അടല്‍ ബിഹാരി വാജ്പേയി എന്ന ദേശീയ നേതാവിനെ ഹിന്ദി ഹൃദയഭൂമിയായ ലഖ്നൗ നെഞ്ചോട് ചേര്‍ത്തിട്ട് കാല്നൂറ്റാണ്ടടുക്കുന്നു. 1991ല്‍ ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ലഖ്നൗവില്‍ ആദ്യമായി താമര വിരിയിച്ചത് വാജ്പേയിയാണ്. ഇതിനു ശേഷം നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിലും ബിജെപി മണ്ഡലത്തില്‍ വിജയിച്ചു. 1991 മുതല്‍ 2004 വരെ അഞ്ചു പ്രാവശ്യം വാജ്പേയിയും 2009ല്‍ ലാല്‍ജി ഠണ്ടനും വിജയിച്ചു കയറി. എന്നാല്‍ പോളിംഗ് ബത്തുകളില് നിന്നും അകന്നു മാറി നിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ലഖ്നൗക്കാരുടെ പതിവു രീതിക്കു മാറ്റംവരുത്താനാണ് ഇത്തവണ രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുന്നത്.
കഴിഞ്ഞ ആറു തെരഞ്ഞെടുപ്പുകളില്‍ 1996ല്‍ മാത്രമാണ് വോട്ടര്‍മാരില്‍ പകുതിപ്പേര്‍ വോട്ട് രേഖപ്പെടുത്തിയത്. ഏഴരലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയ അത്തവണ 50.78 ശതമാനമായിരുന്നു പോളിംഗ്. 3,94,865 വോട്ടുകള്‍ കരസ്ഥമാക്കി 1,18,671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വാജ്പേയിയെ വിജയിപ്പിച്ച ലഖ്നൗ 13 ദിവസം മാത്രമെങ്കിലും ആദ്യമായി പ്രധാനമന്ത്രിയുടെ മണ്ഡലമെന്ന പദവിയും സ്വന്തമാക്കി.
പിന്നീട് 1998ല്‍ ഭൂരിപക്ഷം രണ്ടേകാല്‍ ലക്ഷത്തിലേക്ക് ഉയര്‍ത്തിയപ്പോഴും 1999ല്‍ ഡോ. കരണ്‍സിങിനെ പരാജയപ്പെടുത്തി വീണ്ടും ലോക്സഭയിലേക്ക് എത്തിയപ്പോഴും പ്രധാനമന്ത്രിയുടെ മണ്ഡലമെന്ന ഖ്യാതി വാജ്പേയിലൂടെ ലഖ്നൗ നിലനിര്‍ത്തി. വാജ്പേയി അവസാനം മത്സരിച്ച 2004ല്‍ 2,18,375 വോട്ടിന്റെ ഭൂരിപക്ഷം ലഖ്നൗവിലെ ജനങ്ങള്‍ അദ്ദേഹത്തിന് നല്കി. പിന്നീട് വാജ്പേയിയുടെ ആശീര്‍വാദത്തോടെ മത്സരിച്ച ലാല്‍ജി ഠണ്ടനും മികച്ച ഭൂരിപക്ഷത്തോടെയാണ് ഇവിടെ നിന്നും ജയിച്ചു കയറിയത്.
വിജയങ്ങള്‍ ആവര്‍ത്തിക്കുകയെന്ന പതിവു രീതി മാത്രമല്ല ഇത്തവണ ലഖ്നൗവില്‍ ബിജെപിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ലക്ഷ്മീകാന്ത് വാജ്പേയി പറയുന്നു. ലഖ്നൗവിലെ ഏഴാം നമ്പര്‍ വിധാന്‍സഭ റോഡിലെ ബിജെപി ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പടിഞ്ഞാറന്‍ യുപിയിലെയും കിഴക്കന്‍ യുപിയിലേയും തന്ത്രപ്രധാനമായ മണ്ഡലങ്ങളായ ലഖ്നൗ, വാരാണസി എന്നിവിടങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിലൂടെ യുപിയിലെ 80 സീറ്റുകളിലും ബിജെപി തരംഗം ശക്തമാക്കാനായതായി ലക്ഷ്മീകാന്ത് വാജ്പേയി പറഞ്ഞു.
പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് രണ്ടോ മൂന്നോവട്ടം മാത്രമാണ് ലഖ്നൗ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയത്. വോട്ടിംഗ് ശരാശരി ഉയര്‍ത്തുകയെന്ന ഒറ്റലക്ഷ്യമാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. പരമ്പരാഗത ബിജെപി മണ്ഡലത്തില്‍ വിജയമല്ല ലക്ഷ്യം, മറിച്ച് പത്തുലക്ഷം വോട്ടര്‍മാരെയെങ്കിലും വോട്ടുരേഖപ്പെടുത്താന്‍ ബൂത്തുകളിലെത്തിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം, സസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഏഴര ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഒരിക്കലും ലഖ്നൗവില്‍ പോളിംഗ് ബൂത്തുകളിലെത്തിയിട്ടില്ലെന്നതാണ് വസ്തുത.
18 ലക്ഷം വോട്ടര്‍മാരാണ് ലഖ്നൗ മണ്ഡലത്തിലുള്ളത്. ഇതില്‍ മൂന്നരലക്ഷത്തോളം വരുന്ന ബ്രാഹ്മണ സമുദായത്തിന്റേയും രണ്ടര ലക്ഷത്തോളം വരുന്ന കായസ്ഥ വിഭാഗത്തിന്റേയും വോട്ട് നിര്‍ണ്ണായകമാണ്. ബനിയ ജാതിക്കാരും മുസ്ലിങ്ങളും രണ്ടുലക്ഷംവീതമുണ്ട്. ഷിയകള്‍ക്ക് വലിയ പ്രധാന്യമില്ലെന്ന് സുന്നി വിഭാഗക്കാര്‍ പറയുമ്പോഴും ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്ന വാജ്പേയിയോടുള്ള മമത രാജ്നാഥ് സിങിനെയും തുണയ്ക്കുമെന്നാണ് മണ്ഡലത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഷിയകളുടെ പരസ്യപിന്തുണ ബിജെപിക്കുണ്ട്. വികസനവും സദ്ഭരണവും മുന്നോട്ടുവയ്ക്കുന്ന ബിജെപിയെ പിന്തുണയ്ക്കാനാണ് മുസ്ലിങ്ങളിലെ 90 ശതമാനത്തിനും താല്‍പ്പര്യമെന്ന് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു.
സുന്നിവിഭാഗക്കാരായ മുസ്ലിങ്ങള്‍ മുലായംസിങ് യാദവിന്റെ സ്ഥാനാര്‍ത്ഥിയായ അഭിഷേക് മിശ്രയ്ക്കും ഷിയ മുസ്ലിങ്ങള്‍ ബിജെപിക്കും വോട്ട് ചെയ്യുമെന്നാണ് കണക്കൂകൂട്ടല്‍. ഒരു ലക്ഷത്തോളം വരുന്ന യാദവവും പഹാഡികളും ശക്തമായ വോട്ട് ബാങ്കുതന്നെയാണ്. ലോധി, ഭിന്ദ് വിഭാഗക്കാര്‍ അരലക്ഷത്തോളവും 30,000 ദളിത് വിഭാഗക്കാരും മണ്ഡലത്തിലുണ്ട്. ബ്രാഹ്മണ വോട്ടുകള്‍ ബിജെപിക്കും ബിഎസ്പിക്കും കോണ്‍ഗ്രസിനുമായി ഭിന്നിച്ചുപോകുമെന്നും മറ്റെല്ലാ വിഭാഗക്കാരുടേയും പൂര്‍ണ്ണ പിന്തുണ ബിജെപക്ക് ലഭിക്കുമെന്നുമാണ് ബിജെപിയുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിര്‍വഹണ സമിതി അംഗങ്ങള്‍ പറയുന്നത്. മണ്ഡലത്തിലെ അഞ്ചു നിയമസഭാ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ യോജിച്ച രീതിയിലുള്ള വിജയമാണ് ലഖ്നൗവില്‍ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
രാജ്നാഥ്സിങിന്റെ മകന് നീരജ് പ്രതാപ് സിങിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ വാജ്പേയി നേടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷമാണ് രാജ്നാഥ് സിങ് കാത്തിരിക്കുന്നത്.
വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കുന്നതിനായുള്ള പ്രചാരണ രീതികള്‍ക്കാണ് ബിജെപി മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് നീരജ് പ്രതാപ് സിങും പറയുന്നു. വീടുകള്‍ കയറിയും വോട്ടേഴ്സ് സ്ലിപ്പുകള്‍ നല്‍കിയും ഏപ്രില്‍ 30ന് പരമാവധി വോട്ടര്‍മാരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാനാണ് ബിജെപി ശ്രമം. മുന്‍ ഉത്തര്‍ പ്രദേശ് കമ്മറ്റി അദ്ധ്യക്ഷ റീത്ത ബഹുഗുണ ജോഷിയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പര്യടനം-യുപി
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: