ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ടെലിവിഷന്‍ മുന്നില്‍ ഇരിക്കുന്നവരെല്ലാം ആ പരസ്യം ആസ്വദിച്ചിട്ടുണ്ടാവണം. ഹിന്ദി ദേശീയ ഭാഷയായതിനാല്‍ കുറച്ചൊക്കെ മനസ്സിലാകും, പുറമേ പരസ്യത്തിന്റെ പ്രത്യേകത അത് ഭാഷയുടെ പരിമിതികളെ മറികടന്ന് ആശയവിനിമയം നടത്തുന്നുവെന്നതാണ്. ബസ്സിന്റേതുമുതല് കള്ളുഷാപ്പിന്റെ വരെ ബോര്‍ഡുകള്‍ ബംഗാളിയിലും ഒറിയയിലും ഹിന്ദിയിലും എഴുതി ഭാഷാപോഷണപരിപാടി നടത്തുന്ന മലയാളികളുടെ പല കാര്യങ്ങളിലുമുള്ള മാതൃക പണ്ടേ പ്രസിദ്ധമാണല്ലോ.
ഒരിക്കല്‍, ബിജെപി നേതാവ് എല്‍.കെ. അദ്വാനി കേരളത്തിന്റെ ഭാഷാപ്രേമ വിശേഷവും അതിലെ ദേശീയ വികാരവും കണ്ട് സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹം നയിച്ച സുവര്‍ണ്ണ ജയന്തി രഥയാത്ര കേരളാതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നു. പ്രസംഗിക്കാന്‍ എഴുന്നേറ്റ അദ്വാനി ചോദിച്ചു, അത് ഇംഗ്ലീഷിലായിരുന്നു, എനിക്ക് കന്നഡയറിയില്ല, മലയാളവും അറിയില്ല. ഈ അതിര്‍ത്തി ഗ്രാമത്തില്‍ ഞാന്‍ ഇംഗ്ലീഷില്‍ സംസാരം തുടരട്ടെ, അതോ ഹിന്ദിയില്‍ വേണോ. ആള്‍ക്കൂട്ടം ആരവം മുഴക്കിപ്പറഞ്ഞു, ഹിന്ദിയില്‍ മതി. അദ്വാനി അത്ഭുതം കൊണ്ടു! ഹിന്ദിഭാഷയുടെ പേരില്‍ ഭാഷാ വിരുദ്ധ കലാപം നടന്ന തമിഴ്നാടിന്റെ ചരിത്രം ദക്ഷിണേന്ത്യക്കാരോട് ഉത്തരേന്ത്യയില്‍ കടുത്ത വിരോധം ജനിപ്പിച്ചത് ഇനിയും മാറിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ അതിര്‍ത്തിഗ്രാമം ഹിന്ദിയെ സ്വാഗതം ചെയ്യുന്നതിനെ അദ്വാനി ഏറെ പ്രശംസിച്ചു. അതല്ല ഇവിടെ വിഷയം. പരസ്യത്തിന് ഭാഷയുടെ പരിമിതി ഇല്ല, അഥവാ ഉണ്ടെങ്കിലും മലയാളിക്ക് ഹിന്ദി മനസ്സില്‍ കയറും, അതിനുമപ്പുറം ക്രിക്കറ്റ് കളിയുടെ തത്സമയ സംപ്രേഷണത്തിനൊപ്പം കാണിക്കുന്ന പരസ്യം ഇതൊന്നുമില്ലാതെയും ആശയവിനിമയം ചെയ്യുന്നതാണുതാനും.
ക്രിക്കറ്റു കളിക്കിടെ ഒന്നിലേറെ പരസ്യമുണ്ട്. അതില്‍ ഒരെണ്ണം ഏറെ ശ്രദ്ധേയമാണ്-ക്രിക്കറ്റ് കളി തുടങ്ങുകയായി. അതിനുമുമ്പ് ബാറ്റിംഗ് നിശ്ചയിക്കുന്ന ടോസ് സമയം. അമ്പയര്‍ ക്യാപ്റ്റന്മാരെ വിളിക്കുന്നു. ഒരു ക്യാപ്റ്റന്‍ റെഡി. മത്സരിക്കുന്ന ടീമിനെ നയിക്കാന്‍ ഒരു ക്യാപ്റ്റന്‍ വേണമെല്ലൊ. പക്ഷേ മറുവശത്തെ ക്യാപ്റ്റനെ അമ്പയര്‍ പല ആവര്‍ത്തി വിളിച്ചിട്ടും കാണാനില്ല. ഒടുവില്‍ ഏകപക്ഷീമായ കളിയുടെ വിജയം ക്യാപ്റ്റനുള്ള ടീമിന് അമ്പയര്‍ പ്രഖ്യാപിക്കുന്നതാണ് പരസ്യം. പരസ്യവാചകം താമരചിഹ്നത്തോടൊപ്പം ഇതിനെ-ഇത്തവണ അവസരം ബിജെപിക്ക്.
ബിജെപിക്ക്, ബിജെപി മുന്നണിയായ എന്‍ഡിഎക്ക് ക്യാപ്റ്റനുണ്ട്. എതിര്‍പക്ഷത്ത് ക്യാപ്റ്റനില്ല. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎക്കുമില്ല, മറ്റു കക്ഷികള്‍ ചേര്‍ന്ന്, അല്ലെങ്കില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം ബദലിനുമില്ല. ഇവിടെ പരസ്യത്തില്‍ പറയാതെ പറയുന്ന കാര്യങ്ങള്‍ ആര്‍ക്കും വ്യക്തമാണ്.
എന്നാല്‍, ഈ ക്യാപ്റ്റനെ നേരിട്ട് തെരഞ്ഞെടുക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തില്‍ മാര്‍ഗ്ഗമില്ലെന്നാണ് ഒരു മറുവാദം. പക്ഷേ ആരാണ് നമ്മെ നയിക്കാന്‍ പോകുന്നത് എന്ന് അറിയുന്നത് ഒരു തയ്യാറെടുപ്പിന് ആര്‍ക്കും നല്ലതാണ്. അത് നിശ്ചയമായും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തും. പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയല്ലെങ്കില് പ്രധാന പാര്‍ട്ടിയുടെ നേതാവ് ആരെന്നത് ഒരു വിഷയം തന്നെയാണ്. അത് നിശ്ചയമായും ഒരു നിര്‍ണായക ഘടകമാണ്. അങ്ങനെ വരുന്നതു കൊണ്ടാണ് പാര്‍ട്ടിക്കപ്പുറം വ്യക്തികളുടെ പ്രഭാവം ജനമനസ്സിനെ സ്വാധീനിക്കുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ നയിക്കുന്നതാരെന്ന ഘടകം സ്വാധീനിക്കുന്നുവെന്നതാണ്. എന്തെല്ലാം പറഞ്ഞാലും നരേന്ദ്രമോദി എന്ന വ്യക്തിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നു. മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി വോട്ടര്‍മാര്‍. വോട്ടര്‍മാരുടെ കാര്യം മാത്രമല്ല, നേതാക്കളുടെ നിലപാടും ഈ അടിത്തറയിലായിരിക്കുന്നു. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും അപ്പുറം രാഷ്ട്രീയം വ്യക്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതുവരെ പുറത്തുവന്ന സര്‍വേകളും നേതാക്കളുടെ പ്രസ്താവനകളും ജനങ്ങളുടെ പ്രതികരണങ്ങളും അത് പ്രകടമാക്കുന്നു. ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു-കാശ്മീര്‍ പോലെയുള്ള പ്രദേശങ്ങളിലും ഇത് സുവ്യക്തമാണ്. ഇവിടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു ചോദ്യമുണ്ട്. കേരളത്തില്‍ ബിജെപി അല്ലെങ്കില്‍ എന്‍ഡിഎയുടെ വിജയ സാധ്യത എന്താണ്.
മറ്റൊരു ഭാരത രഥയാത്രയുടെ കാര്യം ഓര്‍മയില്‍ വരികയാണ്. അടല്‍ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്ത എല്‍.കെ. അദ്വനിയുടെ സുരാജ് രഥയാത്ര. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ നിന്നായിരുന്നു യാത്ര. ഒരു ദേശീയ പാര്‍ട്ടി ആദ്യമായി കേരളത്തില്‍നിന്ന് നടത്തിയ ദേശീയതല യാത്ര. തടിച്ചുകൂടിയ വമ്പന്‍ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി വാജ്പേയി പറഞ്ഞു, ‘ഇത് ശുഭദിനമാണ്. നാളെ ഒരു നവീനഭാരതം പിറക്കുമെന്നതിന്റെ ശുഭകരമായ സൂചനയാണ് കൊച്ചുകേരളത്തിലെ ഇത്രവലിയ ഒരു ജനക്കൂട്ടത്തിന്റെ പിന്തുണ’യെന്ന്. അതിനുശേഷം പിറ്റേ ആഴ്ച ദല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അടല്‍ജി പരാമര്‍ശിച്ചത് കൊച്ചിയിലെ സുരാജ് രഥയാത്രയുടെ സമാരംഭ ചടങ്ങിനെക്കുറിച്ചായിരുന്നു. അടല്‍ജി പറഞ്ഞു, “അംഗീകരിക്കേണ്ടതാണ്, ആദരിക്കേണ്ടതാണ് നാം ഓരോരുത്തരും അതില്‍ അഭിമാനിക്കേണ്ടതാണ്, കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും ആത്മാര്‍ത്ഥതയില്‍. കൊച്ചിയില്‍ സുരാജ് രഥയാത്രക്ക് തിങ്ങിക്കൂടിയ ജനത്തിനറിയാം, അവിടെ സംസ്ഥാനത്തില്‍ ബിജെപി ഭരണത്തില്‍ വരാന്‍ അവര്‍ ഏറെക്കാലം കാത്തിരിക്കണമെന്ന്. ഒരു കോര്‍പ്പറേഷനില്‍ അധികാരമില്ലാത്ത, പഞ്ചായത്തില്‍ ഭരണമില്ലാത്ത ബിജെപിയുടെ പ്രവര്‍ത്തകരിലെ ആവേശം നാം മാതൃകയാക്കേണ്ടതാണ്” എന്ന്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ അടിത്തറയിളകാതെ അവസരവാദ കൂട്ടുകെട്ടുകള്‍ അവസാനിക്കാതെ അവിടെ പാര്‍ട്ടിക്ക് ശക്തിപ്പെടാന്‍ എളുപ്പമല്ലെന്നും മറ്റും അടല്‍ജി കേരള രാഷ്ട്രീയം വിശകലനം ചെയ്യുകയും ചെയ്തു. വാജ്പേയി പ്രവചിച്ച അടിത്തറയിളക്കം തുടങ്ങിയിട്ടുണ്ട്. പക്ഷേ കേന്ദ്രത്തില്‍ അധികാരമാറ്റം ഉറപ്പാണെന്ന് പ്രഖ്യാപിച്ച് രാജ്യമെമ്പാടും മാറ്റത്തിന്റെ രാഷ്ട്രീയ കാറ്റടിക്കുമ്പോള്‍ കേരളത്തിന് കൈകെട്ടി നോക്കിനില്ക്കാനാവുമോ. ആവില്ല തന്നെ.
കേരളത്തിലും ബിജെപിക്ക് അനുകൂലമായി ജനവികാരത്തില്‍ വലിയ മാറ്റമുണ്ടാകുന്നതായി ഒരു അഭിപ്രായ സര്‍വേ വിലയിരുത്തുന്നു. 23 ശതമാനം പേര് ബിജെപിക്ക് വോട്ടു ചെയ്യാന്‍ മനസ്സു കാട്ടിയിട്ടുണ്ട്. മോദി അനുഭാവ വികാരം സംസ്ഥാനത്തെ 30 ശതമാനം പേര്‍ക്കുണ്ടായിട്ടുണ്ട് എന്നാണു സര്‍വേ പറയുന്നത്. ഈ വികാരം വോട്ടായി മാറിയാല്‍ അടല്‍ജി പറഞ്ഞതുപോലെ അടിത്തറയിളക്കമല്ല, നാണംകെട്ട മുന്നണി രാഷ്ട്രീയത്തിന്റെ അസ്ഥിവാരം തന്നെ തോണ്ടാന്‍ അതുമതി, പക്ഷേ,…..
മുന്നണി രാഷ്ട്രീയത്തില്‍, പലവട്ടം പരീക്ഷിച്ചിട്ടും ഇടംകാലിലെ മന്ത് വലംകാലിലേക്ക് മാറ്റാനല്ലാതെ കേരളത്തിന് കഴിഞ്ഞിട്ടില്ല. അതിന് വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. എന്നാല്‍ ഇത്തവണ പുതിയൊരവസരം വന്നിരിക്കുകയാണ്. പ്രിയപ്പെട്ട ജനനേതാവിനെ തെരഞ്ഞെടുക്കാനുള്ള അവസരം. നരേന്ദ്രമോദി മത്സരിക്കുന്ന യുപിഎയിലെ വാരാണസി മണ്ഡലത്തിലും ഗുജറാത്തിലെ വഡോദരയിലും വോട്ടു ചെയ്യാന്‍ കേരളത്തിലെ വോട്ടര്മാര്ക്കാവില്ല. പക്ഷേ മോദിയുടെ വിജയത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലെ ഏതുമണ്ഡലത്തില് വോട്ടു ചെയ്താലും സാധിക്കുമെന്നതാണ് പ്രത്യേകത. ഏറ്റവും കൂടുതല്‍ ശതമാനം വോട്ടു നേടി വിജയിച്ച പാര്‍ട്ടിയായി ബിജെപിയും എന്‍ഡിഎയും മാറുമ്പോള്‍ ആ മോദി വിജയത്തിന്റെ മോടിയില്‍ നാമോരോരുത്തരും പങ്കാളിയാവുകയായിരിക്കും. സീറ്റെണ്ണത്തില്‍ വിജയം കണക്കാക്കുന്നതിന് പുറമേ വോട്ടു ശതമാനത്തിന്റെ കണക്കിലും മോദിക്കും ബിജെപിക്കും വിജയം കുറിക്കാന്‍ അതുകൊണ്ടുതന്നെ ഓരോ വോട്ടും വിലയുറ്റതാവുകയാണ്. അങ്ങനെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനൊപ്പം പാര്‍ട്ടിയുടേയും മുന്നണിയുടേയും വിജയചരിത്രത്തിലും പങ്കാളിയാകാന്‍ ഓരോ വോട്ടുകുത്തലിനും ശേഷിയുണ്ട്.
ആ മൂല്യം വഹിനിയോഗിക്കുകയാണ് കേരളത്തിന് ചെയ്യാനാവുന്നത്. മുന്നണികളുടെ സീറ്റെണ്ണത്തിന്റെ കണക്കിനെ തോല്‍പ്പിക്കാനും അവസരവാദ രാഷ്ട്രീയത്തിന്റെ പരിമിതകളെ മറികടക്കാനും വോട്ടുശതമാനത്തിന്റെ മേല്‍ക്കൈ നേടുന്നതു വഴി സാധിക്കും. അതില്‍ പങ്കാളിയാകാന്‍ വോട്ടു ചെയ്യുകയാണ് ശരിയായ ധര്‍മം. അത് കൃത്യമായി മോദി മുദ്രയില്‍ പതിക്കുകയാണ് നിര്‍വഹിക്കേണ്ട മറ്റൊരു കര്‍മം.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: