ആഗ്ര: ഏഴാംഘട്ട വോട്ടെടുപ്പ് അടുത്തെത്തിയതോടെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ഏറെ ആവേശത്തോടെയാണ് യുപിയില്‍. 12 സംസ്ഥാനങ്ങളിലായി ഏപ്രില്‍ 24ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 12 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പുള്ളത്. അതുകൊണ്ടുതന്നെ മിക്ക പാര്‍ട്ടികളും ഏറെ പ്രതീക്ഷയോടെയാണ് അവസാന വട്ട പ്രചാരണത്തില്‍ മുഴുകിയിരിക്കുന്നത്. പാര്‍ട്ടികള്‍ സിനിമാതാരങ്ങളെ തെരുവിലിറക്കി അവധി ദിവസങ്ങളില്‍ വന്‍ പ്രചാരണമാണ് നടത്തിയത്.
സമാജ്വാദി പാര്‍ട്ടിക്കുവേണ്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചലച്ചിത്ര താരം ജയാ ബച്ചനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ ഉത്തര്‍ പ്രദേശിലെ ഫത്തേപൂര്‍, എട്മാദ്പൂര് എന്നിവിടങ്ങളില്‍ റാലി നടത്തി. സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമായ ജയാബച്ചനെ രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി അമര്‍സിങ്ങ് മത്സരിക്കുന്ന ഫത്തേപൂര്‍ സിക്രിയിലെ എതിര് സ്ഥാനാര്‍ത്ഥിയായ എസ്പിയുടെ പ്രതിനിധിക്കു വേണ്ടിയുള്ള പ്രചാരണങ്ങളിലും പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയപ്രദ, ശ്രീദേവി, ബോണി കപൂര്‍, റാസ മുറാദ്, അസ്രാനി തുടങ്ങിയ ചലച്ചിത്ര താരങ്ങളുമായി റോഡ് ഷോകള്‍ സംഘടിപ്പിച്ചാണ് പ്രചാരണം നടത്തിയിരുന്നത്. 24 ലെ തെരഞ്ഞെടുപ്പിനു മുമ്പായി ഇനിയും താരങ്ങളെ പ്രചാരണത്തിനായി അണിനിരത്താന്‍ സാധ്യതയുണ്ട്. ജയയെ സമാജ് വാദി പാര്‍ട്ടിയില്‍ അംഗവും രാജ്യസഭാംഗം ആക്കിയതിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന അമര്‍ സിങ്ങിന് പങ്കുണ്ട്. എന്നാല്‍ പിന്നീട് പാര്‍ട്ടി മുഖ്യനായ മുലായം സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് എസ്പി വിടുകയായിരുന്നു. ശനിയാഴ്ച ആഗ്ര മണ്ഡലത്തിലെ എട്മാദ്പൂര്, ജലേസര്‍ എന്നിവിടങ്ങളില്‍ അഖിലേഷ് യാദവ് പര്യടനം നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥാ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.
ആഗ്ര മണ്ഡലത്തിലെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സീമ ഉപാദ്ധ്യായയുടെ വിജയം ഉറപ്പിക്കുന്നതിനായി ദളിതരുടേയും മുസ്ലിങ്ങളുടേയും ഇടയില്‍ മായാവതി വന്‍ പൊതുജനറാലിയാണ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ രാജ് ബബ്ബറെ തോല്‍പ്പിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീമ വിജയിച്ചത്. 24ലെ തെരഞ്ഞടുപ്പില്‍ ബിഎസ്പിയുടേത് ശക്തിയേറിയ പ്രവര്‍ത്തനമാണെന്ന് ടൂറിസ്റ്റ് ഗൈഡായ വേദ് ഗൗതം പറഞ്ഞു. മായാവതിയുടെ പ്രചാരണ വാക്യം പല വോട്ടര്‍മാരേയും സ്വാധീനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥി ചൗധരി ബാബുലാല്‍, സമാജ്വാദി പാര്‍ട്ടിയുടെ പക്ഷാലിക സിങ്, എഎപിയുടെ ലക്ഷ്മി ചൗധരി എന്നിവര്‍ ഫത്തേപൂര്‍ സിക്രിയിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി പ്രസിഡന്റ് രാജ്നാഥ് സിങ്ങ് ഫിറോസാബാദ് പ്രചാരണങ്ങള്‍ക്കു ശേഷം അന്വല് ഖേദ, ഖേരാഗഢ് എന്നിവിടങ്ങളില്‍ റാലിയെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: