ന്യൂദല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നമ്മുടെഅയല്ക്കാരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്, അധികാരത്തില്‍ വരുന്നത് ആരെന്നറിയാന്‍… അവരുടെ പാര്‍ട്ടിയുടെ നയമറിയാന്‍. അതേ സമയം, കിട്ടുന്ന സൂചനകള്‍ അടിസ്ഥാനമാക്കി അവരും തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തിത്തുടങ്ങിയിട്ടുമുണ്ട്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി അധികാരത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യയിലെ അംബാസിഡറെ പോലും മാറ്റി മുഖംമിനുക്കിക്കൊണ്ട് അടുത്ത സര്‍ക്കാരുമായി നല്ല ബന്ധമുണ്ടാക്കാന്‍ ഒരുങ്ങുകയാണ്അമേരിക്ക. അത്രയുമൊന്നും ചെയ്തിട്ടില്ലെങ്കിലും അയല്‍ക്കാര്‍ക്കും ചില്ലറ നടപടികളൊക്കെ ചെയ്യേണ്ടതുണ്ട്.
മന്മോഹന് സിംഗ് സര്‍ക്കാരിന്റെകാലത്ത് പലകുറിയാണ് അയല്‍ രാജ്യങ്ങളുടെ ഔദ്യോഗിക സൈനികര്‍ അതിര്‍ത്തികടന്നു കയറിയതും ഇന്ത്യയ്ക്കുള്ളില്‍ പോലും താവളം തീര്‍ത്തതും. മോദി വരുന്നതോടെ അത്തരമൊരു ദുഃസാഹസം അത്ര എളുപ്പമല്ലെന്ന് ചൈന തിരിച്ചറിയുന്നുണ്ട്. അരുണാചലില്‍ മോദി തന്റെ പ്രസംഗത്തില്‍ ചൈനീസ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരാളും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനാല്‍ സ്വയം സാഹസത്തിന് അവര്‍ മുതിരില്ല. അതിര്‍ത്തിയിലെ നീക്കങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സൈന്യത്തിനും അവര്‍ നിര്‍ദ്ദേശം നല്‍കും. വികസനത്തിന് മുന്‍തൂക്കം നല്കുന്ന മോദിവന്നാല്‍ അത് വാണിജ്യ കാര്യങ്ങള്‍ക്ക് ഗുണം ചെയ്യും. നല്ല അയല്ബന്ധമുണ്ടാക്കിയാല് ഇത് ചൈനയ്ക്കും പ്രയോജനകരമാകും, ഇതാണ് അവരുടെ നിലപാട്. ചൈനീസ് അധികൃതരുടെ പല നടപടികളും ഈ ദിശയിലുള്ളതാണ്.
പാക്കിസ്ഥാനാണ് ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന മറ്റൊരു അയല്‍ രാജ്യം. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താനും ഇന്ത്യയെ അസ്ഥിരപ്പെടുത്താനും, രൂപംകൊണ്ട കാലം മുതലേ ശ്രമിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്. ഇന്ത്യയില്‍ നടന്നതും നടക്കുന്നതുമായ വമ്പന്‍ ബോംബു സ്ഫോടനങ്ങളില്‍ പാക്ചാര സംഘടനയായ ഐഎസ്ഐക്കുള്ള പങ്ക് വളരെ വ്യക്തമാണ്. ഇന്ത്യയില്‍ നിന്നുള്ള യുവാക്കള്‍ക്ക് പാക് ചാരസംഘനയുടെ സഹായത്തോടെയാണ് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതെന്ന് വളരെ നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതും തെളിഞ്ഞിട്ടുള്ള ആരോപണമാണ്. മാത്രമല്ല ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളിലും പ്രവര്‍ത്തനങ്ങളിലുമാണ് പാക്കിസ്ഥെന്റ നിലനില്പു തന്നെ. ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാട് എടുക്കാത്ത ഒരാളെയും അവിടെ വാഴിക്കാറുമില്ല.
അതിനാല്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ പാക്കിസ്ഥാനില്‍ വലിയ മാറ്റം വരില്ല. എങ്കിലും മോദിയെപ്പോലുള്ള കരുത്തന് വന്നാല്‍ അവര്‍ സകല നടപടികളിലും കൂടുതല്‍ ശ്രദ്ധ നല്‍കും. ശക്തമായ തിരിച്ചടി അവരും ഭയക്കുന്നുണ്ട്. അതിര്‍ത്തി കടന്നുവന്ന് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ച് അവരുടെ തല അറുത്തു മാറ്റിയതുപോലുള്ള നടപടികള്‍ എന്തായാലും ഉണ്ടാവില്ല. നട്ടെല്ലുള്ള ഇന്ത്യന്‍ ഭരണാധിപന്മാരെ അവര്‍ ഭയക്കുന്നുണ്ട്. മാത്രമല്ല അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യാ പാക്ബന്ധം വളരെ ഊഷ്മളമായിരുന്നു. സൗഹാര്‍ദ്ദം ഇഷ്ടമല്ലാത്ത പാക്സൈന്യം ഭരണം അട്ടിമറിച്ച് അധികാരമേറ്റ് യുദ്ധത്തിനു പുറപ്പെട്ടെങ്കിലും കാര്‍ഗില്‍ ദുസാഹസം പാക്കിസ്ഥാനു വന്‍ ദുരന്തമാണ് സമ്മാനിച്ചത്. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ കരുതലിനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്.
ഇന്ത്യാ-പാക് ബസ് സര്‍വ്വസ് ആരംഭിച്ചതും ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചതും അടല്‍ജിയുടെ കാലത്താണ്. വാണിജ്യ-വ്യാപാരംഗങ്ങളിലും അക്കാലത്ത് നല്ല ബന്ധമുണ്ടായിരുന്നു. മോദി വന്നാലും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധം മെച്ചപ്പെടുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും. അടല്ജിയുടെകാലത്തെപ്പോലെ നവാസ് ഷെയറെഫ് സര്‍ക്കാരാണ് ഇന്ന് പാക്കിസ്ഥാാന്‍ ഭരിക്കുന്നത്. അന്നത്തെ സൈനിക മേധാവി ജനറല്‍ മുഷാറഫ് ആണ് അന്ന് കാര്‍ഗിലില്‍ ദുഃസാഹസത്തിന് മുതിര്‍ന്നത്. ഇന്ന് മുഷാറഫില്‍ രാജ്യദ്രോഹക്കുറ്റം വരെ ആരോപിച്ച് ജയിലലടച്ചിരിക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ പാക്കിസ്ഥാന് ഭരണകൂടത്തിന് കുറച്ചു പുതിയ തയ്യാറെടുപ്പുകള്‍ക്ക് പാക്കിസ്ഥാന് തയ്യാറാകുന്നുവെന്നാണ് അവിടെ നിന്നുള്ള സൂചനകള്‍.
ബംഗ്ലാദേശിലെ ഷേക്ക് ഹസീന സര്‍ക്കാരും ഇന്ത്യയിലെ പുതിയ സര്‍ക്കാരിന്റെ വരവിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയില്‍ സുസ്ഥിരസര്‍ക്കാര്‍ വന്നാല്‍ മേഖലയില്‍ സുരക്ഷയുണ്ടാകുമെന്നാണ് ബംഗ്ലാദേശിന്റെ കണക്കുകൂട്ടല്‍. “ഇന്ത്യയില്രാഷ്ട്രീയ സ്ഥിരതയുണ്ടായാല്‍ മാത്രമേ തങ്ങളെപ്പോലുള്ള രാജ്യങ്ങള്‍ക്കും വളരാന്‍ അവസരം ലഭിക്കൂ,” ഒരു ഉന്നത ബംഗ്ലാദേശ് നേതാവ് പറഞ്ഞു. നദീജല തര്‍ക്കങ്ങള്‍ അടക്കം പല പ്രശ്നങ്ങളും ബംഗ്ലാദേശും ഇന്ത്യയും തമ്മിലുണ്ട്. സുസ്ഥിരസര്‍ക്കാര്‍ ഇന്ത്യയില്‍ വന്നാല്‍ മാത്രമേ അവ പരിഹരിക്കപ്പെടൂ, അദ്ദേഹം പറഞ്ഞു.
അനില്‍ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: