കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കുന്നതിനെതിരെ വരണാധികാരിക്ക് പരാതി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവും എല്‍ഡിഎഫും നാമനിര്‍ദ്ദേശപത്രികയിലെ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പരാതിയിന്മേല് തീര്പ്പുകല്പിക്കുന്നതിന് ഇന്ന് 11 മണിക്ക് ഹാജരാകാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് വരണാധികാരി നോട്ടീസ് നല്കി. ഇന്നത്തെ വിശദീകരണം ലഭിച്ചശേഷം മാത്രമേ പത്രിക സ്വീകരിക്കുന്നതിനെപ്പറ്റി അന്തിമതീരുമാനം എടുക്കൂ എന്ന് വരാധികാരിയായ ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രഥമദൃഷ്ടിയില്‍ ജോസ് കെ. മാണിയുടെ നാമനിര്‍ദ്ദേശപത്രികയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പരാതികള്‍ ഗൗരവമുള്ളതാണെന്നും വരണാധികാരി പറഞ്ഞു.
ജോസ് കെ. മാണിക്ക് ചിഹ്നം അനുവദിച്ച് കേരള കോണ്‍ഗ്രസ് കൊടുത്ത ഫോം എ യിലെ അപാകതയാണ് ഒന്ന്. സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിച്ച് നല്കിയ ഫോം എയില്‍ കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയുടെ നിര്‍ദ്ദേശാനുസരണം ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാമാണ് ഒപ്പിട്ടിരിക്കുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് സി.എഫ് തോമസാണെന്നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതുകൊണ്ട് കെ.എം മാണിക്ക് ജോയി ഏബ്രഹാമിനെ ചുമതലപ്പെടുത്താന്‍ കഴിയില്ലെന്നാണ് എന്‍ഡിഎ സ്ഥാനാര്ത്ഥിയുംബിജെപിയും എല്‍ഡിഎഫും ഉന്നയിക്കുന്ന പരാതി.
രാഷ്ട്രീയപാര്‍ട്ടികള്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടത്തുകയും കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും വേണം. ജനാധിപത്യപരമായ ഈ ചട്ടം പാലിച്ചിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യു പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: