ദളിതരുടേയും വനവാസികളുടേയും താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ബിജെപിയുമായി സഹകരിക്കുന്നതിലൂടെ ദളിതര്‍ ശാക്തീകരിക്കപ്പെടുമെന്നും രാജ്യം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും പ്രമുഖ ദളിത് നേതാവ് ഉദിത് രാജ് അഭിപ്രായപ്പെടുന്നു. ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും നല്ല പ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദിയെന്നും ബാബാ സാഹേബ് അംബേദ്കറുടെ കാഴ്ചപ്പാടിലുള്ള ജാതിരഹിത സമൂഹമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉദിത് രാജ് പറയുന്നു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഉദിത് രാജ് ഇംഗ്ലീഷിലെ ഓര്‍ഗനൈസര്‍ വാരികയുടെ ലേഖകന്‍ പ്രമോദ് കുമാറിന് നല്കിയ അഭിമുഖത്തില്‍ നിലപാടുകള്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്?
ഞങ്ങള്‍ വളരെക്കാലമായി ആശയവിനിമയം നടത്തിവരികയായിരുന്നു. ദളിതര്‍ക്ക് ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്കുകയാണെങ്കില് രാജ്യത്തിന്റെ വിശാലതാല്‍പ്പര്യം കണക്കിലെടുത്ത് ബിജെപിയുമായി കൈകോര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വലിയ പാര്‍ട്ടിയായ ബിജെപിക്ക് ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യമാണുള്ളത്. താല്ക്കാലികമായ രാഷ്ട്രീയനേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന കോണ്‍ഗ്രസിനെപ്പോലെയല്ല ബിജെപി. ജനങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് ഒരിക്കലും കാര്യമാക്കാറില്ല. സമൂഹത്തില്‍ എന്ത് സംഭവിക്കുന്നു എന്നതും അവര്‍ക്കൊരു പ്രശ്നമല്ല. ബിജെപിയും ആര്‍എസ്എസും മാത്രമാണ് ഹിന്ദുസമൂഹത്തിന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കുന്നത്. ദളിതുകളെയും വനവാസികളെയും സമൂഹത്തിന്റെ മുഖ്യധാരയോട് സമന്വയിപ്പിക്കാത്തപക്ഷം കരുത്തുറ്റ രാഷ്ട്രം കെട്ടിപ്പടുക്കാനാവില്ല. ഇതിനാലാണ് കഴിഞ്ഞ ഒരു വര്‍ഷമായി ദളിതര്‍ക്കും പട്ടികവര്‍ഗ ജനവിഭാഗത്തിനും വേണ്ടി ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി ഞാന്‍ ചര്‍ച്ച നടത്തിയത്. അവര്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്കി. തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഒരു വിപ്ലവം തന്നെ നടക്കും.
സംഘപരിവാറിനെ എതിര്ത്തുപോരുകയായിരുന്ന താങ്കളുടെ മനസ്സുമാറ്റമാണോ ഇത്. അതോ തന്ത്രം മാറ്റുന്നതോ?
പത്ത് വര്‍ഷം പഴക്കമുള്ള കഥയാണത്. ഏഴ് വര്‍ഷത്തിനിടെ ആര്‍എസ്എസിനെയോ ബിജെപിയെയോ വിമര്‍ശിക്കുന്ന ഒരു പ്രസ്താവനപോലും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പത്ത് വര്‍ഷം മുമ്പ് തങ്ങള്‍ ക്രൈസ്തവ മതപരിവര്‍ത്തനം നടത്തുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ അന്നേ വ്യക്തമാക്കിയിരുന്നു. ജാതിരഹിത സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അതിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അതായത് പുതിയ തീരുമാനം മനസ്സുമാറ്റമെന്നാണ് താങ്കള്‍ പറയുന്നത്?
അതെ, തീര്‍ച്ചയായും ഇത് മാനസികമായ മാറ്റം തന്നെയാണ്. അവര്‍ ഞങ്ങളെ തെറ്റിദ്ധരിക്കുകയായിരുന്നു. അതുകൊണ്ടാണ് ക്രൈസ്തവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയത്. എന്നാല്‍ ഞങ്ങള്‍ക്കതുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.
ഇപ്പോഴത്തെ ദളിത് രാഷ്ട്രീയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇപ്പോള്‍ കാര്യങ്ങള്‍ വളരെ വേഗത്തില്‍ മാറുകയാണ്. ദളിതുകളും വനവാസികളും ബിജെപിയോട് അടുക്കുകയാണ്. ബിജെപിയും ആര്‍എസ്എസും ദളിത് വിരുദ്ധരാണ് എന്നൊരു കാഴ്ചപ്പാടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്. അവര്‍ ദളിത് വിരുദ്ധരല്ല. പ്രതിഛായയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണിത്. ദളിതുകളെ അനുകൂലമാക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചില്ലെന്നതാണ് സത്യം. എന്നാല്‍ ഇപ്പോഴവര്‍ അത് ചെയ്യുകയാണ്. അതിനാലാണ് ബിജെപിയില്‍ ചേരുന്നത്. രാംവിലാസ് പാസ്വാനും രാംദാസ് അത്വാലയും ഇപ്പോള്‍ തന്നെ ബിജെപിക്കൊപ്പമാണ്. ഇത് ഭാവിയിലേക്ക് നല്ലൊരു സൂചനയാണ്. മായാവതി മാത്രമാണ് പുറത്തുള്ളത്. ജാതിസമവാക്യമാണ് അവരെ ആശങ്കപ്പെടുത്തുന്നത്.
മായാവതിയും ബിജെപിക്കൊപ്പം ചേരണമെന്നാണോ താങ്കള്‍ പറയുന്നത്?
അങ്ങനെയല്ല ഞാന്‍ പറയുന്നത്. അവര്‍ വരികയാണെങ്കില്‍ സ്വാഗതം. ബിജെപി ഒരു തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ രാജ്യമെമ്പാടുമുള്ള എന്റെ അനുയായികള്‍ വളരെയധികം സന്തോഷിച്ചു.
താങ്കള്‍ വ്യക്തിപരമായി ബിജെപിയില്‍ ചേരുകയായിരുന്നോ അതോ താങ്കളുടെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നോ?
ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഞങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നു. എസ്സി-എസ്ടി കോണ്‍ഫഡറേഷനാണ് ഇന്ന് ഞങ്ങളുടെ പൊതുവായ സംഘടന. ഈ സംഘടന ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്.
താങ്കള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ രാജ്യത്തെ മുഴുവന്‍ ദളിതര്‍ക്കും എങ്ങനെയാണ് പ്രയോജനം ലഭിക്കുന്നത്?
ദേശീയമായി ഗുണമുണ്ടാകും. കേരളവും കര്‍ണാടകവുമുള്‍പ്പെടെ രാജ്യമെമ്പാടും ഞങ്ങള്‍ക്ക് സംഘടനാ ഘടകങ്ങളുണ്ട്. തിരുവനന്തപുരത്ത് മോദി റാലിയില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. ഇതൊരു നല്ല തുടക്കമായിരുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
രാജ്യം കണ്ട ഏത് പ്രധാനമന്ത്രിയെക്കാളും നല്ല പ്രധാനമന്ത്രിയായിരിക്കും മോദിയെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്. മോദി പ്രധാനമന്ത്രിയായാല്‍ ദളിതര്‍ക്കും വനവാസികള്‍ക്കും ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും. ഇന്ത്യയുടെ പുരോഗതിയില്‍ ഈ ജനവിഭാഗങ്ങള്‍ തുല്യപങ്കാളികളായിരിക്കും.
ദളിതുകളുടെ പേരില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടികള്‍ അബേദ്കര് തുടക്കമിട്ട ജാതിനിര്മാര്ജ്ജനത്തെ മുന്നോട്ടുകൊണ്ടുപോവുകയുണ്ടായോ?
ബിജെപിയും ആര്‍എസ്എസും ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കൂടുതല്‍ ദളിതുകള്‍ ആര്‍എസ്എസില്‍ ചേരുകയാണ്. ഇത് സമൂഹത്തിന് വളരെയധികം ഗുണം ചെയ്യും.
ഞാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചാണ് പറയുന്നത്, ബിജെപിയെക്കുറിച്ചല്ല?
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദളിതര്‍ക്ക് വേണ്ടത് നല്കിയിരുന്നെങ്കില് ഇപ്പോള്‍ അവര്‍ ബിജെപിയില്‍ ചേരുമായിരുന്നില്ല. സംവരണം എന്നൊന്ന് ഉണ്ടായിരുന്നില്ലെങ്കില്‍ പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും നിയമസഭയും പാര്‍ലമെന്റും കാണില്ലായിരുന്നു എന്നതാണ് വസ്തുത. മറ്റ് മേഖലകളിലും ഈ ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ല. കുറച്ചുനാള്‍ മുമ്പ് ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകന്‍ ഇന്ത്യയിലെത്തി ഒരു ദളിത് മാധ്യമപ്രവര്‍ത്തകനെ കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ അങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ദളിതുകള്‍ നേട്ടമെല്ലാം കൊയ്യുന്നു, തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നാണ് മുന്നോക്ക വിഭാഗം പറയുന്നത്?
എനിക്ക് അംഗീകരിക്കാനാവില്ല. ഏതെങ്കിലും മേഖലയില്‍ ഒരു ദളിതന് നേതൃത്വം നല്കുന്ന ഒരു സ്ഥാപനമോ സംഘടനയോ ചൂണ്ടിക്കാണിച്ച് തരൂ. ടെലികോം, നിര്‍മാണ മേഖല, വാര്‍ത്താ ചാനല്‍, അച്ചടി മാധ്യമം, ഓഹരിവിപണി, വ്യാപാരം, ഉന്നതവിദ്യാഭ്യാസം, ജുഡീഷ്യറി, ഐടി. ഏത് മേഖലയെടുത്താലും ദളിതര്‍ ഒഴിവാക്കപ്പെടുന്നു.
താങ്കള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അംബേദ്ക്കറുടെ ജാതിനിര്മാര്ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുമോ? ഉണ്ടെങ്കില്‍ എങ്ങനെ?
തീര്‍ച്ചയായും. അന്തസ്സും അഭിമാനവും നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടുമ്പോള്‍ മാത്രമേ ജാതി വിഭജനം ഇല്ലാതാവുകയുള്ളൂ. ജാതീയത ക്രമേണ അപ്രത്യക്ഷമാകും. ഇതിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. സമ്പത്തിന്റേയും ആദരവിന്റെയും അഭിമാനത്തിന്റെയുമൊക്കെ അസമത്വങ്ങള്‍ നീങ്ങുന്നതോടെ സാമൂഹ്യ വിഭജനവും ലഘൂകരിക്കപ്പെടും. ഇതിന്റെ ഫലമായി ഐക്യമുള്ള സമൂഹം രൂപപ്പെടും.
പട്ടികജാതി-വര്‍ഗങ്ങളുടെ രക്ഷകരെന്ന് അവകാശപ്പെടുന്ന പ്രാദേശിക പാര്‍ട്ടികളില്‍നിന്ന് ഈ വിഭാഗങ്ങള്‍ക്ക് ഗുണമുണ്ടാകുമോ?
ഈ പാര്‍ട്ടികള്‍ വൈകാരികമായാണ് പ്രശ്നങ്ങളെ കാണുന്നത്. അഭിമാനത്തിന്റെ പ്രശ്നമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ ബിജെപി ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബിജെപി ഈ പ്രശ്നം ഏറ്റെടുക്കുന്നതോടെ മറ്റ് പാര്‍ട്ടികള്‍ ദുര്‍ബലമാകും.
ബിജെപിയില്‍ താങ്കളുടെ പങ്ക് എന്തായിരിക്കും?
എന്റെ സേവനം പാര്‍ട്ടി ഏത് മേഖലയില്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചാലും ഞാന്‍ ഒരുക്കമായിരിക്കും.
2002 ലെ കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദി ഇപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്താണ് അഭിപ്രായം?
മതേതരത്വം എന്ന സങ്കല്‍പ്പം വളരെയധികം ദുരുപയോഗം ചെയ്യപ്പെടുകയോ അവസരവാദപരമായി ഉപയോഗിക്കുകയോ ആണ്. ബിജെപിയോടൊപ്പം നിന്നാല്‍ ഒരാള്‍ വര്‍ഗീയവാദി, ബിജെപി വിടുന്ന ആ നിമിഷം മുതല്‍ അയാള്‍ മതേതരവാദി! മുമ്പ് നിതീഷ്കുമാര്‍ വര്‍ഗീയവാദിയായിരുന്നു. ഇപ്പോള്‍ മതേതരവാദിയും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: