ന്യൂദല്‍ഹി: നരേന്ദ്രമോദിയ്ക്കും മറ്റു നേതാക്കള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മതിയായ സുരക്ഷാ നല്‍കാത്തതില്‍ ബിജെപി ആശങ്ക രേഖപ്പെടുത്തി.
ദല്‍ഹി പോലീസ് നാല് മുജാഹിദ്ദീന്‍ ഭീകരരെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ ആശങ്ക . കോണ്‍ഗ്രസ് നേതാക്കള്‍ ഭീകരര്‍ക്ക് പ്രോത്സാഹനം നല്കുന്ന തരത്തിലുള്ള പ്രസ്താവനകളാണിറക്കുന്നതെന്നും വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണ് ഇതെന്നും ബിജെപി കുറ്റപ്പെടുത്തി. മോദിയുടെ ജീവന് ഭീഷണിയൊന്നുമില്ലെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞിരുന്നു.
നാല് ഭീകരര്‍ മോദിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ജനാധിപത്യസംവിധാനത്തിന് നേര്‍ക്കുളള വെല്ലുവിളിയാണെന്ന് പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. മറ്റു രാജ്യങ്ങളിലേതുപോലെ ദേശീയസുരക്ഷയാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ തങ്ങള്‍ നടത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മുജാഹിദ്ദിന്റെ കൊടുംഭീകരന് സിയാ ഉര് റഹ്മാന്റെ സഹായിയായ വഖാസിയേയും അനുയായികളേയും കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിയെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണം വച്ച് പറയാനാവില്ലെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവ വ്യക്തമാക്കി.
മോദിക്കും പാര്‍ട്ടിയുടെ മറ്റ് നേതാക്കള്‍ക്കും കേന്ദ്രം ഉടന്‍ തന്നെ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ത്രിവേദി പറഞ്ഞു. ആഭ്യന്തരമന്ത്രിക്ക് ഇതുസംബന്ധിച്ച് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന്റെ മുമ്പാകെ ഇത് എത്തിയിട്ടും ആവശ്യമായ നടപടികളെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: