്രബലരായ രണ്ട് കേന്ദ്രനേതാക്കള്‍ നേര്‍ക്കുനേര്‍ എന്നതിനും പുറമെ രണ്ട് മുഖ്യമന്ത്രിമാര്‍ എന്നു കൂടി പറയുമ്പോള്‍ ദുംകാ മണ്ഡലത്തില്‍ തീപാറും പോരാട്ടമായിരിക്കുമെന്നതില്‍ സംശയമില്ല. സുനില്‍ സോറനാണ് ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി.
ഇതോടെ ത്രികോണ മത്സരത്തിലേക്ക് മണ്ഡലം മാറിക്കഴിഞ്ഞു. മത്സരത്തില്‍ ആര് ജയിച്ചാലും തോറ്റാലും ഈ തെരഞ്ഞെടുപ്പ് ഇരുവര്‍ക്കും ജീവന് മരണപോരാട്ടമാണ്. എതിരാളിയുടെ വെട്ടേറ്റ് വീഴാതിരിക്കാന്‍ 18 അടവും പയറ്റി ഇരുസ്ഥാനാര്‍ത്ഥികളും ഗോദയില്‍ നിറഞ്ഞാടുമെന്നുറപ്പ്. ഏതായാലും തെരഞ്ഞെടുപ്പ് ചരിത്രമാകാന്‍ പോകുകയാണ്. എന്തുതന്നെയായാലും തങ്ങളുടെ മണ്ഡലം രാജ്യ പ്രശസ്തി നേടിയതിന്റെ ത്രില്ലിലാണ് ദുംകാക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: