ഹൈദരാബാദ് : വോട്ടു കിട്ടാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തും ചെയ്യുന്ന കാലമാണ് തെരഞ്ഞെടുപ്പു പ്രചാരണ വേള. അതാകട്ടെ ജനങ്ങള്‍ക്ക് ഏറെ കൗതുകമാണ് സൃഷ്ടിക്കുന്നത്. കുട്ടികളെ കൊഞ്ചിച്ചുംമുതിര്ന്നവരെ അമിതമായി മാനിച്ചും സ്ഥാനാര്‍ത്ഥികള്‍ മുന്നേറുമ്പോള്‍ മൂക്കത്തു വിരല്‍വെക്കുന്ന കാലം പോയി. കാരണം അത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ വോട്ടുതേടികളുടെ പതിവു ലക്ഷണങ്ങളായിക്കഴിഞ്ഞു. ജനങ്ങളെ ഏത് വിധേനയും സ്വാധീനിച്ച് വോട്ടു നേടാനാണ് എല്ലാ രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്. ഇതിനായി പലരും വ്യത്യസ്തമായ വഴികളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ലോക്സഭയ്ക്കൊപ്പം നിയമ സഭയിലേക്കും തെരഞ്ഞെടുപ്പു നടക്കുന്ന ആന്ധ്രാ പ്രദേശിലെ കാഴ്ചകള്‍ ആരെയും അമ്പരപ്പിക്കും.
സ്ഥാനാര്‍ത്ഥികള്‍ പലരും ജനങ്ങളോട് കൂടുതല്‍ അടുക്കുന്നതിനായി പല വഴികളാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സോണിയാഗാന്ധിയുടെ പൊതു സമ്മേളനം നടക്കാനിരിക്കുന്ന അംബേദ്കര്‍ സ്റ്റേഡിയം തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതാവ് പൊന്നല ലക്ഷ്മയ്യ ഈയിടെ സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുറച്ച് യുവാക്കളോടൊപ്പം ലക്ഷ്മയ്യയും കളിയില്‍ പങ്കുകൊണ്ടു. ക്രിക്കറ്റ് ആസ്വദിച്ചെങ്കിലും പാര്‍ട്ടിയുടേയും ലക്ഷ്മയ്യയുടെയും യഥാര്‍ത്ഥ ലക്ഷ്യം യൂവാക്കളോട് തങ്ങളുടെ പാര്‍ട്ടിക്ക് വോട്ടഭ്യര്‍ത്ഥിക്കുക എന്നതായിരുന്നു. വാറങ്കല്‍ ജില്ലയിലെ ജാങ്കവോണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് പൊന്നല ലക്ഷ്മയ്യ.
തെലുങ്ക് ദേശം പാര്‍ട്ടി ഖമ്മാം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തുമ്മല നാഗേശ്വര റാവു കളികളില്‍ അത്ര തല്പരനല്ലാത്തതിനാല് യുവാക്കള്‍ക്കൊപ്പം മൈതാനത്ത് വ്യയാമം ചെയ്താണ് വോട്ടു തേടിയത്. അംബെര്പെട് മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ വി. ഹനുമന്ത റാവു തന്റെ അഭിനയത്തിനാണ് ഏറെ പേരുകേള്പ്പിച്ചിട്ടുള്ളത്. പ്രചാരണത്തിനിടെ അദ്ദേഹം നഗരസഭയുടെ ചൂലുകൊണ്ട് വീടിന്റെ മുന്‍വശം വൃത്തിയാക്കികൊടുത്തിരുന്നു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ സെക്കന്തരാബാദില്‍ നിന്നും മത്സരിക്കുന്ന നടി ജയസുധ തന്റെ സ്വതസിദ്ധമായ കഴിവിലൂടെയാണ് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. പ്രചാരണത്തിനിടെ ശാന്തിയിലെ റോഡരികില്‍ വസ്ത്രങ്ങള്‍ തേച്ച് ഉപജീവനം നടത്തുന്ന സ്ത്രീക്ക് തേച്ച് കൊടുക്കുകയും അതിനു പ്രത്യുപകാരമായി വോട്ട് ആവശ്യപ്പെടുകയാണുണ്ടായത്.
ഖെയ്തരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ചിന്തല രാമകൃഷ്ണ റെഡ്ഡിയെ എതിര് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ദനം നാഗേന്ദറിനും വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥി വിജയ റെഡ്ഡിക്കും പരാജയപ്പെടുത്തുക അത്ര എളുപ്പമല്ലെന്നറിയാം. അതിനാല്‍ മണ്ഡലത്തിലെ ഓരോ സമ്മതിദായകരുടേയും അടുത്തെത്തി വോട്ടഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. ദനം നാഗേന്ദറും അദ്ദേഹത്തിന്റെ എതിരാളി വിജയറെഡ്ഡിയും മണ്ഡലം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് വോട്ടഭ്യര്‍ത്ഥന. കൂടാതെ ബിജെപി സെക്കന്തരാബാദ് സ്ഥാനാര്‍ത്ഥി ബന്ദാരു ദത്താത്രേയയും പൊതുജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനായി ടൂ വീലറിലാണ് യാത്ര. കൂടുതല്‍ ദൂരം സഞ്ചരിച്ച് വോട്ടഭ്യര്‍ത്ഥിക്കുന്നതിനായി മോട്ടര്‍ സൈക്കിളാണ് എളുപ്പമെന്നതിനാല്‍ ബൈക്കാണ് എംഐഎം സ്ഥാനാര്‍ത്ഥി ചന്ദ്രയാന്‍ഗുട്ട അക്ബറുദ്ദീന്‍ പ്രചാരണ വാഹനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: