അടിയുറച്ച രാഷ്ട്രീയവിശ്വാസവും ആത്മാര്‍ത്ഥതയുമാണ് ഷൈലമ്മ രാജപ്പനെ പൊതുരംഗത്തെത്തിച്ചത്. ഇന്നോ ഇന്നലയോ ആരംഭിച്ചതല്ല അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. വര്‍ഷങ്ങളുടെ പഴക്കമുണ്ട് ആ രാഷ്ട്രീയത്തിന്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ ഷൈലമ്മ രാഷ്ട്രീയക്കാരി മാത്രമല്ല. ഒരു നാടിന്റെ തന്നെ പ്രതിനിധിയാണ്.
15 വര്‍ഷമായി പായിപ്പാട് പഞ്ചായത്ത് മെമ്പറായ ഷൈലമ്മ സംഘടനാ പാരമ്പര്യമാണ് തന്റെ ഈ നിലനില്‍പ്പിന് കാരണമെന്ന് പറയുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മാതൃസമിതിയിലൂടെയാണ് പൊതുരംഗത്തേക്കുള്ള ഇവരുടെ ആദ്യത്തെ ചുവടുവെയ്പ്പ്. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മാതൃസമിതിയുടെ പ്രവര്‍ത്തനം വ്യത്യസ്തമായിരുന്നുവെന്ന് ഷൈലമ്മ പറയുന്നു. 1986-ല്‍ ഇരുപത്തിയെട്ടാമത്തെ വയസില്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചെങ്കിലും സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോയിരുന്നില്ല. വീട്ടില്‍ അച്ഛനും സഹോദരങ്ങളും ഉള്‍പ്പെടെ എല്ലാവരും സംഘപ്രവര്ത്തകരായിരുന്നതിനാല് പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് അത്ര പ്രയാസമുള്ളതായിരുന്നില്ലെന്ന് ഷൈലമ്മ ഓര്‍ക്കുന്നു. പിന്നീട് 1989-ലാണ് മാതൃസമിതിയിലേക്കുള്ള കടന്നുവരവ്. ആദ്യ വരവില്‍ തന്ന മാതൃസമിതിയുടെ സെക്രട്ടറിയായി ചുമതലയേറ്റു. പിന്നീട് സമിതിയുടെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
ഇതിനിടെ വിവാഹം കഴിഞ്ഞു. കയറിച്ചെന്ന വീടും വീട്ടുകാരും സംഘപ്രവര്‍ത്തകര്‍, അതുകൊണ്ടു തന്നെ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നില്ല. ഇന്ന് 48-ാം വയസില്‍ എത്തി നില്‍ക്കുമ്പോഴും ജനപ്രതിനിധി എന്ന നിലയിലും പാര്‍ട്ടി രംഗത്തും സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ഇവര്‍. “സംഘപ്രവര്‍ത്തനമാണ് പാര്‍ട്ടിയിലെത്തിച്ചത്. ആ പാര്‍ട്ടി തന്നെയാണ് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അവസരം നല്കിയതും. ഇന്ന് എല്ലായിടങ്ങളിലും നിന്നും ലഭിക്കുന്ന പരിഗണനയും പിന്തുണയും പാര്‍ട്ടിയാണ് തല്‍കിയത്. അതില്‍ അഭിമാനമുണ്ട്-” ഷൈലമ്മ പറഞ്ഞു.
വിവാഹത്തിനുശേഷമാണ് ഷൈലമ്മ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഭര്‍ത്താവിനോ, വീട്ടുകാര്‍ക്കോ അതില്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. എല്ലാവിധ കരുത്തും ഷൈലമ്മക്ക് നല്‍കിയത് അവരാണ്. പഞ്ചായത്ത് അംഗമെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുണ്ടെങ്കിലും സംഘടനാപരമായ പ്രവര്‍ത്തനങ്ങളും ഭംഗിയായി നിറവേറ്റാന്‍ സാധിക്കുമെന്ന് പല തവണ തെളിയിച്ചു.
മഹിളാമോര്‍ച്ചയുടെ കോട്ടയം ജില്ലാ അദ്ധ്യക്ഷ കൂടിയായ ഷൈലമ്മ സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും വേണ്ടി നിരന്തര സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും നേതൃത്വം കൊടുത്തുവരികയാണ്.
2000, 2005, 2010 വര്‍ഷങ്ങളിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആദ്യ തവണ സംവരണ സീറ്റില്‍ മത്സരിക്കുമ്പോള്‍ മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രണ്ടാം വട്ടം ജനറല്‍ സീറ്റില്‍ മത്സരിക്കാമെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. അങ്ങനെ ജനറല്‍ സീറ്റില്‍ മത്സരിച്ച് 118 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. മൂന്നാം തവണ വീണ്ടും സംവരണ സീറ്റിലാണ് മത്സരിച്ചത്. അക്കുറി 325 സീറ്റുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. “ബിജെപി ടിക്കറ്റില്‍ നിന്ന് മത്സരിക്കുമ്പോള്‍ ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ നിന്ന് പിന്തുണ കിട്ടാതിരുന്നിട്ടില്ല. മാറ്റം പ്രതീക്ഷിക്കുന്നവരാണ് എല്ലാവരും. ഇത്തവണ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിജെപിയില്‍ നല്ല പ്രതീക്ഷയുണ്ട്. സംഘപരിവാറിന്റെ ജനസമ്പര്‍ക്ക പരിപാടികള്‍, കുടുംബയോഗങ്ങള്‍, വനിതാ സ്ക്വാഡുകള്‍ ഒക്കെ തന്നെയും തെരഞ്ഞെടുപ്പില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി കാഴ്ച്ചവെക്കുന്നുണ്ട്. പ്രത്യേകിച്ച് അമ്മമാരുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്,” ഷൈലമ്മ പറഞ്ഞു.
2006-ല്‍ ചങ്ങനാശ്ശേരിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച ചരിത്രം ഓര്‍മ്മയില്‍ നിന്ന് തപ്പിയെടുത്തപ്പോള്‍ ഷൈലമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായ തന്നെ സ്വീകരിക്കാന്‍ അന്ന് ആളുകളുണ്ടായിരുന്നു എന്ന് അവര്‍ ഓര്‍മ്മിക്കുന്നു. “നമ്മുടെ അടിസ്ഥാനപരമായ ആശയങ്ങള്‍ ആദര്‍ശങ്ങള്‍ അതൊക്കെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ തയ്യാറാണെന്ന് അന്ന് മനസിലാക്കാന്‍ സാധിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന സംരക്ഷിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ അവര്‍ നമ്മളെ ഉള്‍ക്കൊള്ളുന്നുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന സമീപനമാണ്. എന്നാല്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിച്ചു കഴിയുമ്പോള്‍ ആ രാഷ്ട്രീയം അവര്‍ മുതലെടുക്കുകയാണ്-അവര്‍ അഭിപ്രായപ്പെടുന്നു.
“ഇന്ന് സമരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും നടക്കൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മാതൃസമിതിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സമരം എന്ന പേര് പോലും ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇന്ന് വിലക്കയറ്റം, അഴിമതി, അങ്ങനെ സ്ത്രീകളെ സംബന്ധിക്കുന്ന എന്തു പ്രശ്നമുണ്ടായാലും സമരത്തിന് ഇറങ്ങിത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നു.”
15 വര്‍ഷമായി ഒരു വാര്‍ഡിന്റെ പ്രതിനിധിയായി തുടരുന്നു. ഏഴുവര്‍ഷമായി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കുന്നു. നാളിതുവരെ ആരില്‍ നിന്നും ഒരുതരത്തിലുമുള്ള അഴിമതി ആരോപണങ്ങളും കേള്‍ക്കേണ്ടി വന്നിട്ടില്ല ഷൈലമ്മക്ക്. സംഘത്തില്‍ നിന്നും വളര്‍ന്നു വന്നതിനാലാണ് ഇത്തരം പ്രശ്നങ്ങള്‍ തനിക്കുണ്ടാകാത്തതെന്ന് അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു. 2000-ല്‍ ആദ്യമായി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ പെരുമാറ്റം വലിയ തിരിച്ചറിവിലേക്കും ചില തീരുമാനങ്ങളിലേക്കുമാണ് ഷൈലമ്മയെ കൊണ്ടെത്തിച്ചത്. എന്തൊക്കെ പ്രതികൂല സാഹചര്യമുണ്ടായാലും ആരുടേയും മുന്നില്‍ മുട്ടുമടക്കരുതെന്നായിരുന്നു ആ തീരുമാനം. അന്നുതൊട്ട് ഇന്നു വരെ അവര്‍ക്ക് ആരുടേയും ഇടയില്‍ ഒറ്റപ്പെടേണ്ടി വന്നിട്ടില്ല. പൊതുരംഗത്തും, അല്ലാതെയും അതിപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊള്ളുവാനും അവയൊക്കെ നടപ്പാക്കാനും സാധിച്ചിട്ടുണ്ടെന്ന് പറയുന്നതിനേക്കാളുപരി ബിജെപിയ്ക്ക് ഒരു പ്രതിച്ഛായ സ്വന്തം നാട്ടില്‍ തന്നിലൂടെ ഉണ്ടായി എന്ന് പറയാനാണ് ഷൈലമക്ക് ഏറെ ഇഷ്ടം.
സംഘപ്രവര്‍ത്തകനായ രാജപ്പനാണ് ഭര്‍ത്താവ്. മോനിഷയും, മഹേഷും മക്കളാണ്. ഇവരുടെയൊക്കെ കാര്യങ്ങള്‍ നോക്കി വീട്ടുപണികളൊക്കെ ചെയ്തിട്ടാണ് ഒരു നാടിനും, സംഘടനക്കുവേണ്ടി അവര്‍ ഇറങ്ങിത്തിരിക്കുന്നത്. കാലങ്ങളായുള്ള ഈ ശീലം ഒരിക്കലും മാറ്റാനാവില്ലെന്ന് ഷൈലമ്മ അടിവരയിട്ട് പറയുന്നു. പാരമ്പര്യമായി ലഭിച്ച രാഷ്ട്രീയ പാരമ്പര്യത്തെ മരണംവരെ കൈവിടില്ലെന്നും അവര്‍ പറഞ്ഞു നിര്‍ത്തി…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: