ന്യൂദല്‍ഹി: നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ചിഹ്നവും അംഗീകാരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മതവികാരത്തെ വ്രണപ്പെടുത്തുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ നീതിപൂര്‍വ്വകമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുമെന്ന് ബിജെപി പരാതിയില്‍ പറയുന്നു. ദേശീയ ഉപാദ്ധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഉത്തര്‍പ്രദേശിലെ ഷഹരാണ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദിന്റെ വിവാദ പ്രസംഗം ദേശീയ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവാകുകയാണ്.
പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളില്‍ ബിജെപി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതും സാമുദായിക വേര്‍തിരിവ് സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം പ്രസംഗങ്ങളിലൂടെ ഭീകരരുടെ പ്രധാന ലക്ഷ്യമായി മോദി മാറിയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ ഇല്ലാതാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണം. ഇമ്രാന് മസൂദിന്റെ പരാമര്‍ശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ ഇടപെടല്‍ നടത്തണം.
സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവനകളെ പാര്‍ട്ടി തള്ളിപ്പറയുമ്പോള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചു. ജെ.പി നന്ദ, ആര്. രാമകൃഷ്ണ, നിര്‍മ്മല സീതാരാമന്, പിങ്കി ആനന്ദ് എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: