ന്യൂദല്‍ഹി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെ സ്വന്തമാക്കിയ തിലക് മാര്‍ഗ്ഗിലെ ഇരട്ടബംഗ്ലാവില് ഇനി തുടര്‍ന്ന് താമസിക്കണമെങ്കില്‍ മാസവാടക നല്‍കണമെന്ന് അരവിന്ദ് കെജ്രിവാളിന് നോട്ടീസ്. ദല്‍ഹി സര്‍ക്കാരിന്റെ പൊതുമരാമത്ത് വിഭാഗമാണ് മുന്മുഖ്യമന്ത്രിക്ക് വാടകത്തുക ഓര്‍മ്മിപ്പിച്ച് നോട്ടീസയച്ചത്. മാസം രണ്ടരലക്ഷം രൂപ വാടക വരുന്ന വീടാണ് കെജ്രിവാള് ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് ദല്‍ഹിയുടെ ഹൃദയഭാഗത്ത് സ്വന്തമാക്കിയത്.
ഡിസംബറില്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തുമ്പോള് ഗാസിയാബാദിലെ സ്വന്തം ഫ്ലാറ്റിലായിരുന്നു അരവിന്ദ് കെജ്രിവാളും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കെജ്രിവാള് തന്റെ താമസം സെന്‍ട്രല്‍ ദല്‍ഹിയിലെ വലിയ വീട്ടിലേക്ക് മാറ്റി. ഔദ്യോഗിക സൗകര്യങ്ങള്‍ ഉപയോഗിക്കില്ലെന്ന് പരസ്യമായി പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള കെജ്രിവാള് ഇത്ര വലിയ ബംഗ്ലാവ് താമസത്തിനായി തെരഞ്ഞെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് 49 ദിവസത്തെ ഭരണം മതിയാക്കി രാജിവച്ചു പോയപ്പോഴും താമസ സ്ഥലം കെജ്രിവാള് ഉപേക്ഷിച്ചിരുന്നില്ല. മകളുടെ പരീക്ഷ കഴിയുന്നതുവരെ തിലക്മാര്ഗ്ഗിലെ വീട്ടില്‍ തുടരുമെന്നാണ് കെജ്രിവാള് പറഞ്ഞത്. ഔദ്യോഗിക സ്ഥാനം ഉപേക്ഷിച്ച് രണ്ടാഴ്ചയ്ക്കകം വസതി ഒഴിയണമെന്നാണ് ചട്ടം.
ഔദ്യോഗിക വസതി ഒഴിയാതെ തുടരുന്ന കെജ്രിവാള് മാര്‍ച്ച് 1 മുതല്‍ മാസവാടക നല്‍കണമെന്നാണ് പിഡബ്ല്യുഡി നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാസം 85,000 രൂപ വാടകയിനത്തില്‍ പിഡബ്ല്യുഡിക്ക് നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമുള്ള കെജ്രിവാളും കുടുംബവും ലക്ഷങ്ങള്‍ മുടക്കി വാടകവീട്ടില്‍ താമസിക്കുന്നതിന്റെ സാമ്പത്തിക ശ്രോതസ് സംശയകരമാണെന്ന് എഎപിയില്‍ നിന്നും പുറത്തുപോയ ചില നേതാക്കള്‍ മുമ്പ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: