ചെന്നൈ: ചെന്നൈ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമാണ് ചെന്നൈ സൗത്ത് ലോക്സഭ മണ്ഡലം. രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പ് ചൂടിലമര്ന്നിട്ടും അതൊന്നും ലവലേശം ഏശിയ മട്ടില്ല ചെന്നൈ സൗത്തില്‍. എന്നത്തെയുംപോലെ തന്നെ ഇന്നും എന്ന മട്ടാണ് വോട്ടര്‍മാര്‍ക്ക്. പോസ്റ്ററുകളോ ഫ്ലക്സുകളോ ഒരിടത്തുമില്ല. പ്രചാരണ വാഹനങ്ങള്‍ ഇല്ല. ബൂത്ത് ആഫീസുകളുമില്ല. തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ യാതൊരു പ്രതീതിയും ചെന്നൈ സൗത്തില്‍ കാണാനില്ല.
നഗരത്തില്‍ നിന്നു വിട്ടുമാറി ഗ്രാമപ്രദേശത്തെത്തിയാല് അറിയാം ചെന്നൈ സൗത്തിലെ തെരഞ്ഞെടുപ്പിന്റെ രസതന്ത്രം. ഇവിടെ തെരഞ്ഞെടുപ്പ് എന്നാല്‍ ജനാധിപത്യമല്ല പകരം പണാധിപത്യമാണ്. അതായത് നോട്ട് വോട്ടാകുന്ന ജനാധിപത്യം. തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ണിലെണ്ണയൊഴിച്ച് നിരീക്ഷിച്ചാലും ചെന്നൈ സൗത്തില്‍ ഇതാണ് പതിവ്.
എന്നാല്‍ നോട്ടിന് പകരം വോട്ട് എന്നത് ഇക്കുറി മാറ്റിക്കുറിക്കാന്‍ യുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ഥി എല്‍. ഗണേശ്. അഡയാര്‍, വ്യാപാര കേന്ദ്രമായ ടി. നഗര്‍, തേനാംപേട്ട, മെയിലാപ്പൂര്‍ തുടങ്ങി തീരപ്രദേശവും ചേരിപ്രദേശവും അടങ്ങിയ മണ്ഡലമാണ് ചെന്നൈ സൗത്ത്. പതിനെട്ട് ലക്ഷത്തോളം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 42 സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കുന്നു. എല്‍. ഗണേശിനെ കൂടാതെ എഐഎഡിഎംകെ യിലെ ജയവര്ദ്ധന്, ഡിഎംകെയിലെ ഇളങ്കോവന്, കോണ്‍ഗ്രസിലെ എസ്.വി. രമണി എന്നിവരാണ് പ്രധാനമായും മാറ്റുരയ്ക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് കെട്ടിവച്ച പണം തിരികെ ലഭിക്കുന്നതിനുള്ള മത്സരത്തിലാണ്. ആദ്യ ഘട്ടത്തില്‍ എഐഎഡിഎംകെയും ഡിഎംകെയും തമ്മിലായിരുന്നു മത്സരമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതുമാറി നിലവില്‍ ബിജെപിയും എഐഎഡിഎംകെയും തമ്മിലായി മത്സരം.
തമിഴ്നാട്ടിലെ എന്‍ഡിഎ മുന്നണിയായ സപ്തകക്ഷിയിലെ അംഗങ്ങളായ വിജയകാന്ത്, വൈകോ, ഡോ രാംദാസ് എന്നിവര്‍ നയിക്കുന്ന പാര്‍ട്ടികള്‍ക്ക് മണ്ഡലത്തില്‍ രണ്ടര ലക്ഷത്തില്‍ അധികം വോട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് ജയലളിത മണ്ഡലത്തില്‍ പ്രത്യേകശ്രദ്ധ നല്കി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ക്കും രണ്ടര ലക്ഷം വോട്ടുണ്ട്.
ബിജെപി ദേശീയനിര്‍വാഹകസമിതി അംഗമായ എല്‍. ഗണേശ് ആര്‍എസ്എസിന്റെ മുന്‍ സഹ പ്രാന്ത പ്രചാരകനായി ചുമതലവഹിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം ബിജെപിയുടെ കേരളത്തിന്റെ പ്രത്യേക ചുമതലയും വഹിച്ചിട്ടുണ്ട്. ബിജെപി ദേശീയ നേതാവ് ജന കൃഷ്ണമൂര്‍ത്തി മത്സരിച്ച് രണ്ടാം സ്ഥാനത്തു വന്നിട്ടുണ്ട് ചെന്നൈ സൗത്തില്‍. അതു കൊണ്ടു തന്നെ തീ പാറുന്ന പോരാട്ടമാണ് രണ്ടാം വട്ടവും മത്സരിത്തിനിറങ്ങിയ ഗണേശ് കാഴ്ച വയ്ക്കുന്നത്. സപ്ത മുന്നണിക്കുവേണ്ടി നടന് വിജയകാന്തും വൈകോയും ഡോ. രാംദാസും പ്രചാരണം നടത്തികഴിഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തോളം പേര് പങ്കെടുത്ത നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം കൂടി കഴിഞ്ഞതോടെ ഡിഎംകെയുടെ സ്ഥാപക നേതാവ് അണ്ണാദുരൈയുടെ മണ്ഡലമായ ചെന്നൈ സൗത്ത് ഡിഎംകെയുടെ കുത്തക കൈവിടുമെന്ന് ഉറപ്പായി.
രാവിടെ 7.30മുതല്‍ 9 വരെയും വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ റോഡ് ഷോയാണ് പ്രധാന പ്രചാരണ പരിപാടി. ഇടവേളകളില്‍ വോട്ടര്‍മാരെ കാണുന്നു. ഇതുവരെയും കടന്നുചെല്ലാന്‍ പറ്റാത്ത തീരപ്രദേശങ്ങള്‍ വരെ ബിജെപിക്ക് അനുകൂലമായിട്ടുണ്ട് ചെന്നൈ സൗത്ത് മണ്ഡലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: