അഹമ്മദബാദും ബറോഡയും സൂററ്റും ഒക്കെയാണ് ഗുജറാത്തിലെ പ്രമുഖ നഗരങ്ങളെങ്കിലും സംസ്ഥാനത്തിന്റെ രാഷ്ടീയ ചരിത്രത്തില്‍ ഗോധ്രക്കുള്ള പങ്ക് ഒന്നു വേറെയാണ്. ഗുജറാത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ രാഷ്ടീയ ചരിത്രത്തില്‍ കയ്യൊപ്പു ചേര്‍ത്ത സ്ഥലമെന്നും വിശേഷിപ്പിക്കാം. ഗുജറാത്തുകാരനായ ആദ്യ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ രാഷ്ടീയക്കാരനാക്കിയത് ഗോധ്രയാണ്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കര്‍മ്മ ഭൂമി ഗോധ്രയായിരുന്നു. ഗുജറാത്തിന്റെ അഭിമാനമായി പ്രധാനമന്ത്രി പദത്തിലേക്ക് നടന്നടുക്കുന്ന നരേന്ദ്ര മോദിയുടെ രാഷ്ടീയ ജീവിതത്തിലും ഗോധ്ര നിര്‍ണ്ണായകം തന്നെ.
1927 ല്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഗോധ്രയില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോള്‍ അവിടത്തെ ഡപ്യൂട്ടി കളക്ടറായിരുന്നു മൊറാര്‍ജി ദേശായി. കലാപസമയത്ത് ഹിന്ദുക്കളോട് മൃദുസമീപനം സ്വീകരിച്ചു എന്ന ആരോപണം വന്നപ്പോള്‍ ഐഎഎസ് ഉപേക്ഷിച്ച് രാഷ്ടീയത്തിലിറങ്ങിയ ദേശായി പ്രധാനമന്ത്രിവരെയായി. പ്രഥമ ഉപപ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലിന്റെ അഭിഭാഷകന് എന്ന നിലയിലുള്ള കര്‍മ്മഭൂമി ഗോധ്രയായിരുന്നു. ഇവിടെ വെച്ചാണ് മഹാത്മാഗാന്ധി ആദ്യമായി പട്ടേലിനെ കണ്ടുമുട്ടുന്നത്. പിന്നീട് പട്ടേല്‍ കോണ്‍ഗ്രസില്‍ ഗാന്ധികഴിഞ്ഞാല് വലിയ നേതാവ് ആയിമാറി. ആര്‍എസ്എസ് പ്രചാരകനായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് സിഖ് വേഷത്തില്‍ നരേന്ദ്ര മോദി ഒളിവില്‍ കഴിഞ്ഞത് ഗോധ്രയിലായിരുന്നു. മാത്രമല്ല ബിജെപിയുടെ സംസ്ഥാനമുഖ്യമന്തി മാത്രമായിരുന്ന മോദിയെ ദേശീയ ശ്രദ്ധേയനാക്കുന്നതില് 2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്നുണ്ടായ രാഷ്ടീയ ധ്രുവീകരണവും കാരണമായി.
വഡോദരയില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയത് ഗോധ്രയിലെത്തിയപ്പോള്, പ്രമുഖരുടെ സാന്നിധ്യം അനുഭവിച്ച പ്രൗഢനഗരത്തിന്റെ ഗാംഭീര്യമില്ല. മറിച്ച് കലാപത്തിന്റെ അവശേഷിപ്പു പേറുന്ന സ്ഥിതിയാണെവിടെയും കണ്ടത്. മുസ്ലിം ചേരിക്കുനടുവില് കാലത്തിന്റെ ശാപവും പേറി ഗോധ്ര റയില്വേസ്റ്റേഷന്. സ്നേഹത്തിന്റെ ഇഴയടുപ്പം ഇനിയും വരാത്ത ജനങ്ങള്‍.
ഇടുങ്ങിയ ഒറ്റമുറി ബിജെപി ജില്ലാ ആഫീസ് തുറന്നുകിടന്നിരുന്നെങ്കിലും ആണനക്കമില്ല. അടുത്ത കടക്കാരനോടു ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ആഫീസ് വേറെയുണ്ട് അവിടെ ആളുകാണുമെന്നു പറഞ്ഞു. ബാച്ചിലേഴ്സ് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പ്രതിതിയാണ് തെരഞ്ഞെടുപ്പ് ആഫീസിന്. നരേന്ദ്ര മോദിയുടേയും സ്ഥാനാര്‍ത്ഥി പ്രതാപ് സിംഗ് ചൗഹാന്റെയും ചിത്രമുള്ള ഫഌക്സ് ബോര്‍ഡ് വെച്ചിരിക്കുന്നത് മാത്രമുണ്ട് അലങ്കാരമായി. നാലഞ്ചുപേര് വട്ടത്തില്‍ വെടി പറഞ്ഞിരിക്കുന്നു. നേതാവിന്റെ ‘ലുക്കുള്ള’ ആരുമില്ല. അതില്‍ മുതിര്‍ന്ന ആള് ജില്ലാ പ്രസിഡന്റ്ജവഹര് ത്രിവേദി.
ഗോധ്ര ഉള്‍പ്പെടുന്ന പഞ്ചമഹല് മണ്ഡലം ബിജെപി നിലനിര്‍ത്തുമെന്നതില്‍ ത്രിവേദിക്ക് സംശയമൊന്നുമില്ല (കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ഗോധ്ര എന്ന പേരിലായിരുന്നു മണ്ഡലം. 2009 ല്‍ പഴയപേരായ പഞ്ചമഹല് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.) കഴിഞ്ഞ തവണത്തെ 2000 എന്ന ഭൂരിപക്ഷം ഇത്തവണ അരലക്ഷമാക്കുമെന്നാണ് ത്രിവേദി പറയുന്നത്. ശങ്കര്‍ സിംഗ് വഗേലയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതിലാണ് മത്സരം കടുത്തതും ഭൂരിപക്ഷം കുറഞ്ഞതും. 2009ലെ സാഹചര്യമല്ലിപ്പോള്‍. മോദി പ്രധാനമന്ത്രിയാകാന്‍ പോകുന്നത് വോട്ടുകൂട്ടും. ത്രിവേദിക്ക് ആത്മവിശ്വാസത്തിന് കുറവില്ല. പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും കോണ്‍ഗ്രസിനായതിനാല്‍ മുന്‍തൂക്കം അവര്‍ക്കല്ലേ എന്ന ചോദ്യത്തിന് ഭൂരിപക്ഷത്തിന്റെ കണക്കു നിരത്തിയായിരുന്നു ത്രിവേദിയുടെ മറുപടി. തസാരാ(5,500), ബാലസിനോര്‍(17,171),ലൂണാവാഡാ(3,701), ഗോധ്ര(2,868), മോര്‍വ ഹാര് (11,500) എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ബിജെപിക്ക് രണ്ട് സീറ്റേ കിട്ടിയുള്ളുവെങ്കിലും ലഭിച്ച ഭൂരിപക്ഷം തകര്‍പ്പനായിരുന്നു. കലോള്‍ 30,056 വോട്ടിനും സഹ്റ 28,725 വോട്ടിനുമാണ് ജയിച്ചത്, കോണ്‍ഗ്രസ് 11,500 വോട്ടിനു ജയിച്ച മോര്‍വ ഹാദര്‍ പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി 17,714 വോട്ടു ഭൂരിപക്ഷത്തിന് തിരിച്ചു പിടിക്കുകയും ചെയ്തു. നിലവില്‍ മൂന്നു മണ്ഡലങ്ങിലായി ബിജെപിക്ക് 77,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ നാലു സീറ്റുകളിലായി 30,000 ത്തില്‍ താഴെ വോട്ടേ ഭൂരിപക്ഷക്കണക്കില്‍ കോണ്‍ഗ്രസിനുള്ളു.
കലാപം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ മുസ്ലിങ്ങള്‍ക്ക് ബിജെപിയോടുള്ള സമീപനം മാറിയോ എന്ന ചോദ്യത്തിന് ദേഷ്യത്തോടെയായിരുന്നു ത്രിവേദിയുടെ മറുപടി. പാക്കിസ്ഥാനിലെ മുസ്ലിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാലും ഗോധ്രയിലെ മുസ്ലിങ്ങള്‍ തയ്യാറാകില്ല. കാരണം അവര്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ല. തട്ടിപ്പും വെട്ടിപ്പുമായി കഴിയുന്ന ആള്‍ക്കുട്ടം മാത്രമാണവര്‍. ത്രിവേദിയുടെ വാക്കുകളില്‍ കലാപത്തിന്റെ കനലുകള്‍ അണഞ്ഞിട്ടില്ല എന്ന സൂചനയാണ്.
സിറ്റിംഗ് എംപി പ്രതാപ് സിംഗ് ചൗഹാന് തന്നെയാണ് ബിജെപി സ്ഥാന്ഥാനാര്ത്ഥി. കാല് നൂറ്റാണ്ടിലേറെക്കാലം നിയമ സഭാംഗമായിരുന്ന ചൗഹാന് കഴിഞ്ഞ തവണയാണ് ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്. വഗേലക്കെതിരെ ജയം നേടുകയും ചെയ്തു.
അടുത്തു തന്നെയുള്ള കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് ചെറിയൊരാള്ക്കുട്ടം. ഗുജറാത്തിലെ മറ്റൊരു മണ്ഡലത്തിലും കാണാത്ത ആവേശം കോണ്‍ഗ്രസുകാരുടെ മുഖത്തുകാണാം. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അജിത് സിംഗ് കാരണവും പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കും. ഇവിടെ മാത്രമല്ല മധ്യ ഗുജറാത്തിലും ആദിവാസി മേഖലകളിലും കോണ്‍ഗ്രസ് നേടും. അസംബ്ലി തെരഞ്ഞെടുപ്പിലെ നേട്ടവും സ്ഥാനാര്‍ത്ഥി രാംസിംഗ് പര്‍മാറിന്റെ മികവും ചേരുമ്പോള്‍ പഞ്ചമഹലില്‍ വിജയം ഉറപ്പെന്നാണ് അജിത് സിംഗിന്റെ വാദം. വഗേലയെക്കാള് നല്ല സ്ഥാനാര്‍ത്ഥിയാണ് രാംസിംഗ് എന്നത് അംഗീകരിക്കാവുന്നതുമാണ്.
ആറുതവണ നിയമസഭയിടെത്തിയിട്ടുള്ള രാംസിംഗ് അമൂല്‍ ചെയര്മാന് എന്ന നിലയില്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ മതിപ്പുള്ളയാളുമാണ്. ജാതിക്കണക്കും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി നിരത്തി. ഒബിസി വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. ഒബിസിയായ ബാരിയ ക്ഷത്രിയ വോട്ടര്‍മാര്‍ 7.5 ലക്ഷമാണ്. 1.5 ലക്ഷം പട്ടേലന്മാര്‍ ഉണ്ട്. മുസ്ലിം വോട്ടു നിര്‍ണായകമായ ഗോധ്രയില്‍ 1.4 ലക്ഷം വോട്ട് അവര്‍ക്കുണ്ട്.ഗോധ്രയിലെ തെരഞ്ഞെടുപ്പു ഫലം ദേശീയ വാര്ത്തയാകുമെന്നതിനാല് പ്രചാരണ രംഗത്ത് ‘മരിച്ചു പണിയെടുക്കുകയാണ്’ കോണ്‍ഗ്രസും ബിജെപിയും.
ഗോധ്രയില്‍ നിന്ന് പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: