വഡോദര: അമിത ആത്മവിശ്വാസം ലക്ഷ്യത്തിന് തടസ്സമാകുമോ എന്നു ചിലര്‍ക്കങ്കിലും സംശയം. ഇന്ത്യാ ഷൈനിംഗ് എന്നു പറഞ്ഞു നടന്ന് ഒടുവില്‍ സംഭവിച്ചതുപോലെ. കോണ്‍ഗ്രസുകാര്‍ അങ്ങനെയൊക്കെ ആശിക്കുന്നുവെങ്കിലും വഡോദരയിലെ ബിജെപിക്കാര്‍ക്ക് അത് ചിന്തിക്കാനേ കഴിയില്ല. വിജയം സുനിശ്ചിതമെങ്കിലും അതിനപ്പുറമുള്ള ലക്ഷ്യം സാധിക്കണമെങ്കില്‍ അല്പംകൂടി ആവേശം ഉണ്ടാകണം. അതിന് മോദി തന്നെ മതി.
പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ച് മോദി തന്റെ മണ്ഡലമായ വഡോദരയിലേക്ക് വരുന്നു.നാളെ. രാവിലെ വാരാണസിയില്‍ പത്രിക നല്‍കിയശേഷം വൈകിട്ട് വഡോദരയില്‍ തെരഞ്ഞെടുപ്പു റാലിയിലെത്തും മോദി. ഏപ്രില്‍ ഒമ്പതിന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയശേഷം ഇവിടെ വീണ്ടും വരാന്‍ പദ്ധതിയില്ലായിരുന്നു. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകരുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനും അയല്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ അനായാസ വിജയത്തിനും തന്റെ വരവ് ഗുണം ചെയ്യുമെന്നതിനാലാണ് മോദി എത്തുന്നത്.
വഡോദരയിലെ ബിജെപി ലക്ഷ്യം ചെറുതല്ല. വെറും വിജയമല്ല ആറു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് മോദിയെ ജയിപ്പിക്കുക എന്നതാണത്. അതില്‍ കുറവ് ഭൂരിപക്ഷമാണെങ്കില്‍ രണ്ടാമത്തെ മണ്ഡലമായ വാരണാസി നിലനിര്‍ത്തി, വഡോദരയില്‍ രാജി വെച്ചോട്ടേ എന്നാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ഭരത് ഡാങ്കര്‍ പറയുന്നത്. ആറുലക്ഷം ഭൂരിപക്ഷം എന്ന ലക്ഷ്യം വന്നതോടെ പതിവില്‍ ക്കവിഞ്ഞ ഗൗരവത്തോടെയും അച്ചടക്കത്തോടെയുമാണ് ബിജെപി പ്രവര്‍ത്തനങ്ങള്‍. ഓരോ നിയോജക മണ്ഡലത്തിലും അതത് എംഎല്‍എമാരുടെ കീഴില്‍ വിവിധ സമിതികള്ക്കുപുറമെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഒരു ‘പേജിന്റെ’ ചുമതലകൂടി കൊടുത്തിട്ടുണ്ട്.
പേജിന്റെ ചുമതലയെന്നു പറഞ്ഞാല്‍ ഇതൊരു പുതിയ തെരഞ്ഞെടുപ്പു പ്രവര്‍ത്തന പദ്ധതിയാണ്. വോട്ടര്‍ പട്ടികയിലെ ഒരു പേജിന് ഒരു ചുമതലക്കാരനെ നിയോഗിച്ചിരിക്കുന്നു. വോട്ടര്‍ പട്ടികയുടെ ഒരു പേജില്‍ വരുന്ന 48 വോട്ടര്‍മാരെ ഈ പേജ് പ്രമുഖ് നേരിട്ടു കണ്ടിരിക്കണം. തെരഞ്ഞെടുപ്പുദിവസം ഇവരെ ബൂത്തുകളില്‍ എത്തിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. 32,000 പേജ് പ്രമുഖന്മാരേയും നിശ്ചയിച്ച് പ്രവര്‍ത്തനം മുന്നോട്ടു പോകുകയാണ്
16 ലക്ഷത്തോളം വോട്ടര്‍മാരുള്ള വഡോദരയില്‍ ഈ തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിങ് ഉറപ്പുവരുത്താനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ 90 ശതമാനം താമര ചിഹ്നത്തിലേക്കും. ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് ബിജെപി വിലയിരുത്തല്‍. മണ്ഡല പരിധിയില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ബിജെപി എംഎല്‍എമാരാണ് അതും അരലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിന് ജയിച്ചവരാണ് പലരും.. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത് സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ 1.36 ലക്ഷം വോട്ടിന്. ഇത്തരമൊരു പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായ നരേന്ദ്രമോദി ജനവിധിതേടുമ്പോള്‍ വെറും വിജയം മതിയോ.
വഡോദരയിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും നഗര പ്രദേശമാണ്. സാവ്ലി, വഗോഡിയ മണ്ഡലങ്ങളാണ് ഗ്രാമീണമേഖലയിലുള്ളത്. നഗരമണ്ഡലങ്ങളായ സായിഗുഞ്ച്(53,000),മഞ്ചര്പൂര്(52,000). അക്കോട്ട(50.000)വഡോദര സിറ്റി(49,000) റാവുപുര(42,000)എന്നിവിടങ്ങളില്‍ കൂറ്റന്‍ ഭൂരിപക്ഷം കിട്ടിയപ്പോള്‍ വഗോഡിയയില്‍ 6000 വോട്ടിനാണ് ജയിച്ചത്. സാവ്ലിയില്‍ റിബലായി നിന്ന ബിജെപിക്കാരനായിരുന്നു ജയം.
20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന്. മൂന്നാമതെത്തിയ ബിജെപിക്ക് കിട്ടിയത് 25,000 വോട്ടുകള്‍. ജയിച്ചയാളും ഉടന്‍ ബിജെപിയില്‍ തിരിച്ചെത്തിയതിനാല്‍ കണക്കിന് പ്രകാരം ഇവിടെയും പാര്‍ട്ടിക്ക് 45,000 വോട്ടിന്റെ മുന്‍തൂക്കം അവകാശപ്പെടാം. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍തന്നെ മൂന്നു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്. അത് ഇരട്ടിയാക്കുക. അതാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന വഡോദര 1991 മുതല്‍ ബിജെപിയോടാണ് കൂറ് പ്രഖ്യാപിക്കുന്നത്. 1996ലെ തെരഞ്ഞെടുപ്പില്‍ ഗെയ്ക്വാദ് രാജകുടുംബാംഗമായ സത്യജിത് ഗെയ്ക്വാദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് 27 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോഴല്ലാതെ ബിജെപിയെ ഈ മണ്ഡലം പിന്നീടൊരിക്കലും കൈവിട്ടില്ല.
രാഹുല്‍ഗാന്ധിയുടെ പ്രൈമറികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റെ വഡോദര സിറ്റിജില്ലാ പ്രസിഡന്റ് കൂടിയായ നരേന്ദ്രറാവത്തിനെയാണ് അവര്‍ ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മോദിയെ നേരിടാന്‍ പേടിച്ച് റാവത്ത് പിന്മാറിയപ്പോള് രാഹുല്‍ഗാന്ധി തന്റെ വിശ്വസ്തനായ മധുസൂദന്‍ മിസ്ത്രിയെ രംഗത്തിറക്കുകയായിരുന്നു.
റാവത്തായിരുന്നെങ്കില് കെട്ടിവെച്ച കാശ് ഉറപ്പായും പോയേനെ. മിസ്ത്രിയായതിനാല് കാശ് തിരിച്ചു കിട്ടിയേക്കാം- പറയുന്നത് എതരാളികളല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ. മുമ്പ് സബര്കാന്തയില്നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് ജയിച്ചിട്ടുള്ള മിസ്ത്രിയുടെ പ്രധാന പ്രവര്‍ത്തനമേഖല ഉത്തര ഗുജറാത്താണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മിസ്ത്രി, രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് ആദിവാസികള്‍ക്കിടയില്‍ എന്‍ജിഒകളിലൂടെ സജീവമായിരുന്നു.
സബര്‍കാന്തയില്‍ മത്സരിക്കുമ്പോഴൊക്കെ ഇതായിരുന്നു മിസ്ത്രിക്ക് മേല്‍ക്കൈ നല്‍കിയിരുന്നത്. പക്ഷേ, ദക്ഷിണഗുജറാത്തില്പ്പെട്ട വഡോദരയില്‍ മിസ്ത്രിക്ക് അത്ര വേരുകളില്ലെന്നതാണ് വാസ്തവം. മാത്രമല്ല ആദിവാസികളെ നക്സലേറ്റുകളാക്കിയതിന് പിന്നില്‍ മിസ്ത്രിയാണെന്ന പ്രചാരണവും ശക്തമാണ്. കണക്കുകളോ സാഹചര്യങ്ങളോ മിസ്ത്രിയുടെ ആവേശം കെടുത്തുന്നില്ല.”കീഴടക്കാന്‍ കഴിയാത്ത മഹാപര്വതങ്ങളില്ല. നീന്തിക്കടക്കാന്‍ കഴിയാത്ത മഹാനദികളുമില്ല. അതിനാല്‍ മോദിയെ തോല്‍പ്പിക്കാന്‍ കഴിയാത്ത കാര്യവുമല്ല,”മിസ്ത്രി പറഞ്ഞു. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നതു മാത്രമാണ് ഇതിനു മറിപടി എന്നതാണ് വഡോദര നല്കുന്ന ചിത്രം.
ഏതായാലും മിസ്ത്രിക്കായി വോട്ടുപിടിക്കാന്‍ ദേശീയ നേതാക്കളാരും ഇതുവരെ എത്തിയിട്ടില്ല.
മലയാളി വോട്ടു പ്രതീക്ഷിച്ച് വി.എം. സുധിരന്‍ വരുന്നുണ്ട്, 26ന്. അതേദിവസം ഹേമമാലിനിയും ബിജെപിക്കായി പ്രചാരണത്തിനെത്തുന്നതിനാല് സുധീരന്റെ പരിപാടി പൊളിയുമോ എന്ന പേടി സംഘാടകര്‍ക്കുണ്ട്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: