മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും തോറ്റ അഹല്യാശങ്കര്‍ താന്‍ തോറ്റുപോയെന്ന് ഒരിക്കലും കരുതുന്നില്ല. ആരോഗ്യം സമ്മതിക്കുമെങ്കില്‍ ഇനിയൊരങ്കത്തിനു കൂടി തയ്യാറാണെന്ന ആവേശം അഹല്യാശങ്കറുടെ മുഖത്ത് തെളിയുന്നു. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വിജയിച്ചില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിച്ചുവെന്നതാണ് അഹല്യാശങ്കര്‍ തെരഞ്ഞെടുപ്പ് വിജയമായി കാണുന്നത്. അഞ്ചു നൂറ്റാണ്ടു കാലത്തെ ത്യാഗനിര്‍ഭരമായ പൊതുജീവിതത്തിനുടമയായ ബിജെപി സംസ്ഥാന സമതി അംഗം. അനാരോഗ്യം കാരണം ഇപ്പോള്‍ വിശ്രമത്തിലാണെങ്കിലും മനസ്സില്‍ തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ ആവേശത്തള്ളിച്ച. കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത കോഴിക്കോട്ടുകാരുടെ അഹല്യേച്ചി തന്നെയാണ് സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. മൂന്നു തവണ കോര്പ്പറേഷന് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്, മൂന്നു തവണ ലോക്സഭാ തെരഞ്ഞെടുപ്പ്, മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയില്‍ അഹല്യാശങ്കര്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് മത്സരിച്ചു. ഓരോ തെരഞ്ഞെടുപ്പിലും തന്റെ പാര്‍ട്ടിയെ മുന്നോട്ടു നയിച്ചു. തോല്ക്കുമെന്നറിയാമെന്ന യുദ്ധത്തിലും തലയുയര്‍ത്തിപ്പിടിച്ച് മുന്നേറി ഈ വീരാംഗന. മഞ്ചേരിയില്‍ മത്സരിച്ചപ്പോള്‍ അര ലക്ഷത്തിലധികം വോട്ടും പൊന്നാനിയില്‍ മത്സരിച്ചപ്പോള്‍ 65,000 വോട്ടും അഹല്യാശങ്കര്‍ നേടി. 1982ല്‍ ലഭിച്ച 8410 വോട്ടില്‍ നിന്നും 87ലെത്തുമ്പോള്‍ ബേപ്പൂരില്‍ 15930 ആയി ഉയര്‍ത്താന്‍ അഹല്യാശങ്കറിന് കഴിഞ്ഞു. പന്തീരാങ്കാവ്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ മാര്‍ക്സിസ്റ്റ്, മുസ്ലീം അക്രമികളുടെ മുമ്പിലും സ്ഥൈര്യംവിടാതെ ഇവര്‍ നിലകൊണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു മുന്‍കാല തെരഞ്ഞെടുപ്പെന്ന് അവര്‍ പറയുന്നു. പണത്തിന്റെ പരിമിതിയും പ്രവര്‍ത്തകരുടെ കുറവും അന്ന് പ്രവര്‍ത്തനത്തെ പിന്നോട്ട് വലിച്ചു. എന്നാല്‍ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും വീറും വാശിയും ഏത് പണക്കൊഴുപ്പിനെയും അതിജീവിക്കുന്നതായിരുന്നു. “പോസ്റ്റര്‍ അച്ചടിക്കാന്‍ പണമില്ലാത്തതിനാല്‍ ന്യൂസ്പ്രിന്റില്‍ എഴുതി ഒട്ടിക്കുകയായിരുന്നു അന്നൊക്കെ ചെയ്തത്. ചുമരെഴുത്തായിരുന്നു അന്നത്തെ ഏറ്റവും വലിയ ആര്‍ഭാടം.”
ന്യൂമാഹിയിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ വെള്ളയിലെ നാലുകുടി പറമ്പില്‍ ശങ്കരന്റെ സഹധര്‍മ്മിണിയായി ഇവര്‍ വരുന്നത്. 1961ല്‍. പിന്നെ അഹല്യാശങ്കറായി. വീട്ടില്‍ നിറയെ ആര്‍എസ്എസ് മയം. ഭര്‍ത്താവ് സജീവ സ്വയംസേവകന്. അഡ്വ. എം. രത്നസിംഗിന്റെ വക്കീല്‍ ക്ലര്‍ക്ക്. സ്ഥലത്തെ സജീവ പ്രവര്‍ത്തകരായ കെ.പി. കൃഷ്ണന്, അച്യുതന് എന്നിവര്‍ എന്നും രാവിലെ എത്തി ഭര്‍ത്താവുമായി സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കാണാമായിരുന്നു. നിരന്തരമായ കേസരി വായനയും കൂടിയായപ്പോള്‍ സംഘത്തെക്കുറിച്ചും ജനസംഘത്തെക്കുറിച്ചും ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
1967ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളനം ജീവിതത്തെ മാറ്റിമറിച്ചു. കൈക്കുഞ്ഞുങ്ങളെയുമേന്തി പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുക്കാനെത്തിയ ഉത്തരഭാരതത്തിലെ ജനസംഘ വനിതാ പ്രവര്‍ത്തകര്‍ കാണിച്ച മാര്‍ഗ്ഗം മാതൃകാപരമായിരുന്നു. പറഞ്ഞും വായിച്ചും കേട്ടിരുന്ന ദീനദയാല്‍ജിയെ നേരില്‍ കാണാന്‍ കഴിഞ്ഞു. പിന്നീട് ജനസംഘത്തിന്റെ മഹിളാവിഭാഗം ജില്ലാ കമ്മിറ്റി അംഗമായി രാഷ്ട്രീയത്തിലേക്ക്. ഭര്‍ത്താവ് ശങ്കരേട്ടന്റെ അകമഴിഞ്ഞ പിന്തുണ. ജനസംഘത്തിന്റെ സംസ്ഥാന അധ്യക്ഷയായിരുന്നു എം. ദേവകി അമ്മയുടെ പിന്തുണയും പ്രോത്സാഹനവും സാമീപ്യവും ഏറെ കരുത്ത് നല്കി. അടിയന്തിരാവസ്ഥയില്‍ സംഘടനാ നിര്‍ദ്ദേശമനുസരിച്ച് ചില പ്രവര്‍ത്തനങ്ങള്‍ നടത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉണ്ടായിരുന്നു.
1980ലെ ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. താന്‍ ഒറ്റക്കാണെന്ന കാരണത്താല്‍ കോഴിക്കോട്ടെ ആര്‍എസ്എസ് കാര്യകര്‍ത്താവായിരുന്ന ശ്രീരാം ഗുര്‍ജറുടെ അമ്മ ഭാഗീരഥി ഗുര്‍ജറും സമ്മേളനത്തിന് കൂടെ പോന്നു. പിന്നീട് ബിജെപിയിലും മഹിളാമോര്‍ച്ചയിലും നിരവധി ചുമതലകള്‍ വഹിച്ചു. മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ബിജെപി സ്റ്റേറ്റ് സെക്രട്ടറി, ദേശീയ നിര്‍വാഹകസമിതി അംഗം അങ്ങിനെ നിരവധി ചുമതലകള്‍. ഇപ്പോള്‍ ബിജെപി സംസ്ഥാന സമിതി അംഗമായി തുടരുന്നു. ഭര്‍ത്താവ് ശങ്കരേട്ടന് അസുഖമായി കിടപ്പിലായതിനുശേഷമാണ് പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിഞ്ഞത്.
കേരളത്തിലെല്ലായിടത്തുനിന്നും പ്രവര്‍ത്തകരില്‍ നിന്ന് സ്നേഹപൂര്‍ണമായ പെരുമാറ്റമാണ് ലഭിച്ചത്. പ്രവര്‍ത്തകരുടെ വീടുകളില്‍ അടുത്ത ഒരു കുടുംബാംഗം പോലെ അവര്‍ സ്വീകരിച്ചു. ഡോ. റേച്ചല്‍ മത്തായി പ്രസിഡന്റും താന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്ത് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ കേരള യാത്ര ആവേശകരമായിരുന്നു. അഹല്യാശങ്കര്‍ പറഞ്ഞു.
അടല്‍ജി, അഡ്വാന്‍ജി, രാജ്മാതാ വിജയരാജസസിന്ധ്യ എന്നിവരുമൊക്കെയായി നല്ല അടുപ്പമുണ്ടായിരുന്നു. ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ അടല്‍ജി ഫറോക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ദല്‍ഹി മഹിളാമോര്‍ച്ച ഘടകം കൊടുത്തയച്ച കുറച്ചു പണവും ഒരു കുങ്കുമചെപ്പും അടല്‍ജി വേദിയില്‍ വച്ച് തനിക്ക് സമ്മാനിച്ചു.
ഗ്വാളിയോര്‍ രാജ്മാതാ വിജയരാജസിന്ധ്യ ശബരിമല തീര്‍ത്ഥാടനത്തിന് പോയപ്പോള്‍ അവരോടൊപ്പം പോകാന്‍ കഴിഞ്ഞത് നല്ല ഓര്‍മയായി ഇന്നും മനസ്സില്‍ അവശേഷിക്കുന്നു.
മഞ്ചേരി ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് കടുത്ത രോഗം പിടിപെട്ടത്. നല്ല ചികിത്സ കൊണ്ടാണ് നിലച്ചുപോയ ശബ്ദം തിരിച്ചു കിട്ടിയത്. അടല്‍ജിയുടെ ഭരണകാലത്ത് ടെലിഫോണ്‍ അഡ്വൈസറി സംസ്ഥാന കമ്മിറ്റി അംഗം, ഫുഡ് അഡ്വൈസറി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ തുടക്കം മുതല്‍ അതില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. മത്സ്യഫെഡിന്റെ കീഴിലെ സൊസൈറ്റികളില്‍ ബിജെപിയുടെ അനുഭാവികള്ക്കടക്കം അംഗത്വം നിഷേധിച്ചപ്പോള്‍ നടത്തിയ പിക്കറ്റിംഗ് സമരം വന്‍ വിജയമായി മാറി. പോലീസിന്റെ എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് നടന്ന പിക്കറ്റിംഗിനെത്തുടര്ന്നാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ സ്ത്രീകള്‍ പഠനത്തില്‍ ഏറെ പിന്നാക്കമായിരുന്നു. വേദവ്യാസ ട്രസ്റ്റിന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് സ്കോളര്‍ഷിപ്പ് നല്കി അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. ഇന്ന് പെണ്‍കുട്ടികളാണ് പഠനത്തിന് മുന്നില്‍. വേദവ്യാസ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്ന അഹല്യാശങ്കര്‍ അഭിമാനത്തോടെ പറയുന്നു.
ഒരു പെണ്‍കുട്ടിയടക്കം 5 മക്കളെ പോറ്റിവളര്‍ത്തുന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുമ്പോഴും പൊതുരംഗത്തെ നിറസാന്നിധ്യമായി അഹല്യാശങ്കര്‍ മാറി. ഇ. അഹമ്മദ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ബനാത്ത്വാല എന്നിവരൊക്കെ എതിരാളികളായി നിന്ന തെരഞ്ഞെടുപ്പുകളില്‍ അഹല്യാശങ്കര്‍ സുധീരം പോരാടി. ഓരോ തെരഞ്ഞെടുപ്പിലും ഇരട്ടി വോട്ടുകള്‍ നേടിക്കൊണ്ട് പാര്‍ട്ടിയെ മുന്നോട്ടു നയിച്ചു. തനിക്കു പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സ്വപ്നം ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലും പൂവണിയുന്നത് കാണാന്‍ അഹല്യാശങ്കര്‍ കോഴിക്കോടിന്റെ കടല്‍ത്തീരത്തെ വീട്ടില്‍ കാത്തിരിക്കുകയാണ്. മാറ്റത്തിന്റെ കാറ്റ് അനുഭവിച്ചുകൊണ്ട്. മനസ്സില്‍ അടങ്ങാത്ത രാഷ്ട്രീയാവേശത്തിന്റെ കടലിരമ്പം സൂക്ഷിച്ചുകൊണ്ട്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: