പ്രശസ്ത സംഗീതകുടുംബത്തിലെ അംഗവും പ്രശസ്ത സംഗീതജ്ഞയുമായ ഡോ. കെ. ഓമനക്കുട്ടി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു. സ്വദേശം ആലപ്പുഴയാണെങ്കിലും തിരുവനന്തപരത്തുകാരിയായി മാറിയ തനിക്ക് പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടൊന്നുമില്ല. ഞങ്ങള്‍ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം അര്‍ഹമായ പ്രോത്സാഹനവും പരിഗണനയും നല്കുന്ന വ്യക്തിക്കായിരിക്കും പരിഗണന നല്‍കുക. ആത്മാര്‍ത്ഥമായി ജനസേവനം ചെയ്യുന്ന, ആത്മാര്‍ത്ഥമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തികളാകണം ജനപ്രതിനിധികളാകേണ്ടത്. കലാകാരന്മാരോടുള്ള മമത ചുരുക്കം ചില രാഷ്ട്രീയക്കാര്ക്കുമാത്രമേ ഉള്ളൂ.
കലാകാരന്മാരോട് സര്‍ക്കാര്‍ ചെയ്ത കൊടും വഞ്ചനയ്ക്ക് ഉദാഹരണമാണ് സ്കൂളുകളില്‍ സംഗീതാദ്ധ്യാപക തസ്തിക നിര്‍ത്തലാക്കിയത്. സി.എച്. മുഹമ്മദുകോയയുടെ കാലത്താണ് ഈ കൊടും വഞ്ചന കാട്ടിയത്. കലാകാരന്മാരുടെ മനസിനെ മുറിവേല്‍പ്പിച്ച സംഭവമാണിത്. ഓരോ വര്‍ഷവും എത്രയേറെ തസ്തികകള്‍ വിദ്യാഭ്യാസമേഖലയിലും മറ്റ് മേഖലകളിലും സൃഷ്ടിക്കുമ്പോഴും കലാകാരന്മാരുടെ ക്ഷേമത്തിനും പ്രോത്സാഹനത്തിനും ഇതുവരെയുള്ള സര്‍ക്കാരുകള്‍ നിഷേധാത്മക നയമാണ് സ്വീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം മണ്ഡലത്തെ സംബന്ധിച്ച് ബിജെപി പ്രതിനിധി സര്വസമ്മതനാണെന്ന് പറയാം. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേയ്ക്ക് വലിയ സംഭാവനകള്‍ നല്കിയ നേതാവാണ്. ഡോ. ശശിതരൂര്‍ ഞങ്ങളുടെ കുടുംബത്തിന് പ്രത്യേകിച്ച് ജ്യേഷ്ടന് എം.ജി രാധാകൃഷ്ണന്റെ അവസാനകാലത്ത് ഞങ്ങളുടെ കുടുംബത്തോട് അനുഭാവപൂര്‍വം പെരുമാറിയ വ്യക്തിയാണ്. എന്നാല്‍ സ്വന്തം കുടുംബജീവിതത്തില്‍ അങ്ങേയറ്റം പരാജയമായ വ്യക്തിക്ക് ജനക്ഷേമകാര്യങ്ങളില്‍ എത്രമാത്രം കഴിവുതെളിയിക്കാനാകും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
തിരുവനന്തപുരത്തിന് സുപരിചിതനല്ലാത്ത ഒരാളെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയതിനോട് എനിക്ക് യോജിപ്പില്ല. ലോക്സഭാ സ്ഥാനര്ത്ഥിയാകുമ്പോള് മണ്ഡലത്തില്‍ നിറഞ്ഞുനല്‍ക്കുന്ന വ്യക്തിത്വത്തെയാകണം മത്സരരംഗത്തിറക്കാന്‍.
പൊതുവേ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും കലാകാരന്മാര്ക്ക് വിധേയത്വം പാടില്ല എന്ന അഭിപ്രയക്കാരിയാണ് ഞാന്‍. ഞങ്ങള്‍ കലാകാരന്മാരെ മറക്കാത്ത, കലാകാരന്മാര്ക്കായി എന്തെങ്കിലും ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന വ്യക്തക്കായിരിക്കും എന്റെ വോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: